"ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറുടെ ഭാര്യ ചീറിപ്പാഞ്ഞുവരുന്ന വെടിയുണ്ടകള്‍ക്ക് മുന്നില്‍ വിരിമാറുകാട്ടേണ്ട ആവശ്യമൊന്നുമില്ലെങ്കിലും കിടന്നുറങ്ങി സമയം കളയുന്നവളും, സീരിയല്‍ കണ്ട് പൊട്ടിക്കരയുന്നവളും രാത്രി ഒന്‍പത് മണിയാകുമ്പോള്‍ ഭര്‍ത്താവിനെ കാത്തിരിക്കാതെ ഫുഡ് അടിച്ച് കിടന്നുറങ്ങാന്‍ മനസ്സാക്ഷിക്കുത്തില്ലാത്തവളും ആയിരിക്കണം"
സമയം രാത്രി പത്തര കഴിഞ്ഞു. കഴുത്തില്‍ കിടക്കുന്ന ഐഡി കാര്‍ഡ് വള്ളി ഊരിമാറ്റി കണ്ണുമിഴിച്ചിരിക്കുന്ന ഭാര്യയെ നോക്കി ഡയലോഗ് അടിച്ച് ഞാന്‍ നേരേ അടുക്കളയിലേക്ക് ചെന്നു. സര്‍വ്വത്ര ശാന്തം. എല്ലാ പാത്രങ്ങളും കഴുകി വെടുപ്പാക്കി വച്ചിരിക്കുന്നു. കഞ്ഞിവെള്ളം പോലും ഇല്ല. ചെറുതായി വിശക്കുന്നു. കുറച്ച് തണുത്ത വെള്ളം കിട്ടിയിരുന്നെങ്കില്‍ എന്നോര്‍ത്ത് നേരെ ചെന്ന് ഫ്രിഡ്‌ജ് തുറന്നു. സര്‍ക്കാര്‍ ഖജനാവ് പോലെ ഏതാണ്ട് ശൂന്യം... ഇന്നലെ രാത്രി ഓഫീസില്‍നിന്ന് വരും വഴി വര്‍ക്കീസില്‍ നിന്ന് വാങ്ങിയ ബട്ടര്‍സ്കോച് ഐസ്‌ക്രീം ചെപ്പില്‍ കുറച്ച് കരിഞ്ഞ കറിവേപ്പില കിടപ്പുണ്ട്. തിരുവനന്തപുരം നഗരസഭ വക മിനറല്‍ വാട്ടര്‍ ഒരു കവിള്‍ കുടിച്ച് ഗ്ലാസും പിടിച്ച് കസേരയില്‍ വന്ന് ഇരുന്നു. ( ബെറ്റര്‍ ഹാഫ് ഏതോ ഒരു തമിഴ് പാട്ട് ചാനലില്‍ തുറിച്ച് നോക്കി ഇരിക്കുന്നു)
"എന്നെ കാത്ത് ഇരിക്കണ്ട ആവശ്യമൊന്നും ഇല്ലായിരുന്നു. കിടന്നുറങ്ങിക്കൂടെ ഉറക്കം വരുമ്പൊ ?"
"കാത്ത് ഇരുന്നതൊന്നുമല്ല... ഉറക്കം വരാഞ്ഞിട്ടാ. ഇന്ന് എന്തു പറ്റി ഇത്രേം വൈകാന്‍?"
"ഒന്നും പറയണ്ട... പണ്ടാറ പണിയാണ്"
"ഇത്രേം നേരം വൈകി ഇരിക്കാന്‍ പറ്റില്ല എന്ന് പറഞ്ഞൂടെ?"
"ആരോട്?"
"ബോസ്സിനോട്"
"പ്രിയതമേ... ഇതൊക്കെ ഒരു നാടകമല്ലേ. നാളെ രാവിലെ ചെല്ലുമ്പൊ സഹതാപം വഴിഞ്ഞൊഴുകുന്ന മുഖത്തോടെ ബോസ്സ് ചോദിക്കും, ഇന്നലേം നേരം വൈകി അല്ലേ ? കഴിഞ്ഞു. നേരം വൈകുമെന്ന് മൂപ്പരാള്‍ക്കും അറിയാം. ചുമ്മാ ഡയലോഗ്"
"എന്നും ഇങ്ങനെ നേരം വൈകി ഇരിക്കുന്ന ഈ ജോലി എന്തിനാ ? മനുഷ്യന്മാര്‍ക്ക് ഇത്തിരി മനസമാധാനം വേണ്ടേ.."
