Sunday, February 17, 2019

പുനർജ്ജനി

ശേഷം ചിന്ത്യം എന്നാണു അവസാന പേജിൽ എഴുതി പിടിപ്പിച്ചിരിക്കുന്നത് .തട്ടിപ്പോകും എന്നാണ് കവി ഉദ്ദേശിക്കുന്നത്,അതും, വിത്ത് ഇമ്മീഡിയറ്റ്  ഇഫക്ട് . ആയിരം പൂർണ്ണ ചന്ദ്രന്മാരെ കാണാൻ എനിക്ക് ഇനിയും പതിറ്റാണ്ടുകൾ ഉള്ളതുകൊണ്ട് ആ പേജ് കീറിക്കളഞ്ഞാലൊ എന്നാണ് ആദ്യം തോന്നിയത് . പക്ഷെ, ജ്യോതിഷം ശാസ്ത്രം ആണ് എന്നാണല്ലോ ക്ലിഷേ. ശാസ്ത്രത്തിന് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്തോ എന്ന് അറിയാനായി അമ്മ ജാതകവും തന്ന് അത് എഴുതിപിടിപ്പിച്ച ജ്യോത്സ്യനെ കാണാൻ  പറഞ്ഞുവിട്ടു. പെരിങ്ങോട്ടുകര താന്ന്യം സ്റ്റോപ്പിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞാൽ വലത് വശത്തെ നാലാമത്തെയോ അഞ്ചാമത്തെയോ വീട് എന്നാണ് അമ്മയുടെ ഓർമ്മ. എന്നെ പത്തുമാസം ചുമന്ന് പ്രസവിച്ച കാര്യം ഇപ്പോഴും അമ്മ പറയാറുള്ളതുകൊണ്ട് , ആ ഓർമ്മ മങ്ങിത്തുടങ്ങിയിട്ടില്ല എന്ന് എനിക്ക് വളരേ ബോധ്യമുണ്ടായിരുന്നു.

പെരിങ്ങോട്ടുകര പാലസിൽ കേറി ഒര് കിംഗ് ഫിഷെറിനെ കഴുത്തൊടിച്ചു കൊന്ന് ചോര കുടിചേച്ചും പൊയ്‌ക്കോടാ ഉവ്വേ എന്ന് മനസ്സിൽ ഇരുന്ന് ആരോ മന്ത്രിക്കുകയും തന്ത്രിക്കുകയും ചെയ്തു. മന്ത്രം ഏറ്റില്ലെങ്കിലും തന്ത്രം ഏറ്റു. ഒരു രാജാവിനെയും ഒരു രാജകുമാരനേയും അകത്താക്കിയാണ് പലകപ്പുറത്തെ കള്ളികളിൽ നവഗ്രഹങ്ങളെ വരച്ച വരയിൽ നിർത്തുന്ന ജ്യോത്സ്യനെ ഫേസ് ടു ഫേസ് ഇടിച്ചത്. മൂപ്പരും സ്വൽപ്പം ഫിറ്റ് ആയിരുന്നോ എന്ന് തിരുമ്പി പോകും പോത് സന്ദേഹപ്പെട്ടിരുന്നു എന്നും  അമ്മാതിരി ക്‌ളാസ് ഡയലോഗ്സ് ആണ് മൂപ്പര് വച്ച് കാച്ചിയത് എന്നും പിറ്റേന്നത്തെ മാതൃഭൂമി എഡിറ്റോറിയലിൽ വായിച്ചു. സ്വന്തം ലേഖകൻ ഇപ്രകാരം പേപ്പറിൽ കാക്കതൂറി സംഭവം വിവരിച്ചു.

ഇയാൾ : ജ്യോത്സ്യൻ എന്നാണോ ജ്യോത്സ്യർ എന്നാണോ ആവോ വിളിക്കേണ്ടത് ?

അയാൾ : എന്താ ഹേ ഡിഫറൻസ് ?

ഇയാൾ : "ർ" ന് കിട്ടുന്ന ബഹുമാനം ഒന്ന് വേറെ തന്നെയല്ലേ ? കനകം മൂലം "ർ" മൂലം കലഹം ബഹുവിധമുലകിൽ സുലഭം എന്നല്ലേ; പിരിച്ചുവായിക്കരുത് , അർത്ഥവിന്യാസം മാറിപ്പോകും.

