"എത്ര തവണ ഞാന്‍ പറഞ്ഞിട്ടുണ്ട്, ബിയര്‍ കുടിച്ച് കുപ്പികള്‍ ഇങ്ങനെ കൂട്ടി ഇടരുതെന്ന് ? കുടിക്കുന്നവര്‍ക്ക് ഇത് കൊണ്ട് പോയി കളഞ്ഞൂടെ ? ഒരാഴ്ച മാറി നിന്നപ്പോ വീട്ടില്‍ മുഴുവനും കുപ്പികള്‍ ആയല്ലോ ദൈവമേ..."
ഭാര്യയുടെ "ജല്‍പ്പനങ്ങള്‍" കേള്‍ക്കാത്ത പോലെ ഞാന്‍ ഒരു മലയാളം സീരിയലില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. "പല തവണ പറഞ്ഞാല്‍ ആളുകള്‍ നന്നാകുമെങ്കില്‍ ഇന്ന് ഈ ലോകം എത്ര സുന്ദരമായേനെ പ്രിയേ" എന്ന ഡയലോഗിനെ പരിണിത പ്രജ്ഞനായ ഞാന്‍ മനപ്പൂര്‍വ്വം വിഴുങ്ങി.
"ഇതെന്താ ഈ പാത്രങ്ങളൊക്കെ കഴുകാതെ വച്ചേ ? ഇതൊക്കെ ആകെ ഉണങ്ങിപ്പിടിച്ചു. ഇനി ഞാന്‍ പാടുപെടണം, ഇതൊന്നു വൃത്തിയാക്കാന്‍. കഷ്ടമുണ്ട് കേട്ടോ, ചായ വച്ച പാത്രമെങ്കിലും ഒന്ന് വെള്ളമൊഴിച്ച് ഇടായിരുന്നില്ലേ ?"
ഞാന്‍ ചാനല്‍ മാറ്റി. തിരക്ക് പിടിച്ച ജീവിതത്തില്‍ ഇത്തരം നിസ്സാര കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ സമയം കിട്ടുന്നില്ല എന്ന് പറഞ്ഞാല്‍ അത് മനസ്സിലാക്കാനുള്ള വിവരം എല്ലാവര്ക്കും ഉണ്ടാവണം എന്നില്ലല്ലോ. അടുക്കളയില്‍ തകൃതിയായി പാത്രം കഴുകുന്ന ശബ്ദം. വിശന്നു തുടങ്ങി. കഴിക്കാന്‍ എന്തെങ്കിലും കിട്ടിയാല്‍ കൊള്ളാം എന്നുണ്ട്. പക്ഷെ, അടുക്കളയില്‍ പോകാന്‍ ധൈര്യം പോര. ചിലപ്പോ പാത്രം കഴുകിക്കും. അടുത്തിരുന്ന കുപ്പിയില്‍ നിന്നും രണ്ടു കവിള്‍ വെള്ളം കുടിച്ചു.
അപ്പോഴാണ് ഓര്‍ത്തത്... കഴിഞ്ഞ ആഴ്ച വാങ്ങിയ മിനറല്‍ വാട്ടര്‍ കുപ്പികള്‍ എല്ലാം കട്ടിലിന്റെ അടിയിലേക്ക് തള്ളി വച്ചിട്ടുണ്ട്. അത് കണ്ടിട്ട് ഇനി എന്ത് പുകിലാവുമോ എന്തോ. പതുക്കെ ചെന്ന് കുപ്പികള്‍ ഒക്കെ പെറുക്കി കവറിലാക്കി വച്ചു. അപ്പോഴാണ് ശ്രദ്ധിച്ചത്... കട്ടിലിന്റെ അടിയില്‍ എന്റെ ഒരു ഷര്‍ട്ടും ബനിയനും കിടപ്പുണ്ട്. കഴിഞ്ഞ വെള്ളമടി പാര്‍ട്ടിയുടെ "ക്ഷ ത്ര ജ്ഞ" ഷര്‍ട്ടിലും ബനിയനിലും കാണാം. എടുത്തുകൊണ്ടു പോയി ബക്കറ്റില്‍ ഇട്ട് വെള്ളമൊഴിച്ചു. സോപ്പ് പൊടി ഒക്കെ ഇട്ട് പതപ്പിച്ച് വാഷിംഗ് പൌഡര്‍ നിര്മ്മ പാട്ടും പാടി വീണ്ടും ടി.വി യുടെ മുന്നില്‍ എത്തി. അടുക്കളയില്‍ പാത്രം കഴുകുന്ന ശബ്ദം ഇപ്പോഴും കേള്‍ക്കാം.
"ഒന്ന് ഇങ്ങട് വര്വോ, ഒരു കാര്യം ചോദിക്കട്ടെ" (അടുക്കളയില്‍ നിന്നും സ്വല്‍പ്പം ഗൌരവത്തില്‍ വാമഭാഗം കല്‍പ്പിച്ചു )
ഈശ്വരാ... ഇനി എന്താണോ ആവോ അവടെ. ഞാന്‍ ഒന്ന് ആലോചിച്ച് നോക്കി. ഒന്നും ഓര്‍മ്മ വരുന്നില്ല. വരാനുള്ളത് വഴിയില്‍ തങ്ങില്ല എന്ന് മനസ്സില്‍ ഓര്‍ത്തു നേരെ അടുക്കളയിലേക്കു ചെന്ന്.