"ചങ്കില്‍ കൊള്ളുന്ന ഡയലോഗ് അടിക്കാതെ. കഞ്ഞിയും ചമ്മന്തിയും എനിക്ക് ഇഷ്ടമല്ല എന്ന് അറിഞ്ഞൂടെ ? ഈ പണി പോയാലേ, തെണ്ടിപ്പോകും."
"ഓ, പിന്നേ"
"അത് കള. ഞാന്‍ വരാന്‍ ചിലപ്പൊഴൊക്കെ നേരം വൈകും. അതോര്‍ത്തിരുന്നാല്‍ ഉറക്കം വരില്ല"
"അതോര്‍ത്ത് ഇരുന്നതൊന്നുമല്ല... വിശന്നിട്ടാ ഉറക്കം വരാഞ്ഞത്"
"ഏ ? വിശക്കുന്നുണ്ടെങ്കില്‍ എന്തെങ്കിലും ഉണ്ടാക്കി കഴിചൂടെ?"
"അതിന് ഉണ്ടാക്കാന്‍ ഇവടെ വല്ലതും ഉണ്ടായിട്ടുവേണ്ടേ..."
"ഒന്നുമില്ലേ... ? ഇവടെ ഇരുന്നിരുന്ന പച്ചക്കറികളൊക്കെ എവടെ പോയി?"
"ഫ്രിഡ്ജ് കേടായി എന്ന് ഞാന്‍ കഴിഞ്ഞ ആഴ്ച തന്നെ പറഞ്ഞില്ലേ ? പച്ചക്കറിയിക്കെ ചീഞ്ഞു. അരിയും തീര്‍ന്നു"
"എങ്കില്‍ പിന്നെ കടയില്‍ പോയി വാങ്ങിക്കൂടെ?"
"പകലുമുഴുവന്‍ മഴയായിരുന്നു. ഒരു കുട വാങ്ങിത്തരാന്‍ എത്ര നാളായി പറയുന്നു"
"അതാ... ഈ പച്ച നിറത്തിലുള്ള കുടയ്ക്ക് ഞാന്‍ എവടെ പോകും? സമയവും കിട്ടുന്നില്ല"
"പച്ചയും മഞ്ഞയുമൊന്നും വേണ്ട, ഒരു സാദാ കുട വാങ്ങിത്തരാന്‍ പറ്റോ?"
"നാളെയാവട്ടെ, നിനക്ക് കുട വാങ്ങിയിട്ടേ ഉള്ളൂ ബാക്കി കാര്യം"
"ഇതു തന്നെയാ കഴിഞ്ഞ ആഴ്ച്ചയും പറഞ്ഞത്"
"ശവത്തില്‍ കുത്താതെ"
"ഞാന്‍ പറഞ്ഞെന്നേ ഉള്ളു"
"ഇവടെ ഇരുന്നിരുന്ന കടല, പരിപ്പ് സാധനങ്ങള്‍ ഒക്കെ തീര്‍ന്നോ?"
"അതെല്ലാം ഉച്ച് കുത്തിപ്പോയി"
"അതെങ്ങനെ?"
"ഒരു മാസമായില്ലേ ഞാന്‍ പറയുന്നു, അതൊക്ക് ഇട്ട് വയ്ക്കാന്‍ പ്ലാസ്റ്റിക് ടിന്‍ വാങ്ങിത്തരാന്‍? നാളെയാവട്ടെ എന്ന് പറയുന്നതല്ലാതെ ഒന്നും സംഭവിക്കുന്നില്ലല്ലോ?"
"വീണ്ടും ഞാന്‍ കുറ്റക്കാരനായി. ഇതെന്താ സെഷന്‍സ് കോടതിയാണോ? ദൈവമേ, അറിയാതെ ഒന്ന് കല്യാണം കഴിച്ചപ്പോഴെയ്ക്കും കേള്‍ക്കാത്ത പഴി ഒന്നും ഇല്ലാതായോ?"
"പഴി പറഞ്ഞതല്ല ഡിയറേ, കാര്യം പറഞ്ഞതാ. പണിത്തിരക്കുകൊണ്ടാണെന്ന് എനിക്കറിയാം. അതല്ലേ ഞാന്‍ അഡ്‌ജസ്റ്റ് ചെയ്യുന്നത്"
"എന്തോന്ന് അഡ്‌ജസ്റ്റ് ചെയ്തെന്നാ?. ഇന്നലെ വാങ്ങിക്കൊണ്ടുവന്ന ഐസ്ക്രീം സലാമത്താക്കി അല്ലേ?"
