ഏഴാമത്തെ വയസ്സിലായിരുന്നു ഞാന്‍ ആദ്യമായി പണിക്കരെ കാണുന്നത്. അമ്മൂമ്മയ്ക്ക് മുത്തശ്ശന്‍ പറയുന്നത് കഴിഞ്ഞാല്‍ പിന്നെ ഏറ്റവും വിശ്വാസം ഈ പണിക്കര്‍ പറയുന്നതായിരുന്നു. മണ്ണിലും ചളിയിലും കളിച്ച് മാവിലും പ്ലാവിലും വലിഞ്ഞ് കയറി തുടയിലും നെഞ്ചത്തും എന്നും പോറലുമായി നടന്നിരുന്ന എനിക്ക് നവഗ്രഹങ്ങളും രാഹുവും കേതുവുമൊക്കെ അന്യമായിരുന്നു. രാഹുകാലം പൊട്ടയാണെന്ന് മാത്രമറിയാമായിരുന്നു. സ്കൂളില്‍ ചേരുന്ന ദിവസമാണ് ഞാന്‍ രാഹുവിനെ പരിചയപ്പെട്ടത്. രാഹുകാലത്തിന് മുന്‍പായി വീട്ടില്‍ നിന്നിറങ്ങാനുള്ള അമ്മൂമ്മയുടെ നിര്‍ബന്ധം കാരണം എനിക്കു അന്ന് പുലര്‍ച്ചേ അഞ്ചരക്ക് എഴുന്നേല്‍ക്കേണ്ടിവന്നു. പരിചയപ്പെട്ട അന്ന് തന്നെ ഒരാളെ വെറുക്കുന്നത് അന്ന് ആദ്യമായായിരുന്നു. രാഹു ഒരു സര്‍പ്പമായി വന്ന് ഗ്രഹങ്ങളെ വിഴുങ്ങുന്നതും ഏതോ ഒരു ദൈവം രാഹുവിന്റെ കഴുത്ത് വെട്ടി ഗ്രഹത്തെ രക്ഷിക്കുന്നതുമൊക്കെ അമ്മൂമ്മ ഒരിക്കല്‍ പറഞ്ഞുതന്നിട്ടുണ്ട്. പാവം രാഹു, വിശന്നിട്ടാവും. ഞാനും അങ്ങനെയായിരുന്നു, വിശന്നാല്‍ പിന്നെ എന്തും തിന്നും. ഇരുമ്പന്‍പുളിയും കൊട്ടക്കായയും കാരപ്പഴവും ഞാവല്‍പ്പഴവും തിന്ന് വയറുനിറയെ വെള്ളവും കുടിച്ചായിരിക്കും പലപ്പോഴും കളികഴിഞ്ഞ് വീട്ടില്‍ വരുന്നത്. കാരപ്പഴത്തിന്റെ കറുത്ത തൊലി പറ്റിയിരിക്കുന്ന പല്ലുകള്‍ പുറത്ത് കാണിച്ച് ഞാവല്‍പ്പഴത്തിന്റെ വയലറ്റ് നിറം പുരണ്ട നാവ് തുറിപ്പിച്ച് മുത്തശ്ശന്റെ മുന്നില്‍നിന്ന് ഒന്ന് കൊഞ്ഞനം കാണിച്ചായിയിരുന്നു പലപ്പോഴും എന്റെ കുട്ടിക്കാലത്തെ ദിവസങ്ങള്‍ അവസാനിച്ചിരുന്നത്. ചീത്തപറയുന്ന അമ്മയെ പലപ്പോഴും രാഹുവിന്റെ കഴുത്ത് വെട്ടിയ ദുഷ്ടനായ ദൈവമായി ഞാന്‍ മനസ്സില്‍ സങ്കല്‍പ്പിച്ചിരുന്നു. രാഹുവിനോടുള്ള ദീനാനുകമ്പ പക്ഷെ ചില ദിവസങ്ങളിലെ നേരത്തേ എഴുന്നേല്‍ക്കലില്‍ ദേഷ്യമായി മാറി.
