Monday, June 15, 2009

മൃഗയ

ശനിയാഴ്‌ച പുലര്‍ച്ചെ വന്നു കയറിയപാടെ കിടന്നുറങ്ങിയതാണ്‌, മണി പതിനൊന്നായി. പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്തതുകൊണ്ട്‌ പ്രകൃതിയുടെ വിളിക്ക്‌ മറുപടി പറഞ്ഞ്‌ കക്കൂസില്‍ നിന്നിറങ്ങി വീണ്ടും ഒന്ന് കിടന്നു. റൂമിന്റെ വടക്ക്‌ കിഴക്കേ മൂലയില്‍ മാത്രം റേയ്ഞ്ച്‌ ഉള്ള ഐഡിയ കണക്ഷനില്‍ തിങ്ങിഞ്ഞെരുങ്ങി ജീവിക്കുന്ന എന്റെ പാവം മൊബെയില്‍ ആ മൂലയില്‍ കിടന്ന് ഒന്ന് ഞരങ്ങി... മെസ്സേജ്‌. രാവിലെ മുതല്‍ വൈകുന്നേരം വരെ കണകുണാ സാധനങ്ങളുടെ വിലക്കുറവിനെ പറ്റി മെസ്സേജ്‌ അയച്ച്‌ ബുദ്ധിമുട്ടിക്കുന്ന ആഗോളപ്രഭൃതികളുടെ വീട്ടുകാര്‍ക്കെല്ലാം നല്ലത്‌ വരുത്തണേ എന്ന് മനസ്സുരുകി പ്രാര്‍ഥിച്ചുകൊണ്ട്‌ കഷ്ടപ്പെട്ട്‌ എണീറ്റ്‌ മെസ്സേജ്‌ നോക്കി. "എണീറ്റില്ലേ ? പോയി വല്ലതും കഴിക്കൂ"... മൂന്ന് മാസം കഴിയുമ്പൊ എന്റെ കട്ടയും പടവും മടക്കാന്‍ പോകുന്ന ഉണ്ണിയാര്‍ച്ച സസ്നേഹം ശാസിക്കുന്നു. കഴിച്ചിട്ട്‌ ഒന്നും ചെയ്യാനില്ലാത്തോണ്ട്‌ അതിനെ പറ്റി ആലോചിച്ചില്ല. അപ്പൊഴാണ്‌ ബള്‍ബ്‌ കത്തിയത്‌. ഉണ്ണിയാര്‍ച്ച സിറ്റിയില്‍ കാണും ഉച്ചവരെ. ഓഫീസ്‌ കഴിഞ്ഞ്‌ ഉച്ചക്ക്‌ ഇറങ്ങുന്ന പാടെ അവടെ എത്തിയാല്‍ ഒരു ഐസ്ക്രീം, പറ്റിയാല്‍ ഒരു സിനിമ... വാഹ്‌ ഉസ്താദ്‌ വാഹ്‌!!! ഏന്‍ ഐഡിയ കാന്‍ ചെയ്ഞ്ച്‌ യുവര്‍ ലൈഫ്‌ എന്ന് പറയുന്നത്‌ എത്ര ശരി. മൊബെയില്‍ എടുത്ത്‌ റെയ്ഞ്ച്‌ ഉള്ള മൂലയില്‍ പോയി നിന്ന് ഉണ്ണിയാര്‍ച്ചയെ വിളിച്ചു.