"വിശന്നപ്പൊ ഞാന്‍ എടുത്ത് കഴിച്ചു"
"നന്നായി. 190 രൂപ കല്ലായി. ഇത്തിരി വെള്ളം തിളപ്പിച്ച് വച്ചൂടെ? പൈപ്പില്‍ ഇഷ്ടം പോലെ വെള്ളം ഉണ്ടല്ലോ"
"സ്റ്റൌവ്വിന്റെ മുകളില്‍ ചുമ്മാ വച്ചാല്‍ വെള്ളം തിളക്കില്ല"
"എന്നുവച്ചാല്‍?"
"ഗ്യാസ് തീര്‍ന്നു. ഞാന്‍ മിനിഞ്ഞാന്നേ പറഞ്ഞിരുന്നു, തീരാറായി എന്ന്"
അല്ല ദാസാ, "ഇല്ല, കഴിഞ്ഞു" ഇത്യാദി അണ്‍ ഒപ്റ്റിമിസ്റ്റിക് വാദങ്ങളല്ലാതെ വേറെ എന്തെങ്കിലും പറയാനുണ്ടോ?"
"ഉണ്ടല്ലോ വിജയാ"
"പറ, കേള്‍ക്കട്ടെ. കൊതിയാവുന്നു അങ്ങനെ ഒരു ഡയലോഗ് കേള്‍ക്കാന്‍"
"എനിക്ക് വീട്ടില്‍ പോണം"
"എന്ത് ?"
"നേരം വൈകി വരുന്ന സമയത്ത് ഒന്നും തരാന്‍ ഇല്ലാണ്ടാവുമ്പൊ വിഷമമാകുന്നു. ഗ്യാസ് ഒക്കെ കിട്ടിയിട്ട് ഞാന്‍ തിരിച്ചു വരാം. ഇങ്ങനെ വിശന്നിരിക്കുന്നത് കാണാനേ വല്ല്യേ സുഖമൊന്നുമില്ല. ഞാന്‍ ഇവടെ ഉള്ളതുകൊണ്ടല്ലേ ഒന്നും കഴിക്കാതെ വരുന്നത്. ഞാന്‍ ഇവടെ ഇല്ലെങ്കില്‍ അവടെന്ന് എന്തെങ്കിലും കഴിക്കുമെന്ന് എനിക്കറിയാം. അതുകൊണ്ട് ഞാനും ഒന്നും കഴിച്ചില്ല. ഇന്നലെ വാങ്ങിയ നേന്ത്രപ്പഴം രണ്ടെണ്ണം ഇരിക്കുന്നുണ്ട്. ഇപ്പൊ ഓരോന്ന് കഴിച്ച് കിടക്കാം."
ഏഴുമണി നേരത്ത് വിശന്നപ്പൊ ഫുഡ് കോര്‍ട്ടില്‍ പോയി തട്ടിയ ബട്ടര്‍ നാനും പെപ്പര്‍ ചിക്കനും വയറ്റില്‍ കിടന്ന് എന്നെ കൊഞ്ഞനം കുത്തി. "ദുഷ്ട രാവണാ, കണ്ട് പഠിക്കെടാ നിന്റെ ഭാര്യയെ. നീ വയര്‍ നിറച്ച് ഫുഡ് തട്ടുമ്പൊ അവള്‍ നിന്നെയും കാത്തിവടെ വിശന്നിരിക്കുകയായിരുന്നു. പോയി കൈ നല്ലപോലെ കഴുകെടാ, അല്ലെങ്കില്‍ അവള്‍ക്ക് ചിക്കന്റെ മണമടിക്കും, നീ വയറു നിറയെ തട്ടി എന്ന് മനസ്സിലാകുകയും ചെയ്യും" എന്ന് വയറ്റില്‍ കിടക്കുന്ന കോഴി പറയുന്നതായി എനിക്ക് തോന്നി. ഭയങ്കര വിശപ്പുള്ള പോലെ അഭിനയിച്ച് ഒരു പഴം തട്ടി. കിടക്കുന്നതിന് മുന്‍പ് ലൈഫ്ബോയ് ഹാന്‍ഡ് വാഷ് ഒഴിച്ച് കൈ നല്ലപോലെ കഴുകി. ഇനിയിപ്പൊ, അവള്‍ക്ക് പെപ്പര്‍ ചിക്കന്റെ മണമടിച്ചാലോ.
ഫാന്‍ ഇട്ട്, ലൈറ്റ് ഓഫാക്കി കിടക്കയിലേക്ക് മറിയാന്‍ നേരം ഫോണ്‍ റിംഗ് ചെയ്തു. ബോസ്സ് കോളിംഗ്.