ചിക്കന്‍പോക്സ് ആരും ക്ഷണിക്കാതെ തന്നെ എന്നെ തേടി വന്നു. കിടപ്പിലായിരുന്നു, രണ്ട് മാസത്തോളം. ഇടക്കിടെ മരിക്കുകയും കുറേ കഴിഞ്ഞ് ഉപ്പേരി വേണമെന്ന് പറഞ്ഞ് കരയാന്‍ തുടങ്ങുകയും ചെയ്ത ആ കുട്ടി നാട്ടുകാര്‍ക്ക് ഒരു തമാശയായിമാറി. അമ്മൂമ്മയുടെ തോളില്‍ നനഞ്ഞ കോഴിയെപ്പോലെ കിടന്ന് ഞാന്‍ പതിയെ ആ കുടുസ്സുമുറിയില്‍ നിന്ന് പുറത്ത് വന്നുതുടങ്ങി. അസുഖം മാറി കുളിച്ച് ആദ്യമായി അമ്പലത്തില്‍ പോയ എന്നെ കണ്ട ശാന്തിക്കാരന്‍ ശാസ്താവ് പ്രസാദം കൊടുക്കുന്നതിനിടെ കളിയാക്കി, "എന്താ മേന്‍നേ, കുറുമ്പൊക്കെ കുറഞ്ഞോ?". വാടിയ ഒരു ചിരിയോടെ ശാന്തിക്കാരന്റെ കയ്യില്‍ കടന്ന് പിടിച്ചായിരുന്നു ഞാന്‍ മറുപടി കൊടുത്തത്. തൊട്ടശുദ്ധമാക്കിയ ആ ഏഴ് വയസ്സുകാരനെ കൊല്ലാനുള്ള ദേഷ്യമുണ്ടായിരുന്നെങ്കിലും ശ്രീകോവിലടച്ച് കുളത്തിലേയ്ക്ക് ശുദ്ധിവരുത്താനുള്ള പോക്കില്‍ തീര്‍ത്ഥമെടുത്ത് തലയില്‍ തളിച്ച് അമ്മൂമ്മയോടായി പറഞ്ഞു "സരോജിനിയമ്മേ, കുട്ടീടെ ജാതകം ഒന്ന് നോക്കിക്കോളൂ. കിഴക്കേമഠത്തിലേയ്ക്ക് കൊണ്ട്ചെല്ലൂ, പറ്റൂച്ചാല്‍". അന്ന് എനിക്ക് ശ്രീകോവിലിനുമുന്നിലെ മണിയടിക്കാന്‍ പറ്റിയില്ല. നെയ്പ്പായസവും ഗണപതിഹോമത്തിന്റെ നാളികേരക്കൊത്തും കിട്ടിയില്ല. പകരം വീട്ടിലെത്തിയപ്പോള്‍ നല്ല അടികിട്ടി, അമ്മൂമ്മയുടെ വക. ഭാഗ്യം, അമ്പലത്തില്‍ വച്ച് തല്ലി നാണംകെടുത്തിയില്ലല്ലോ, ഞാന്‍ ആശ്വസിച്ചു.
നെറ്റിയില്‍ ഭസ്മം കൊണ്ട് ഇന്ത്യയുടെ പതാക പോലെ മൂന്ന് വര വരച്ച് നടുക്ക് കുങ്കുമംകൊണ്ട് ഒരു വട്ടപ്പൊട്ടും ചാര്‍ത്തിയിരിക്കുന്ന മെലിഞ്ഞ ഒരു നമ്പൂരി. മുഖമുയര്‍ത്തി എന്നെ ഒന്ന് നോക്കി. എന്നിട്ട് അമ്മൂമ്മയോടായി എന്തൊക്കെയോ പറഞ്ഞു. പോയിട്ട് രണ്ട് ദിവസം കഴിഞ്ഞ് വരാന്‍ പറഞ്ഞ് അയാള്‍ എന്നെ നോക്കി തലയാട്ടി വിളിച്ചു. "ങട് വരാ, കാണട്ടെ". അടുത്ത്ചെന്നുനിന്ന എന്നില്‍നിന്നും ഒരു കയ്യകലത്തില്‍ നീങ്ങി ഇരുന്ന് നമ്പൂരി എന്നെ ഉഴിഞ്ഞ് നോക്കി. "ശ്ശി കുറുമ്പനാണെന്ന് കേട്ടു, ശര്യാണോ?". ശാസ്താവിന്റെ കയ്യില്‍ പിടിച്ച കഥ അവിടെയും എത്തിയിരുന്നു. "കുട്ട്യോള്‍ക്ക് സ്വല്‍പ്പം കുറുമ്പൊക്കെ ആവാംട്ടോ, സരോജിനി ചീത്തപറയും... കാര്യാക്കണ്ട". ആദ്യമായി കണ്ട ഒരാളെ വല്ലാതെ ഇഷ്ടപ്പെടുന്നതും അന്നായിരുന്നു. "ആ വലത്തേ കയ്യിങ്ങട് നീട്ടാ". ചെറിയമടിയോടെ ഞാന്‍ അമ്മൂമ്മയെ നോക്കി. അടി തരാനായിരിക്കുമോ എന്നല്ലായിരുന്നു പേടി, ആ പേടി സ്കൂളില്‍ ചേര്‍ന്ന് കുറച്ച് കഴിഞ്ഞപ്പോഴേക്കും മാറിയിരുന്നു. മറ്റുള്ളവര്‍ തരുന്നതൊന്നും വാങ്ങരുതെന്ന് അമ്മ പറഞ്ഞുതന്നിരുന്നു. അന്തസ്സിന് കുറവാണത്രേ. സംശയിച്ച് നിന്നിരുന്ന എന്നോടായി നമ്പൂരി പറഞ്ഞു "മടിക്കണ്ട, നെന്റെ അച്ഛനും അമ്മയുമൊക്കെ ഇതുപോലെ നിന്നോരാ". ചെറിയ ചിരിയോടെ അമ്മൂമ്മ എനിക്ക് മൌനാനുവാദം നല്‍കി. വലത്തേകൈ നീട്ടിപ്പിടിച്ചപ്പോള്‍ എനിക്ക് അന്തസ്സുകുറവ് തോന്നിയോ എന്നറിയില്ല, പക്ഷെ നമ്പൂരി കയ്യിലേക്ക് സൂക്ഷിച്ച് നോക്കിയപ്പൊ എനിക്കെന്തോ പോലെയായി. ഉള്ളംകയ്യിലേയ്ക്ക് ചെല്ലം തുറന്ന് ഒരു രൂപയെടുത്ത് ഇട്ടിട്ട് നമ്പൂരി അമ്മൂമ്മയോടായി പറഞ്ഞു "വിഷമിക്കാനൊന്നൂല്ല്യാ, മിടുക്കനാവും". ഭക്ത്യാദരപൂര്‍വ്വം പിന്തിരിയാതെ പിന്നോക്കം നടന്നിറങ്ങുന്ന അമ്മൂമ്മയുടെ കൂടെ പടികളിറങ്ങുമ്പോള്‍ നമ്പൂരി എന്നോടായി പറഞ്ഞു "നഖം വെട്ടാന്‍ മടിക്കണമ്ന്നില്ല്യാ. ഇനി വരുമ്പൊ നഖണ്ടാവരുത്, ണ്ടായാല്‍ ചെമ്പ് വാര്‍പ്പിലിട്ട് പ്രഥമന്‍ വക്കും". വീട്ടിലെത്തിയപാടെ ഞാന്‍ ബ്ലേഡ് എടുത്ത് നഖം വെട്ടി.