"എങ്കേ എങ്കേ നീയെങ്കേ... നാനും അങ്കേ" (ഉണ്ണിയാര്‍ച്ചയുടെ കോളര്‍ ട്യൂണ്‍ മാറ്റിയിരിക്കുന്നു)
"ഹലാ"
"എണീറ്റോ ? എന്താ ഇത്ര നേരത്തേ ?"
"ഊതാതെ ഊതാതെ"
"എന്താ പരിപാടി"
"എനിക്ക്‌ സിറ്റിയില്‍ ഒന്ന് പോണം"
"എന്തിനാ ?"
(പെട്ടു... എന്ത്‌ പറയും ? ഇവളെ കാണാന്‍ വന്നതാണെന്ന് പറഞ്ഞാല്‍ അത്‌ ഒരു കുറച്ചിലാവും. മാനം കാക്കാന്‍ നുണ പറഞ്ഞേ പറ്റു)
"എനിക്കേ... എനിക്ക്‌... എനിക്കൊന്ന് സിറ്റിസെന്ററില്‍ പോകണം"
"പൊയ്ക്കോളൂ"
("പിന്നേ, നിന്റെ സമ്മതം കിട്ടിയിട്ടുവേണ്ടെ" എന്നാണ്‌ വായില്‍ വന്നത്‌. പറഞ്ഞില്ല)
"അല്ലാ... ഏതായാലും അവടെ വരെ വരുന്നതല്ലേ. ഒരുമിച്ച്‌ ഒരു ലഞ്ച്‌ കഴിച്ചിട്ട്‌ പോകാം എന്ന് വിചാരിച്ചു"
"അയ്യോ, അതൊന്നും വേണ്ട. അച്ഛന്‍ സമ്മതിക്കില്ല"
"അതിന്‌ അച്ഛനോട്‌ പറയണ്ടന്നേ"
"എന്താ പൂതി. അച്ഛനോട്‌ പറയാണ്ട്‌ പറ്റില്ല്യാട്ടാ. എനിക്ക്‌ പേടിയാ. അച്ഛന്‌ വിളിച്ച്‌ പറഞ്ഞോളൂ"
"അച്ഛന്‌ വിളിച്ചാല്‍ പ്രശ്നം തീരുമല്ലോ ? ഇനി വാക്ക്‌ മാറാന്‍ പാടില്ല"
"ഇല്ലെന്നേ"
"ഓ.കെ. നിന്റെ അച്ഛന്‍"
"എന്ത്‌ ?"
"അച്ഛന്‌ വിളിച്ചതാ..."
"തമാശിക്കല്ലേ"
"കഷമിക്ക്‌ തമ്പുരാട്ടീ...അച്ഛന്‍ തമ്പുരാനെ വിളിച്ച്‌ അനുവാദം വാങ്ങിക്കോളാം"
"അച്ഛനെ വിളിച്ചിട്ട്‌ എന്നെ വിളിക്കൂ"
"അടിയന്‍. ബൈ ഡിയര്‍"
"ഊം ഊം..."
(ഒരു അര്‍ത്ഥം വച്ചുള്ള മൂളലില്‍ എന്റെ മനസ്സുരുകി. എന്‍ഗേജ്‌മെന്റിന്റെ അന്ന് തന്നെ അമ്മായിയച്ഛനോട്‌ ഒരുവാക്ക്‌ മിണ്ടിയിട്ടില്ല. ഈ ചീള്‌ കേസിന്‌ മൂപ്പരാളെ വിളിച്ച്‌ അനുവാദം വാങ്ങണം എന്നൊക്കെ കേള്‍ക്കുമ്പൊ രക്തം തിളക്കുന്നു. ചുമ്മ ബലംപിടിച്ച്‌ കാലഘട്ടത്തിന്റെ ആവശ്യങ്ങളെ അടക്കി നിര്‍ത്താന്‍ മനസ്സ്‌ അനുവദിക്കുന്നുമില്ല. ലാന്‍ഡ്‌ ലൈനില്‍ വിളിച്ചുകളയാം. അമ്മത്തമ്പുരാട്ടി അറ്റന്‍ഡ്‌ ചെയ്യുകയാണെങ്കില്‍ വല്ല്യേ കുഴപ്പമില്ലാതെ അവസാനിപ്പിക്കാം. രണ്ടും മൂന്നും കല്‍പ്പിച്ച്‌ വിളിച്ചു. രണ്ടാമത്തെ റിങ്ങില്‍ തന്നെ അവടെ അറ്റന്‍ഡ്‌ ചെയ്തു, അച്ഛന്‍ തമ്പുരാന്‍. ഇയാളെന്താ ഫോണിന്റെ ചോട്ടില്‍ പെറ്റുകിടക്കുകയാണോ എന്നോര്‍ത്ത്‌ ഡയലോഗ്‌ കാച്ചി)