അയാൾ: "ൻ" മതി, "ർ" മടുത്തു. സംശയം, "കളിൽ സുലഭം" എന്നല്ലേ ?

ഇയാൾ: അങ്ങാണ് ഗുരു. ദക്ഷിണ വച്ച് സാഷ്ടാംഗം ഒന്ന് മൂരിനിവർന്നോട്ടെ ?

അയാൾ: അടങ്ങെടാ, വഴിയുണ്ടാക്കാം. വന്ന കാര്യം പറ. ശ, ഷ, സ, ഹ അക്ഷരങ്ങൾ ഒഴിവാക്കി പറ. നിന്നെ അസാരം ചോര മണക്കുന്നു.

ഇയാൾ: ഈ പുസ്തകത്തിന്റെ എഡിറ്റർ അങ്ങാണല്ലോ. അവസാന പേജിന് ഒരു ശീഘ്ര ലക്ഷണം. പെട്ടെന്നായി എന്ന് പച്ച മലയാളം. വല്ല കുറുക്കുവഴിയും ഉണ്ടോ ? വല്ല സ്പ്രേയോ മറ്റോ.

അയാൾ: ജ്യോതിഷം ശാസ്ത്രമാണെന്ന് കേട്ടിട്ടുണ്ടല്ലോ അല്ലെ ?

ഇയാൾ: അസാരം. ബുൾ ഷിറ്റ്

അയാൾ: ലഗ്നവശാൽ...

ഇയാൾ: ഗുരോ, സ്റ്റോപ്പ് ബീറ്റിങ് അറൗണ്ട് ദി ബുഷ്. ബുഷ് തലമുറകളായി കൊടുത്തിട്ടേ ഉള്ളൂ, കൊണ്ടിട്ടില്ല. പാവം ബുഷ് .  വാട്ട് ഈസ് ദി ക്യാച് ?

അയാൾ: തട്ടിപ്പോകും, നൂറ്റിക്കു നൂറും. ബാറ്റ ചെരുപ്പിന്റെ വില പോലെ .99 ഒന്നും അല്ല. തികച്ചും നൂറ്.

ഇയാൾ: മറുപണി ഒന്നും ഇല്ലേ ? മന്ത്രം, തന്ത്രം, ചാത്തൻ സേവ, സാത്താൻ സേവ ഇത്യാദി ...

അയാൾ: ആദ്യത്തെ രണ്ടും എനിക്കറിയില്ല. ബാക്കി രണ്ടും ഞാൻ ചെയ്യുകയുമില്ല.

ഇയാൾ: അപ്പോൾ ?

അയാൾ: ചിന്ത്യം.

ഇയാൾ: ഇനി ഞാൻ തട്ടിപോയില്ലെങ്കിലോ ?

അയാൾ: ശാസ്ത്രം തോറ്റു , താൻ ജയിച്ചു. പുനർജ്ജനി ആണെന്ന് കൂട്ടിക്കോ.

ഇയാൾ: എന്നാലങ്ങനെ. ദക്ഷിണ ?

അയാൾ: വേണ്ട. കൊട്ടാരത്തിൽ ടിപ്സ് കൊടുത്തേക്ക്.

ഇയാൾ: പതിനാറടിയന്തിരത്തിനും അത്താഴൂട്ടിനും വിളിക്കാൻ പറഞ്ഞു വക്കാം.

അയാൾ: വി.കെ. എന്റെ നാണ്വാര് നെഹ്രുനോട് പറഞ്ഞ അതേ ഡയലോഗ് കാച്ചിയതായി സങ്കൽപ്പിച്ചോ.

ഇയാൾ: "അത്തരം രണ്ടാം തരം പണിക്ക് വേറെ ആളെ നോക്ക്", അല്ലേ ?

അയാൾ: സംശല്ല്യ. സ്ഥലം കാലിയാക്ക്‌.

ഇയാൾ:  റാൻ.

മൂന്നാല് കൊല്ലം കഴിഞ്ഞു. ജ്യോത്സ്യൻ മണ്ണായി വാര്യരായി; അത്താഴൂട്ടും അടിയന്തിരവും ഞാൻ നിറച്ചുണ്ടു. മൂന്നാം തരാം പണിയും നമുക്ക് പറ്റും. ജാതകൻ ചത്തില്ലെന്നോ പുനർജ്ജനിച്ചെന്നോ പറയാം. അല്ലെങ്കിൽ, സമയമായിട്ടില്ല പോലും...

No comments: