Tuesday, June 23, 2009

മൊബിഡിക്ക്‌ ഹണ്ട്‌

"ഭവതിയുടെ ഈ ക്ഷിപ്രകോപത്തിന്റെ മൂലകാരണം എന്താണെന്ന് പറയൂ. എന്നാലല്ലേ ഒരു പോംവഴി ഉണ്ടാക്കാന്‍ പറ്റു"

"വേണ്ട, എന്നോട്‌ കിണുങ്ങാന്‍ വരണ്ട. നുണയന്‍"

"വാട്ട്‌ ? നെവര്‍ എവര്‍ കാള്‍ മി ലൈക്‌ ദാറ്റ്‌. ദൈവകോപം ഉണ്ടാവും"

"കുന്തം. ഡയലോഗ്‌ അടിക്കാന്‍ എന്താ മിടുക്ക്‌. ആള്‍ക്കാരെ പറ്റിക്കാന്‍ നടക്കുന്നു"

"ഹാ... ഞാന്‍ ആരെ പറ്റിച്ചെന്നാ?"

"നിന്റെ... ഞാന്‍ ഒന്നും പറയുന്നില്ല"

"അല്ലയോ തറവാട്ടില്‍ പിറന്ന മങ്കേ, ഇത്തരം അസാംസ്കാരിക സൂക്തങ്ങള്‍ ഉരുവിടുന്നതില്‍ ലജ്ജയില്ലേ ? കുലമഹിമ, ആഭിജാത്യം ഇതൊക്കെ എവിടെപ്പോയ്മറഞ്ഞൂ പ്രിയേ?"

"തൊടരുത്‌ എന്നെ, പോ. പോയി നുണപറഞ്ഞ്‌ ആള്‍ക്കാരെ പറ്റിക്ക്‌" (ഒരു ടച്ചിംഗ്‌ പാളിപ്പോയി)

"ദിസ്‌ ഈസ്‌ ദ ലിമിറ്റ്‌. ഐ കാണ്ട്‌ സഫര്‍ എനി മോര്‍. എനിക്ക്‌ ഇനിയും മോരുകുടിക്കാന്‍ വയ്യ. കാര്യം പറ"
(അടിച്ച ചളി ഏറ്റു. ഉണ്ണിയാര്‍ച്ചയുടെ മുഖത്ത്‌ ഒരു ചിരി മിന്നിമറഞ്ഞു)

"എന്തിനാ എന്നെ പറഞ്ഞ്‌ പറ്റിച്ചേ?"

"ഞാന്‍ എന്തു പറഞ്ഞെന്നാ?"

"തിമിംഗലത്തിനെ കൂട്ടാന്‍ വച്ച്‌ കഴിച്ചിട്ടുണ്ടെന്ന്"

"തിമിംഗലത്തിനെ...?"

"കൂട്ടാന്‍ വച്ച്‌ കഴിച്ചിട്ടുണ്ടെന്ന് പറഞ്ഞില്ലേ ഇന്നലെ?"

"തിമിംഗലത്തിനെ എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. തിമിംഗലത്തിന്റെ കുട്ടിയെ എന്നല്ലേ പറഞ്ഞത്‌?"

"ഒറ്റ കുത്ത്‌ വച്ചുതരും ഞാന്‍" (ഒരു പോപ്പി കുടയുടെ മുട്ട്‌ പോയിന്റ്‌ ബ്ലാങ്ക്‌ റേയ്ഞ്ചില്‍ എന്റെ നേരെ നീണ്ട്‌ വന്നു)

"അല്ലയോ ആഗോളവിജ്ഞാനകൂതുകീ, നിനക്ക്‌ ഇത്ര വിവരം ഇല്ലാതെ പോയല്ലോ. തിമിംഗലത്തിന്റെ കുട്ടിയെ സൈക്കിളില്‍ മീന്‍കാരന്‍ കൊണ്ടുവന്നു എന്ന് കേട്ട്‌ നീ വിശ്വസിച്ചല്ലോ. ഹാ ഹാ ഹാ"

"അതിനെന്താ സൈക്കിളില്‍ കൊണ്ട്‌ വന്നാല്‍ ?"