"ഹലോ, അച്ഛാ, ഞാനാ" (വിനയം)
"എന്താ കുട്ടാ" (എതിരാളിക്കൊരു പോരാളി. അവടെ സ്നേഹം വഴിഞ്ഞൊഴുകുന്നു)
"വെറുതേ. ഞാന്‍ ഇന്നു സിറ്റിയില്‍ ഒന്നു പോകുന്നുണ്ടേ. അച്ഛന്‍ അന്ന് ഏതോ ഒരു ഹോം തിയറ്റര്‍ വാങ്ങുന്ന കാര്യം പറഞ്ഞില്ലേ. ആ മോഡല്‍ ഏതാണെന്ന് അറിയാന്‍ വിളിച്ചതാ"
"എനിക്കതൊന്നും ഓര്‍മ്മയില്ല മോനേ. മോള്‍ക്കറിയാം, ചോദിച്ചാമതി"
"എങ്കില്‍ ഫോണ്‍ കൊടുക്കൂ, ചോദിക്കട്ടെ"
"അവളിവടെയില്ല, ഓഫീസില്‍ പോയി. ഇന്ന് ഉച്ചവരെ ഓഫീസുണ്ട്‌"
(ഹേ ഹേ ഹേ... മണ്ടന്‍ തമ്പുരാന്‍. എന്നോടാ ഇതൊക്കെ പറയുന്നത്‌. ഇയാള്‌ പോലീസുതന്നെയായിരുന്നോ എന്തോ)
"എന്നാ ഞാന്‍ മൊബെയിലില്‍ വിളിച്ചോളാം"
"അല്ലാ, അവള്‍ അവടെ ഉണ്ടല്ലോ. നിങ്ങള്‍ക്ക്‌ ഒരുമിച്ച്‌ പോയി നോക്കിക്കൂടെ?"
(ഈ പാവം പാവം അച്ഛന്‍ തമ്പുരാനെ പറ്റി മോശമായി ചിന്തിച്ച ആ അഭിശപ്ത നിമിഷത്തെ കയ്യില്‍ കിട്ടിയിരുന്നെകില്‍ ഞാന്‍ അപ്പൊത്തന്നെ കഴുത്ത്‌ ഞെരിച്ച്‌ കൊന്നേനെ. ഐ ലവ്‌ യു സോ സോ സോ മച്ച്‌ മൈ ഡിയര്‍ ഫാദറിന്‍ലോ)
"അത്‌ ശരിയാണല്ലോ. അപ്പൊ ശരി, ഞാന്‍ വൈകീട്ട്‌ വിളിക്കാം. അമ്മയോട്‌ എന്റെ അന്വോഷണങ്ങള്‍ പറയാന്‍ മറക്കല്ലേ"
"ഓ ഓ... അങ്ങനെ ആവട്ടെ"
(ഇത്ര സിമ്പിള്‍ ആയി കാര്യം നടക്കും എന്ന് ഞാന്‍ വിചാരിച്ചില്ല. പുലി ആളൊരു പാവം തന്നെ. നവരത്നയില്‍ കേറി രണ്ട്‌ ചില്ലി പോര്‍ക്ക്‌ പാഴ്‌സല്‍ വാങ്ങി കൊടുത്ത്‌ വിടണം എന്ന് ഞാന്‍ അപ്പൊഴേ തീരുമാനിച്ചു. ഉണ്ണിയാര്‍ച്ചയെ വിളിച്ച്‌ അനുവാദം കിട്ടിയ എഴുത്തോല സമര്‍പ്പിച്ചു. കൃത്യം ഒന്നേ മുപ്പതിന്‌ രാഗം തിയറ്ററിന്റെ സൈഡിലുള്ള ഡിലൈറ്റ്‌ ബേക്കറിയില്‍ വച്ച്‌ കാണാം എന്ന് അപ്പന്റോയ്‌മന്റ്‌ വാങ്ങി ചടപടാന്ന് പല്ലുതേപ്പും കുളിയുമൊക്കെ തീര്‍ത്ത്‌ റെഡിയായി. പന്ത്രണ്ടെ മുക്കാലോടെ ഹോണ്ട ആക്ടീവയുമെടുത്ത്‌ നൂറേ നൂറില്‍ കത്തിച്ചുവിട്ടു)