"ഇപ്പൊ അയച്ച മെയിലിലെ റിലീസ് നോട്‌സില്‍ പ്രോബ്‌ളംസ് ഉണ്ട്. റിവ്യൂ കമന്റ്‌സ് ഞാന്‍ അയച്ചിട്ടുണ്ട്. ഒന്ന് കറക്ട് ചെയ്ത് അയച്ചേക്കണേ. കസ്റ്റമര്‍ക്ക് നാളെ രാവിലേ തന്നെ അയക്കേണ്ടതാ."
"ഓക്കേ... ഇപ്പൊ തന്നെ അയച്ചേക്കാം"
ഇയാള്‍ക്കൊന്നും വേറെ പണിയില്ലേ... പണ്ടാറമടങ്ങാന്‍. ഡയലോഗ് കേട്ട് തിരിഞ്ഞു കിടന്ന ഫാര്‍ ഫാര്‍ ബെറ്റര്‍ ഹാഫിനെ ഒളികണ്ണിട്ട് നോക്കി ഞാന്‍ ലാപ്പ്‌ടോപ്പ് ഓണ്‍ ചെയ്തു. വീണ്ടും ബോസ്സ് കോളിംഗ്. കട്ട് ചെയ്ത് ഫോണ്‍ ഫ്ലൈറ്റ് മോഡിലേക്ക് മാറ്റി. ലോഗ് ഇന്‍ ചെയ്യുമ്പൊ ബോസ്സിനെ ഓര്‍ത്ത് ഞാന്‍ മനസ്സില്‍ ഉരുവിട്ടു...
"മാ നിഷാദ, പ്രതിഷ്ഠാംത്വമഗമഃ ശാശ്വതീഃ സമാഃ
യത് ക്രൌഞ്ചമിഥുനാത് ഏകമവധീഃ, കാമമോഹിതം"
(ഈ കഥ തികച്ചും സാങ്കല്‍പ്പികം മാത്രം. ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ആയ ആരുമായും യാതൊരു ബന്ധവും ഇതിനില്ല. ഈ കഥയിലെ "ഞാന്‍" ഇതെഴുതുന്ന ഞാന്‍ അല്ലെന്നും ഈ കഥയിലെ ഭാര്യാ കഥാപാത്രത്തിന്റെ ഡയലോഗുകള്‍ക്ക് എന്റെ സ്വന്തം ഭാര്യയുടെ ഡയലോഗുകളുമായി പുലബന്ധം പോലുമില്ലെന്നും ഇതിനാല്‍ ജാമ്യമെടുക്കുന്നു. കൂടുതല്‍ എഴുതാന്‍ സമയമില്ല, ഫ്രിഡ്ജ് റിപ്പെയര്‍ ചെയ്യാന്‍ ആളെ വിളിക്കട്ടെ. )
Subscribe to:
Post Comments (Atom)
10 comments:
ഇന്നത്തേയ്‌ക്കുള്ളതായി. സ്വാമി ശരണം.
swami saranam
swantham vamabagathinte pakkal ninnum iniyum vikadante rachanakalkkayulla vathayanangal thurakattea
ഉം ചെല്ല്, വേഗം ചെന്ന് ഫ്രിഡ്ജ് ശരിയാക്കാന്‍ ആളെ നോക്ക്
ലൈഫ് ബോയ് സോപ്പ് ഇട്ടു കൈ കഴുകിയത് പോലെ കോള്‍ഗേറ്റ് പേസ്റ്റ് ഇട്ടു പല്ല് കൂടി തേക്കാമായിരുന്നു. വാമ ഭാഗത്തിന് ഒരു ഉമ്മ തരാന്‍ എങ്ങാനും തോന്നിയിരുന്നെങ്കിലോ?
paavam bhaarya...........
post nannaayittundu .... :-)
ഹ..ഹ എഴുത്ത് അസ്സലായി..
:)
nannayirikkunnu..
ശുദ്ധമായ ഹാസ്യം...
തകര്‍പ്പന്‍!
aa chikkan kurachu naalethanne bharyakku vangi kodukkanam.paavam bharyamaar...
"ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറുടെ ഭാര്യ ചീറിപ്പാഞ്ഞുവരുന്ന വെടിയുണ്ടകള്‍ക്ക് മുന്നില്‍ വിരിമാറുകാട്ടേണ്ട ആവശ്യമൊന്നുമില്ലെങ്കിലും കിടന്നുറങ്ങി സമയം കളയുന്നവളും, സീരിയല്‍ കണ്ട് പൊട്ടിക്കരയുന്നവളും രാത്രി ഒന്‍പത് മണിയാകുമ്പോള്‍ ഭര്‍ത്താവിനെ കാത്തിരിക്കാതെ ഫുഡ് അടിച്ച് കിടന്നുറങ്ങാന്‍ മനസ്സാക്ഷിക്കുത്തില്ലാത്തവളും ആയിരിക്കണം"
Post a Comment