Monday, December 14, 2009

പാഠം ഒന്ന്, രണ്ട്‌, മൂന്ന്... ഒരു വിലാപം

ഡിയര്‍...
....
ഡിയറേ...
ഊം.. ?
നാളെ എന്താ കറി വക്ക്യാ ?
ഏ ?
അല്ലാ... ഇന്നലെ സാമ്പാര്‍. ഇന്ന് ഇന്നലത്തെ സാമ്പാര്‍. അപ്പൊ നാളെയോ ?
എന്തെങ്കിലും വയ്ക്കൂ.
എന്നാലും, ഏതെങ്കിലും കറി പറയെന്നേ...
...
ഡിയറേ...
എന്താ ?
എന്ത്‌ കറി വയ്ക്കും ?
അവിയല്‍ വയ്ക്കൂ.
അയ്യോ... അതെനിക്കറിയില്ല.
എന്നാല്‍ മോരൊഴിച്ച കൂട്ടാന്‍ വയ്ക്കൂ.
അതും എനിക്കറിയില്ല.
പിന്നെ എന്തറിയാം ?
സാമ്പാര്‍ വക്കാം.
പിന്നെ എന്തിനാ ഇങ്ങനെ ചൊദിക്കണെ. അതങ്ങട്‌ വച്ചാപ്പോരെ ?
(ചേതന്‍ ഭഗത്തിന്റെ ടൂ സ്റ്റേറ്റ്‌സ്‌ എന്ന പുതിയ ബുക്ക്‌ വാങ്ങി ഇരുന്ന് ഒരേ ഇരുപ്പില്‍ പകുതി മുക്കാലും തീര്‍ന്നു. അതിനിടയിലാണ്‌ ഫാര്‍ ഫാര്‍ ബെറ്റര്‍ ഹാഫിന്റെ ചോദ്യ ബാങ്കിലെ ഐറ്റംസ്‌ രസം കൊല്ലിയായി പറന്ന് വീഴുന്നത്‌. ദേഷ്യം വന്നു എന്ന് പ്രത്യേകിച്ച്‌ പറയണ്ടല്ലോ. എസ്‌.എസ്‌ മ്യൂസിക്ക്‌ ചാനലിലെ ഒരു പാട്ടില്‍ ശ്രദ്ധിച്ചിരിക്കുന്ന പകുതിയെ ക്രൂരമായി ഒന്ന് നോക്കി വീണ്ടും പുസ്തകത്തിലേയ്ക്ക്‌ ഇറങ്ങി)
ഡിയര്‍ എത്‌ ബുക്കാ വായിക്കുന്നത്‌ ?
(വീണ്ടും തുടങ്ങി... ബുക്കിന്റെ കവര്‍ വാമഭാഗത്തിന്‌ കാട്ടിക്കൊടുത്തു)
ഇയാളുടെ ഒരു ബുക്കല്ലേ ഇപ്പൊ അമീര്‍ ഖാനും മാധവനും ഒക്കെ ഉള്ള ഒരു ഹിന്ദി ഫിലിം ആക്കുന്നത്‌ ?
(ഏ ... അപ്പൊ ഇവള്‍ക്ക്‌ സ്വല്‍പ്പം ജി.കെ ഒക്കെ ഉണ്ട്‌. എന്നാല്‍ പിന്നെ സ്വല്‍പ്പം വാചാലമാക്കിക്കളയാം)
അതുതന്നെ... ഫൈവ്‌ പോയിന്റ്‌ സംവണ്‍ എന്ന ഇയാളുടെ ആദ്യത്തെ ബുക്കാണ്‌ "ത്രീ ഇഡിയറ്റ്സ്‌" എന്ന ഹിന്ദി ഫിലിമിന്റെ കഥാതന്തു. ഐ.ഐ.ടി യിലെ അണ്ടര്‍ പെര്‍ഫോമേര്‍സ്‌ ആയ മൂന്ന് സ്റ്റുഡന്റ്‌സിന്റെ കഥയാണ്‌ അത്‌. സൂപ്പര്‍ കഥ.
അപ്പൊ ഈ ബുക്കോ ?
ഇത്‌ രണ്ട്‌ സംസ്ഥാനങ്ങളില്‍ നിന്നുള്ള നായകന്റെയും നായികയുടേയും അഫയറിന്റെ കഥയാണ്‌.
രണ്ട്‌ സംസ്ഥാനം ആയാല്‍ എന്താ ?
നായകന്‍ പഞ്ചാബിയും നായിക തമിഴ്നാട്ടുകാരിയും. അവരുടെ കള്‍ചറല്‍ ബാക്‌ക്‍ഗ്രൌണ്ട്‌ കാരണം വീട്ടുകാര്‍ക്ക്‌ ഉണ്ടാകുന്ന പ്രശ്‌നങ്ങളും അതിനെ സോള്‍വ്‌ ചെയ്യാന്‍ അവര്‍ ഒരുമിച്ച്‌ ചെയ്യുന്ന കുറേ കാര്യങ്ങളും ആണ്‌ തീം.
ഊം...
(വീണ്ടും വാമഭാഗം ചാനല്‍ മാറ്റി. ഞാന്‍ വീണ്ടും ബുക്കിലേയ്ക്ക്‌. ഒരു പത്ത്‌ മിനിറ്റ്‌ ശാന്തസുന്ദരമായി കടന്ന് പോയി)
ഡിയര്‍...
....
ഡിയറേ...
എന്താന്ന് പറയെന്റെ ജയാ...
ഡിയറിന്‌ എന്നെ എത്ര ഇഷ്ടമുണ്ട്‌ ?
എന്തൂട്ട്‌ ?
എന്നേ... എത്ര... ഇഷ്ടമുണ്ട്‌ എന്ന്.
( ദൈവമേ, എന്തോ ഒരു കുഴപ്പം വരാന്‍ ഉണ്ടല്ലോ. അതിന്റെ മുന്നോടിയാണ്‌ ഈ ചോദ്യം)
ഇപ്പൊ എന്തുപറ്റി ഇങ്ങനെ ചോദിക്കാന്‍ ?
പറാ... എത്ര ഇഷ്ടമുണ്ട്‌ ?
കുറേ...
കുറേ എന്നു പറഞ്ഞാല്‍ എത്രയാ ? (ഒരു കൈ തീര്‍ഥം വാങ്ങുന്ന പോലെ പിടിച്ച്‌) ഇത്ര ?
( ഇത്‌ അങ്ങനെയൊന്നും തീരുന്ന ലക്ഷണം ഇല്ല. )
രണ്ട്‌ കൈയ്യും വിടര്‍ത്തിപ്പിടിച്ച്‌ പറഞ്ഞു ... ഇത്രേം ഇഷ്ടം.
ഊം...
(തല്‍ക്കാലം രക്ഷപ്പെട്ടു... വീണ്ടും എസ്‌.എസ്‌ മ്യൂസിക്ക്‌)
ഏറ്റവും ഇഷ്ടം ആരോടാ ? ( അഞ്ച്‌ മിനിറ്റോളം കഴിഞ്ഞ്‌ അടുത്ത അമ്പ്‌ )
നിന്റെ അച്ഛനോട്‌. മിണ്ടാതിരിക്കുന്നുണ്ടോ, ഒരുമാതിരി ചോദ്യങ്ങളും കൊണ്ട്‌ വരുന്നു. എവടെന്ന് കിട്ടുന്നു ഈ വക ഡയലോഗുകള്‍ ?
ഓഹോ, അപ്പൊ എന്നോടല്ല. അതല്ലേ ചുമ്മാ ചൂടായി സ്ലിപ്പാവുന്നത്‌ ?
അതേ, അങ്ങനെതന്നെ. എന്തു വേണം ഇപ്പൊ ?
അല്ലാ... ഞാനെങ്ങാനും മരിച്ചു പോയി എന്ന് വിചാരിക്ക്യ. അപ്പൊ ഡിയര്‍ വേറെ കല്യാണം കഴിക്കോ ?
ഒരൊറ്റ അടിയങ്ങു വച്ചുതന്നാലുണ്ടല്ലോ... മിണ്ടാണ്ടിരുന്നോളണം. ഒരു കാര്യം ചെയ്യാന്‍ സമ്മതിക്കരുത്‌.