സമയം 1.30 പി.എം, നട്ടുച്ച. ലൊക്കേഷന്‍ : രാഗം തിയേറ്ററിന്‌ മുന്‍വശം. പണ്ടാറ വെയില്‍. വിയര്‍ത്ത്‌ മനുഷ്യന്റെ ഊപ്പാടിളകി. എന്തൊക്കെ ത്യാഗങ്ങള്‍ സഹിക്കണം എന്റെ ദൈവമേ. സമയം 1.35, ലവളെ കാണാനില്ല. 1.40, നോ രക്ഷ. ദേഷ്യം വന്ന് പ്രാന്തായി. മൊബെയില്‍ എടുത്ത്‌ കുത്തി. വീണ്ടും "എങ്കേ എങ്കേ നീയെങ്കേ... നാനും അങ്കേ". ഒരു ടിപ്പിക്കല്‍ പുരാണകഥയിലെന്ന പോലെ സഖാവ്‌ വിശ്വാമിത്രന്‍ പൊടുന്നനെ രംഗപടത്തിന്‌ പിന്നില്‍ നിന്നും പുറത്തുവന്നു. ഫോണ്‍ അറ്റന്‍ഡ്‌ ചെയ്ത കഠോര ശംബ്ദം ആ പാവം പാവം അച്ഛന്‍ തമ്പുരാന്റെ ആയിരുന്നു എന്ന് മനസ്സിലാക്കാന്‍ ഞാന്‍ ഏതാനും നിമിഷങ്ങള്‍ എടുത്തു)
"എനിക്കും സിറ്റിയില്‍ വരേണ്ട ഒരു ആവശ്യമുണ്ടായിരുന്നു. അപ്പൊ പിന്നെ നമുക്ക്‌ ഒരുമിച്ച്‌ പോയി നോക്കാം എന്ന് വിചാരിച്ചു. മോന്‍ ഇപ്പൊ എവടെയാ"
(ഇയാള്‍ പോലീസുകാരന്‍ തന്നെയായിരുന്നോ എന്ന എന്റെ സംശയം ആ നിമിഷം തീര്‍ന്നു)
"എന്റെ വണ്ടി കേടായി. ഞാനിപ്പൊ പാലക്കല്‍ എത്തിയിട്ടേയുള്ളു. അവളോട്‌ വീട്ടില്‍ പൊയ്‌ക്കോളാന്‍ പറയാന്‍ വേണ്ടി വിളിച്ചതാ"
"ഞാന്‍ വേണമെങ്കില്‍ വണ്ടിയും കൊണ്ട്‌ വരാം മോനേ"
"അയ്യോ അതൊന്നും വേണ്ട അച്ഛാ, ഭയങ്കര വെയിലാണ്‌. നമുക്ക്‌ പിന്നെ നോക്കാം. ഞാന്‍ ഇപ്പൊ പോട്ടെ"
"കഷ്ടമായിപ്പോയല്ലോ മോനേ. എന്നാ പിന്നെ വെയിലുകൊള്ളാതെ വീട്ടിലേക്ക്‌ പൊയ്ക്കോളൂ. ആ പിന്നേ, അമ്മ പ്രത്യേകം അന്വോഷിച്ചതായി പറയാന്‍ പറഞ്ഞു"
"സന്തോഷമായച്ഛാ"
( നേരെ തേക്കിന്‍കാട്‌ മൈതാനത്ത്‌ കേറി രണ്ട്‌ റൌണ്ട്‌ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. നല്ലോണം ദാഹിച്ചപ്പൊ പെട്ടിക്കടയില്‍ കേറി ഒരു ഉപ്പുസോഡയും കുടിച്ച്‌ ഇരുപതേ മുപ്പതില്‍ വീട്ടിലേക്ക്‌ വച്ചു പിടിച്ചു. പോകുന്ന പോക്കില്‍ നവരത്നയുടെ മുന്നിലൂടെ പാസ്സ്‌ ചെയ്തു, ഒരു തരം വെറുപ്പ്‌ എന്റെ ഉള്ളില്‍ നിന്നും തികട്ടിവന്നു. ഉണ്ണാത്തവന്‌ ഇല കിട്ടാത്ത വിഷമം, ഉണ്ടവന്‌ പായ കിട്ടാത്ത വിഷമം... അടുത്ത തവണ നോക്കാം, വേറെ ഒരു നമ്പര്‍ കണ്ടുപിടിക്കണം.)