"അതേ... ഇതെന്തിനാ ഇങ്ങനെ സൂക്ഷിച്ച് വച്ചിരിക്കുന്നത് ?"
"ഏത്?"
"ഇത് തന്നെ" ( കമിഴ്ത്തി വച്ചിരുന്ന ഒരു പാത്രം പൊക്കി കാണിച്ചു, ഭാര്യ. മൂന്നു ദിവസം മുന്‍പ് ചപ്പാത്തിയുടെ കൂടെ വാങ്ങിയ വെജിറ്റബിള്‍ കുറുമയുടെ ബാക്കി ഒരു കടലാസ്സില്‍ ഭദ്രമായി പൊതിഞ്ഞ് അടച്ച് വച്ചിട്ടുണ്ട്. എന്തിനാണ് അങ്ങനെ ചെയ്തത് എന്ന് എനിക്കും മനസ്സിലായില്ല. സംഭവം വെജിറ്റബിള്‍ ആണെങ്കിലും ചീഞ്ഞാല്‍ എല്ലാത്തിനും പൊട്ട മണം ആകും എന്നത് പ്രകൃതിയുടെ നിയമം ആണല്ലോ. വെജിറ്റബിള്‍ കുറുമയും ആ നിയമം ലംഘിച്ചിട്ടില്ല എന്ന് പാത്രം തുറന്നപാടേ എനിക്ക് മനസ്സിലായി. ഈ ദുര്‍ഘടാവസ്ഥയില്‍ വേറെ പ്രത്യേകിച്ചൊന്നും ചെയ്യാന്‍ ഇല്ലാത്ത കാരണം ഞാന്‍ നല്ല ഉഗ്രന്‍ ഒരു ചിരി അങ്ങ് പാസാക്കി.)
"ചിരിച്ചോളോ, ചിരിച്ചോളോ... ഇതൊക്കെ സഹിക്കാന്‍ ഞാന്‍ ഒരുത്തി ഉണ്ടല്ലോ. അപ്പൊ തോന്ന്യാസം കാണിക്കാം"
ഞാന്‍ ഒന്നും മിണ്ടാതെ പതുക്കെ തിരിഞ്ഞ് നടന്നു. ചെന്നപാടെ പോയി ടി.വി ഓഫ് ചെയ്തു. വിദൂരതയിലേക്ക് കണ്ണും നട്ട് സോഫയില്‍ അങ്ങനെ ഇരുന്നു. കുറച്ച് കഴിഞ്ഞപ്പോ, അടുക്കളയില്‍ നിന്നും ശബ്ദ കോലാഹലങ്ങള്‍ നിന്നു. കയ്യും മുഖവും ഒക്കെ കഴുകി സഹധര്‍മ്മിണി ഹാജര്‍ ആയി എന്റെ മുന്നിലെ സീറ്റില്‍ വന്നിരുന്നു. ടി. വി ഓണ്‍ ചെയ്യുകയും ഏതോ ഒരു മ്യുസിക് ചാനല്‍ വക്കുകയും ചെയ്തു. ഇടയ്ക്കു എന്നെ പാളി നോക്കുന്നത് നമ്മുടെ ദിവ്യ ദൃഷ്ടിയാല്‍ നാം കണ്ടു; കണ്ട ഭാവം നടിച്ചില്ല.
"ഊം... ?"
ഞാന്‍ ഒരു നിര്‍വ്വികാരപരബ്രഹ്മനോട്ടം പാസ്സാക്കി.
"എന്താ മുഖത്ത് ഭാവങ്ങള്‍ മിന്നി മറിയുന്നത്, നാടകം ഒന്നും വേണ്ട. ഞാന്‍ ഒന്നും പറയുന്നില്ല"
"ഊം" (ഞാനും വിട്ടില്ല)
"പിന്നെ എന്താ ഒന്നും മിണ്ടാത്തെ?"
"ഇവടെ വന്നപ്പോ കുപ്പികള്‍ ഇരിക്കുന്നതും പാത്രം കഴുകാത്തതും വെയ്സ്റ്റ് കളയാത്തതും ഒക്കെ കണ്ടുപിടിച്ചു. പക്ഷെ .."
"എന്ത് പക്ഷെ ?"