പറാ... ഞാന്‍ മരിച്ചു പോയാല്‍ തലമുടി വെട്ടാതെ പല്ലു തേക്കാതെ വെള്ളമടിച്ച്‌ തെണ്ടിത്തിരിഞ്ഞ്‌ നടക്കാതെ വേറെ കല്യാണം കഴിച്ചേക്കണം. ഓക്കേ ?
പോടീ... വേണ്ടാത്ത വര്‍ത്താനം പറയാതെ.
ഞാന്‍ പല വട്ടം പറഞ്ഞിട്ടുണ്ട്‌ എന്നെ പോടീന്ന് വിളിക്കരുതെന്ന്.
പിന്നേ... എലിസബത്ത്‌ രാജ്ഞിയല്ലേ. എന്റമ്മോ, ഇനി വിളിക്കുന്നുല്ലേ. മാപ്പ്‌.
അങ്ങനെ വഴിക്കുവാ. ഇനി പറ, വേറെ കല്യാണം കഴിക്കുമോ ?
കഴിച്ചോളാമേ...
അയ്യടാ, മനസ്സിലിരിപ്പ്‌ കണ്ടില്ലേ. ദുഷ്ടാ, അപ്പൊ ഞാന്‍ തട്ടിപ്പോകാന്‍ നോക്കി ഇരിക്ക്യാലെ ? നോക്കിക്കോ, ഞാന്‍ എങ്ങാനും തട്ടിപ്പോയി നീ വേറെ കല്യാണം കഴിച്ചാല്‍ ഞാന്‍ പ്രേതമായി വന്ന് അവളെ കൊല്ലും. നാളെ സാമ്പാറുമില്ല അവിയലുമില്ല. പട്ടിണി കിടന്നോ...
( എല്ലാ ഭര്‍ത്താക്കന്മാര്‍കും ഇത്‌ ഒരു പാഠമായിരിക്കട്ടെ. ഒന്ന് : ഭാര്യ ചോദിക്കുന്ന മിക്കവാറും ചോദ്യങ്ങള്‍ ഉത്തരം കിട്ടാന്‍ വേണ്ടി ഉള്ളതല്ല. രണ്ട്‌ : "എനിക്ക്‌ ശേഷം" എന്ന മട്ടില്‍ വരുന്ന ചോദ്യങ്ങള്‍ക്ക്‌ കൊടുക്കേണ്ട ഉത്തരം "പ്രളയം" എന്നാകുന്നു. മൂന്ന് : ഇഷ്ടം, സ്നേഹം തുടങ്ങിയ കണ്‍സപ്റ്റുകളില്‍ ഊന്നിയുള്ള ഡയലോഗ്സ്‌ മാക്സിമം അവഗണിക്കുക, അല്ലെങ്കില്‍ ഡിന്നറിന്‌ വായുഭഗവാന്‍ ശരണം )

7 comments:

വികടന്‍ said...

ലക്ഷം ലക്ഷം പിന്നാലെ...

S a r a t h said...

Super macha.... ithellam verum sathyam mathram!!!! :D

Anonymous said...

kollamallo mashe,
daily sambaraaaa alle haha haha
seema

Sajeesh said...
This comment has been removed by the author.
അനിയന്‍കുട്ടി | aniyankutti said...

വികട്... ചാഴൂര്‍!... വണ്ടര്‍ഫൂള്‍! :)

ശ്രീരാമയോ?..എപ്പ്ള്???

ബുദ്ധിജീവി said...

കൊള്ളാം... കലക്കി സുഹൃത്തേ...

sathees makkoth | സതീശ് മാക്കോത്ത് said...

വളരെ വളരെ പ്രായോഗികമാക്കാവുന്ന കാര്യങ്ങൾ.നന്ദി.പോസ്റ്റ് കലക്കി