"ഈശ്വരാ... വാമഭാഗമേ, ഒരു തിമിംഗലത്തിന്റെ കുട്ടി എത്രയുണ്ടാവും എന്നാ വിചാരം?"

"ഒരു വല്ല്യേ ബ്രാലിനേക്കാളും വലിയതാവും. വല്ല്യേ തിമിംഗലത്തിന്റെ കുട്ടി അല്ലേ"

"ബെസ്റ്റ്‌ ബെസ്റ്റ്‌... നീ എന്താ പഠിച്ചതെന്നാ പറഞ്ഞേ?"

"എന്ത്‌ പറഞ്ഞാലും എന്നെ കളിയാക്കാന്‍ വരും. ഞാന്‍ ഇനി മിണ്ടില്ല"

"സോറി ഡിയര്‍, സീരിയസ്സ്‌ ആക്കാതെ. എന്നോട്‌ ക്ഷമിക്കൂ"

"അത്‌ പോട്ടെ, പക്ഷെ പിന്നേം എന്നോട്‌ നുണ പറഞ്ഞില്ലേ?"

"ഇല്ലാ ഇല്ലാ ഇല്ലാ... ഞാന്‍ ആകെ ഒരു നുണയേ പറഞ്ഞിട്ടുള്ളൂ. അത്‌ ഇതാണ്‌"

"അപ്പൊ പിന്നെ, തിമിംഗലത്തിന്റെ കുട്ടിയെ തൃശ്ശൂര്‍ മീന്‍ മാര്‍കറ്റില്‍ ജീവനോടെ കിട്ടും എന്ന് പറഞ്ഞതോ?"

"ആര്‌ പറഞ്ഞു ? ഞാന്‍ പറഞ്ഞിട്ടില്ല"

"ഈശ്വരാ, ദേ പിന്നെയും നുണ പറയുന്നു. എന്റെ തലയില്‍ കൈ വച്ച്‌ സത്യം ചെയ്തേ"

"അത്‌ വേണോ ?"

"വേണം"

"എങ്കില്‍ ശരി, ആ തലയിങ്ങ്‌ നീട്ട്‌. സത്യം ചെയ്തുകളയാം"

"കള്ളസത്യം ചെയ്താല്‍ എന്റെ തല പൊട്ടിത്തെറിച്ച്‌ പോകുമേ"

"സാരമില്ല, ഞാന്‍ സഹിച്ചു. ഉള്ളില്‍ ഒന്നുമില്ലാത്ത നിന്റെ തലയാണേ സത്യം, ഞാന്‍ നിന്നോട്‌ രണ്ടേ രണ്ട്‌ നുണയേ പറഞ്ഞിട്ടുള്ളൂ, തിമിംഗലത്തിനെ പറ്റി"

"മതി, ഇത്രയും മതി. ഇനി എന്നോട്‌ മിണ്ടാന്‍ വരണ്ട. എന്നെ നാണം കെടുത്തിയപ്പൊ സമാധാനമായല്ലോ?"

"ആര്‌ നാണം കെടുത്തി. ഞാനോ?"

"അല്ല, ഞാന്‍. എന്റെ ദൈവമേ, എന്റെ ഒരു വിധി"

"എന്ത്‌ പറ്റി ?"

"ഞാന്‍ ചിറ്റയോട്‌ ബെറ്റ്‌ വച്ചു"

"എന്ത്‌ ബെറ്റ്‌ ?"

"തൃശ്ശൂര്‍ മീന്‍ മാര്‍കറ്റില്‍ പോയാല്‍ ജീവനുള്ള തിമിംഗലത്തിന്റെ കുട്ടിയെ കിട്ടുമെന്ന്"

"ഹാ ഹാ ഹാ... ഹോ ഹോ അയ്യോ അമ്മേ"
(കിട്ടി കയ്യില്‍ ഉഗ്രന്‍ ഒരു പിച്ച്‌. വേദനിച്ച്‌ കണ്ണില്‍നിന്നൊക്കെ വെള്ളം വന്നു)

"ഇന്ന് ചെല്ലുമ്പൊ വാങ്ങിക്കൊണ്ട്‌ ചെല്ലാം എന്ന് പറഞ്ഞാ ബെറ്റ്‌ വച്ചേ"

"അതിന്‌ തൃശ്ശൂര്‍ മാര്‍കറ്റില്‍ തിമിംഗലത്തിന്റെ കുട്ടിയെ ഇപ്പൊ എങ്ങനെ കിട്ടാനാ ?"