മഞ്ഞനിറത്തില്‍ ഒരു പുസ്തകം, ജോണിച്ചേട്ടന്റെ കടയില്‍ പോകുമ്പോള്‍ വാങ്ങണ്ട സാധങ്ങളുടെ ലിസ്റ്റെഴുതുന്ന പുസ്തകത്തിനേക്കാള്‍ ചെറിയ ഒരു പുസ്തകം. ഒരു ഇരുപത് പേജ് കാണുമായിരിക്കും. മുന്നില്‍ ആലിലയില്‍ ഇരിക്കുന്ന ഗണപതിയുടെ പടം. മലയാളത്തില്‍ എഴുതിയ മനസ്സിലാവാത്ത എന്തൊക്കെയോ വാക്കുകള്‍. അതിലെ ഒരു വരി ഞാന്‍ കേട്ടിട്ടുണ്ട്, അമ്പലത്തില്‍ ഗണപതി ഹോമം നടക്കുമ്പോള്‍. ഞാന്‍ എന്റെ ജാതകം വായിക്കുന്നതും നോക്കി മുത്തശ്ശന്റെ മടിയില്‍ കിടന്നു. അമ്മൂമ്മ നിര്‍ത്താതെ പറഞ്ഞുകൊണ്ടേയിരുന്നു. നമ്പൂരി പറഞ്ഞതെല്ലാം അച്ചട്ടാണത്രെ. മൂന്ന് വയസ്സും ശിഷ്ടവും നില്‍ക്കും ഗര്‍ഭശിഷ്ടദശയില്‍ മരണകാരണമായേക്കാവുന്ന അശ്രദ്ധ അമ്മയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ടെന്ന് നമ്പൂരി പറഞ്ഞിരിക്കുന്നു. എന്തിലും അമ്മയോട് തല്ലുകൂടിയിരുന്ന അമ്മൂമ്മയ്ക്ക് ഒരുപാട് ഉദാഹരണങ്ങള്‍ ഉണ്ടായിരുന്നു ആ മരണകാരണമായേക്കാവുന്ന അശ്രദ്ധക്ക്. "എന്റെ മോനെ നീ കൊന്നേനെ" എന്ന് പറഞ്ഞ് അമ്മയുമായി വീണ്ടും വഴക്കിനെഴുന്നേറ്റ അമ്മൂമ്മ മുത്തശ്ശന്റെ രൂക്ഷമായ നോട്ടത്തില്‍ അടങ്ങി. എഴ് വയസ്സും ശിഷ്ടവും നില്‍ക്കും ചന്ദ്രദശയില്‍ മാരകരോഗങ്ങള്‍ക്ക് കീഴെപ്പെടേണ്ടിവരും എന്നും നമ്പൂരി പറഞ്ഞുവച്ചിരിക്കുന്നു. എല്ലാം ശെരിയാണ്. അമ്മൂമ്മയ്ക്ക് എല്ലാം വിശ്വാസമായി. ഇരുപത്തിയെട്ട് വയസ്സും ശിഷ്ടവും നില്‍ക്കും ശനിദശയെ പറ്റി പറയുമ്പോള്‍ അമ്മൂമ്മയുടെ മുഖത്ത് ഒരു പേടി ഉണ്ടായപോലെ തോന്നി. നാല്‍പ്പത്തിനാല് വയസ്സും ശിഷ്ടവും നില്‍ക്കും ശുക്രദശയില്‍ കര്‍മ്മമണ്ഡലത്തില്‍ സൂര്യനെപ്പോലെ ശോഭിക്കുമെന്ന് പറഞ്ഞ് അമ്മൂമ്മ എനിക്കൊരു ഉമ്മ തന്നു. അഷ്ടലക്ഷ്മീ യോഗവും കീര്‍ത്തീമദ് യോഗവുമൊക്കെ വായിച്ച് അമ്മൂമ്മയുടെ കണ്ണുകള്‍ നിറയുന്നത് ഞാന്‍ കണ്ടു. എണ്‍പത്തിരണ്ട് വയസ്സും ശിഷ്ടവും നില്‍ക്കും രവിദശയുടെ അടിയിലായി "ശേഷം ചിന്ത്യം, ശുഭമസ്തു" എന്നെഴുതിയിരിക്കുന്നതെന്താണെന്ന് ചോദിച്ചപ്പ്പ്പോള്‍ ദൂരേക്ക് നോക്കി അമ്മൂമ്മ പറഞ്ഞു "അപ്പൊ മോന് അമ്മൂമ്മയെ കാണാം". അപ്പൊ മുത്തശ്ശനേയോ എന്ന എന്റെ ചോദ്യത്തിന് മറുപടി പറഞ്ഞത് മുത്തശ്ശനാണ്... "മോന്‍ മുത്തശ്ശനെ കാണാന്‍ വരണ്ട, ആരും വരണ്ട".