"ഒന്നുമില്ല"
"പറയൂ "
"ഞാന്‍ എന്തുകൊണ്ട് ചെയ്തില്ല എന്ന് മാത്രം ചോദിച്ചില്ല. രാവിലെ ഏഴു മണിക്ക് ഇവടെന്ന് പോയി രാത്രി പത്തിനും പതിനൊന്നിനും ഒക്കെയാണ് ഞാന്‍ തിരിച്ചെത്തുന്നത്. വല്ലതും കഴിച്ചു കിടന്നുറങ്ങാന്‍ നോക്കുമ്പോ ഈ കാര്യങ്ങളൊക്കെ ചെയ്യാന്‍ വിട്ടു പോയി. വൃത്തികെട്ട ഫുഡ് കഴിക്കാന്‍ പറ്റാഞ്ഞിട്ടാ ഞാന്‍ ആ വെജിറ്റബിള്‍ കുറുമ ബാക്കി വച്ചത്. ഇതൊന്നും ആലോചിക്കാതെ ചീത്ത പറയാന്‍ മാത്രം ഇവടെ ഇഷ്ടം പോലെ ആള്‍ക്കാരാ. ഹാ... യോഗം തന്നെ." ഇതും പറഞ്ഞു ഞാന്‍ വീണ്ടും നോക്കെത്താ ദൂരത്തു കണ്ണും നട്ട് ഇരുന്നു. കുറച്ച് നേരത്തേക്ക് സഹധര്‍മ്മിണിയുടെ അനക്കം ഒന്നും കേട്ടില്ല. കുറച്ച് കഴിഞ്ഞപ്പോ ഞാന്‍ ഇരുന്ന സോഫ ഞരങ്ങി. സഹധര്‍മ്മിണി അടുത്ത് വന്നിരുന്നു.
"സാരല്ല്യട്ടാ. ഞാന്‍ പറഞ്ഞതൊക്കെ തിരിച്ചെടുത്തു, ഇനി അതിന്റെ പേരില്‍ വിഷമിക്കണ്ട. ഓ ക്കെ ?"
"ഊം"
"അതെന്തു പറച്ചിലാ ഡിയറെ... ഒരു ഓ ക്കെ പറയെന്നെ"
"ഓ ക്കെ" (സംഭവം ഒതുങ്ങി എന്ന് എനിക്ക് തോന്നി. വിശക്കുന്ന കാര്യം ഇപ്പൊ പറയണോ അതോ കുറച്ചുകൂടെ കഴിഞ്ഞു മതിയോ എന്ന് ആലോചിച്ചു. കുറച്ചുകൂടെ കഴിയട്ടെ എന്ന് വിചാരിച്ച് പതുക്കെ റിമോട്ട് എടുത്ത് ചാനല്‍ മാറ്റി സ്റ്റാര്‍ മൂവീസ് വച്ചു )
"അതേ, ഒരു കാര്യം"
"യെസ് മൈ ഡിയര്‍"
"അപ്പോഴേ ഈ നേരം വൈകി വരുന്ന സമയത്ത് ബിയര്‍ കുടിക്കാനൊക്കെ സമയം ഉണ്ടായിരുന്നല്ലേ? പാത്രം കഴുകാന്‍ മാത്രം ഉണ്ടായില്ലല്ലേ?"
ഞാന്‍ ടി.വി ഓഫ് ചെയ്തു കുറച്ച് കൂടെ വെള്ളം എടുത്ത് കുടിച്ച് പതുക്കെ കട്ടിലില്‍ പോയി കിടന്നു. കിടന്ന കിടപ്പില്‍ ഒരു അറ്റകൈ പ്രയോഗം നടത്തി.
"ആ വിക്സ് അവടെ എവടെയെങ്കിലും ഉണ്ടോ ? ഭയങ്കര തലവേദന"
"വിക്സ് ആ സോഫയുടെ അടിയിലേക്ക് നടന്ന് പോയി ഒളിച്ചിരിക്കുകയാണെന്ന് തോന്നുന്നു. ഞാന്‍ പോകുമ്പോ അത് അലമാരയില്‍ വച്ചിരുന്നതാ"
മുറിയില്‍ അത്യാവശ്യം ചൂടായിരുന്നെങ്കിലും ഞാന്‍ പുതപ്പെടുത്ത് തലവഴി മൂടി കണ്ണടച്ച് കിടന്നു.
Subscribe to:
Post Comments (Atom)
5 comments:
ആഫ്ടര്‍ എ ലോങ്ങ് ലോങ്ങ് ടൈം...
നന്നായിട്ടുണ്ട്. അങ്ങനെ ഒര്മിപിച്ചതിനു കാര്യമുണ്ടായി :)
വെല്‍ക്കം ബാക്ക്.
അല്ലേലും കള്ളു കുടിയന്മാര്‍ക്ക് ചോദിക്കാനും പറയാനും ഇവിടെ ആരും ഇല്ലല്ലോ?
വെല്‍ക്കന്‍ ബാക്ക്. ഇപ്പ്ളേ കണ്ടുള്ളൂ - പാത്രം കഴുകാനല്ലേ സമയമില്ലാണ്ടുള്ളൂ, എടക്ക് പോസ്റ്റ് കാച്ചൂ! ;-)
ഇവിടൊക്കെത്തന്നെ ഉണ്ടാര്‍ന്നാ?ആ വിക്സ് ഡപ്പി എന്തായാലും പറയാതെ പോയതു മോശമായിപ്പോയി. കൊടുക്കണ കാശിനു നന്ദി ഇല്ലാത്ത വിസ്ക്....
Post a Comment