"അതെന്താ ?"

"പണ്ട്‌ ഇവടെ രാജു നാരയണസ്വാമി കളക്ടര്‍ ആയി വന്ന് ഇവടെയൊക്കെ ഇടിച്ച്‌ പൊളിച്ചില്ലേ?"

"ഉവ്വ്‌"

"അപ്പൊ, തിമിംഗലത്തിന്റെ കുട്ടിയെ ഇടാനുള്ള ടാങ്ക്‌ പൊളിച്ചുകളഞ്ഞു. ഇപ്പൊ തിരുവനന്തപുരത്ത്‌ മാത്രമേ തിമിംഗലത്തിന്റെ കുട്ടിയെ ഇടാന്‍ പറ്റിയ ടാങ്ക്‌ ഉള്ളൂ. പിന്നെ വാങ്ങാന്‍ ലൈസന്‍സും വേണം"

"എന്ത്‌ ലൈസന്‍സ്‌ ?"

"വേള്‍ഡ്‌ വൈല്‍ഡ്‌ ലൈഫ്‌ ഓര്‍ഗനൈസേഷന്‍ തരുന്ന ലൈസന്‍സ്‌"

"അത്‌ എവട്യാ?"

"അമേരിക്കയിലും ജപ്പാനിലും മാത്രമേ അതിന്റെ ബ്രാഞ്ച്‌ ഉള്ളൂ. ഞാന്‍ പണ്ട്‌ ജപ്പാനില്‍ പോയ സമയത്ത്‌ ഒരെണ്ണം സംഘടിപ്പിച്ചിരുന്നു"

"ദേ വരുന്നു അടുത്ത നുണ"

"നുണയല്ല, സത്യം. വിശ്വാസമില്ലെങ്കില്‍ നോക്കിക്കോ. ഇത്‌ നോക്ക്‌"
(പണ്ട്‌ ജപ്പാനില്‍ പോയപ്പൊ എടുത്തിരുന്ന ഏലിയന്‍ കാര്‍ഡ്‌ പേഴ്സില്‍ നിന്നും എടുത്ത്‌ വാമഭാഗത്തെ കാണിച്ചു. അതില്‍ പേര്‌ മാത്രമേ ഇംഗ്ലീഷില്‍ ഉള്ളു, ബാക്കി എല്ലാം ജാപ്പനീസ്‌ ആണ്‌. വാമഭാഗം കാര്‍ഡ്‌ തിരിച്ചും മറിച്ചും നോക്കി)

"അപ്പൊ ഈ കാര്‍ഡ്‌ കാണിച്ചാല്‍ തിരുവനന്തപുരത്ത്‌ നിന്ന് വാങ്ങാന്‍ പറ്റോ?"

"പറ്റുമല്ലോ. അവടെ വലിയതുറ എന്ന ഒരു സ്ഥലം കേട്ടിട്ടുണ്ടോ, കലാപം ഒക്കെ ഉണ്ടായ സ്ഥലം. അവടെ വല്ല്യേ ഒരു ടാങ്ക്‌ ഉണ്ട്‌. അതില്‍ ഇട്ടിട്ടുണ്ട്‌ കുറെ എണ്ണത്തിനെ"

"കല്യാണം കഴിഞ്ഞ്‌ തിരുവനന്തപുരത്ത്‌ പോകുന്ന സമയത്ത്‌ എന്നെ അവടെ കൊണ്ട്‌ പൂവോ?"