12 comments:

വികടന്‍ said...

സത്യത്തിന്റെ മുഖം പലപ്പൊഴും ഭീകരമായിരിക്കും. അമ്മായിയച്ഛന്റേത്‌ പോലെ...

നന്ദകുമാര്‍ said...

ഹഹഹ് അമ്മായി അപ്പനായാല്‍ ഇങ്ങിനെ വേണം. :) രസിപ്പിച്ചു

R. said...

ബുഹഹഹ!

വികടാ, രണ്ടു മാസത്തെ ഗ്യാപ്പിന്റെ കുറവ് ഈ പോസ്റ്റ് തീര്‍ത്തു, ട്ടാ.
വാമഫാഗത്തിന്റെ വിധി! (ഞാന്‍ ഓടിത്തള്ളി).

അബ്‌കാരി said...

ഹഹഹാ.. അച്ഛന്‍ പോലിസ്‌ തന്നെ ആണെന്ന ഇപ്പൊ മനസിലായില്ലേ ? സൂപര്‍!!!

lakshmy said...

:))

തെന്നാലിരാമന്‍‍ said...

ഉണ്ണാത്തവന്‌ ഇല കിട്ടാത്ത വിഷമം, ഉണ്ടവന്‌ പായ കിട്ടാത്ത വിഷമം.പായ കിട്ടിയിട്ടും കിട്ടേണ്ടതു കിട്ടാത്ത വിഷമം വികടനും....:-) കലക്കി സാറേ...

sarathc said...

യോഗം... അപ്പൊ അമ്മായി അപ്പനും പോലീസ് ആണോ?

സങ്കുചിതന്‍ said...

:)

ഇസാദ്‌ said...

ഹഹഹ, ഗലക്കി . :)

വല്യമ്മായി said...

കിണ്ണങ്കാച്ചി പോസ്റ്റ്.അമ്മായിഅച്ഛന്‍ ബ്ലോഗ് വായിക്കില്ലാന്നുറപ്പുണ്ടോ?

vinuxavier said...

നമിച്ചു ഗുരുവേ... ഇനി ബാക്കി എല്ലാം വായിച്ചു ചിരിച്ചു മരിക്കതിരുന്നാല്‍ മതിയായിരുന്നു..!

വിനു said...

നമിച്ചു ഗുരുവെ.. ഇനി ബാക്കിയുള്ളതും കൂടി വായിച്ചു ചിരിച്ചു മറിയട്ടെ..!