"കൊണ്ടുപോവാല്ലോ, ഡോണ്ട്‌ വറി ഡിയര്‍"

"ഹ്മ്മ്"

( ബെറ്റ്‌ വച്ച വകയില്‍ ചിറ്റക്ക്‌ കൊടുക്കാനുള്ള ഒരു പായ്‌കറ്റ്‌ മഞ്ച്‌ വാങ്ങി പ്രിയതമയുടെ കയ്യില്‍ കൊടുത്തു. പോകാന്‍ നേരം വളരേ സീരിയസ്സ്‌ ആയി ഒന്ന് ഉപദേശിച്ചു)

"അതേ... ഇനി ഇതിന്റെ പേരില്‍ ചിറ്റയോട്‌ ബെറ്റ്‌ വക്കാന്‍ നിക്കണ്ട. തിരുവനന്തപുരത്ത്‌ കിട്ടും എന്നുപറഞ്ഞും ബെറ്റ്‌ വക്കണ്ട, എനിക്ക്‌ മഞ്ച്‌ വാങ്ങി കാശ്‌ കളയാന്‍ താല്‍പ്പര്യമില്ല. പിന്നെ, അല്‍പ്പസ്വല്‍പ്പം ന്യൂസ്‌പേപ്പര്‍ ഒക്കെ വായിക്കണം. അല്ലെങ്കിലേ, ഞാന്‍ പറയുന്ന ഈ നുണയൊക്കെ വിശ്വസിക്കും"

"അപ്പൊ, തിരുവനന്തപുരത്ത്‌ കിട്ടും എന്ന് പറഞ്ഞതും നുണയാണോ?"

(ബൈക്ക്‌ സ്റ്റാര്‍ട്‌ ആക്കി, ഹെല്‍മെറ്റ്‌ തലയില്‍ വച്ച്‌ മുന്നിലേക്ക്‌ പായുന്നതിനിടയില്‍ ഞാന്‍ വിളിച്ചുപറഞ്ഞു...)
"യെസ്‌ സ്വീറ്റി. ഐ അം ഏന്‍ എഡുകേറ്റഡ്‌ തീഫ്‌"

"പോടാ പട്ടി.... ഇനി തിമിംഗലക്കുട്ടിയെ കിട്ടിയിട്ടേ നിന്നോട്‌ മിണ്ടൂ. പോടാ.... "
(ബാക്കി കേള്‍ക്കാന്‍ നിന്നില്ല, തിരിഞ്ഞ്‌ നോക്കാതെ വീട്ടിലേക്ക്‌ വച്ചുപിടിച്ചു. ദൈവമേ, ഒരു മൊബിഡിക്‌ ഹണ്ട്‌ നടത്തണ്ടിവരുമോ....)

6 comments:

വികടന്‍ said...

ഞാനൊന്നും പറഞ്ഞിട്ടില്ല...

തെന്നാലിരാമന്‍‍ said...

പക്ഷേ ഞാനെല്ലാം കേട്ടു...:-) തിമിംഗലത്തെ കിട്ടുമെന്നു വികടനെ പറഞ്ഞുപറ്റിച്ചയാളല്ലേ യദ്ധാര്‍ഥ വില്ലന്‍....

vinuxavier said...

ജീവിതാനുഭവങ്ങള്‍ പറയാനും കേള്ക്കാനുമുള്ളതാണെന്ന്‌ ആരാണ്ടും പറയണ കേട്ടാരുന്നു.! കലക്കി!

ഇസാദ്‌ said...

നന്നായിട്ടുണ്ട്. വളരെയധികം ഇഷ്ട്ടപ്പെട്ടു ഈ പോസ്റ്റ്. ഏതാണ്ട് ഈ കഥാപാത്രത്തിനോട് സാമ്യമുള്ളതാണ് എന്റെ വാമഭാഗവും. എന്തു പറഞ്ഞാലും വിശ്വസിച്ചോളും , ഹഹഹഹഹഹഹ ..

എഴുത്ത് കലക്കി.

vctipsplusplus said...

ഗഡീ..തകര്‍ത്തു..

Anonymous said...

Muhammed Basheer syli niranju nilkkunnu; aeriya postugalilum athanu syli...