ഞാന്‍ ചുറ്റിലും നോക്കി. അമ്മയും അച്ഛനും ചേട്ടനും ചേട്ടത്തിയമ്മയും കട്ടിലില്‍ ഇരിക്കുന്നുണ്ട്. കസേരയില്‍ ഇരുന്ന് കരയുന്ന അമ്മൂമ്മയെ മുത്തശ്ശന്‍ ചീത്ത പറയുന്നു. ചേട്ടന്റെ മൂന്ന് വയസ്സുള്ള ഡെവിള്‍ എന്റെ ഓക്സിജന്‍ റ്റ്യൂബ് പിടിച്ച് വലിക്കുന്നു. ഞാന്‍ പതുക്കെ മയക്കത്തിലേക്ക് വഴുതിവീണു. സ്വപ്നത്തില്‍ രാഹു എന്നെ വിഴുങ്ങാന്‍ വന്നു. രാഹുവിനെ ഞാന്‍ അപ്പോള്‍ ശെരിക്കും വെറുത്തു. എനിക്ക് പുറത്ത് കടക്കാന്‍ രാഹുവിന്റെ കഴുത്തറുക്കാന്‍ ഒരു ദൈവത്തേയും ഞാന്‍ കണ്ടില്ല. ദൈവങ്ങള്‍ ദുഷ്ടന്മാരാണ്. സ്വപ്നത്തില്‍ ഞാന്‍ എന്റെ ജാതകം വീണ്ടും തുറന്നുനോക്കി. ഇരുപത്തെട്ട് വയസ്സും ശിഷ്ടവും നില്‍ക്കും ശനിദശയുടെ അടിയിലായി എഴുതി വെട്ടിയിരിക്കുന്നത് "ശേഷം ചിന്ത്യം... ശുഭമസ്തു" എന്നാണെന്ന് എനിക്ക് തോന്നി. രാഹു എന്നെ മുഴുവനും വിഴുങ്ങി. അങ്ങനെ ഞാനും ശേഷം ചിന്ത്യമായി.
Subscribe to:
Post Comments (Atom)
16 comments:
ഇന്ന് ഞാന്‍, നാളെ നീ
ഇന്ന് നീ നാളെയും നീ...
ശേഷം..ചിന്ത്യം...
ശുഭമസ്തു....
:):):)
ശുഭമസ്തു...
കൊള്ളാം കഥ, കേട്ടോ.
പണ്ട് നമ്പൂരിയും പറഞ്ഞ കാര്യങ്ങളുമെങ്കിൽ
ഇന്ന് ആറ്റുകാൽ രാധാകൃഷ്ണനും യന്ത്രങ്ങളും.
ശേഷം..ചിന്ത്യം...ശുഭമസ്തു....
നന്നായിരിക്കുന്നു.
പറയുന്നതു തമാശയായി മാത്രം എടുക്കണേ....
ബ്ലോഗില്‍ എഴുതും എന്നും ജാതകത്തില്‍ പറഞ്ഞോ?
എന്റെ ജാതകം ഉണ്ടാക്കിയിട്ടില്ല, വിവാഹം കഴിഞ്ഞതിനാല്‍ ഇനി അതിന്റെ ആവശ്യം ഉണ്ടാവുമെന്നും തോന്നുന്നില്ല.
ഈ പരിപാടി വലിയ ദോഷമുണ്ടാക്കില്ലായിരിക്കാം, പൂജാ ഇത്യാദി പരിപാടികളുമായി സമയം കളഞ്ഞില്ലെങ്കില്‍. പക്ഷെ ഒന്നര വയസുള്ളപ്പോള്‍ സര്‍പ്പക്കാവില്‍ മൂത്രമൊഴിച്ചു, അതിന്റെ ദൈവകോപം ആണ് ഇപ്പോള്‍ അനുഭവിക്കുന്നത് എന്ന മട്ടില്‍ പ്രശ്നം വെച്ചു ചിലര്‍ പറയുന്പോള്‍ ഇതിലധികം രാഹുവും കേതുവും ഒക്കെ മനസ്സില്‍ വിളയാടും.
മുത്തശ്ശനെ കണ്ടില്യാന്നുണ്ടോ.
അത്രടം വരെ പോയതല്ലെ.
അപ്പൂട്ടാ... ജാതകം വിവാഹം കഴിക്കാന്‍ പൊരുത്തം നോക്കാനുള്ളതാണെന്ന് തെറ്റിദ്ധാരണ. പേഴ്‌സണലായിട്ട് പറയുവാണെങ്കില്‍, ആ ഒരു മാചിങ്ങില്‍ നോമിന് വല്ല്യേ വിശ്വാസം ഇല്ല. പക്ഷെ, ലഗ്നങ്ങളും രാശികളും നോക്കി എന്തെങ്കിലുമൊക്കെ പറയുന്നതാണ് ജാതകം എന്ന ഒരു ധാരണ എനിക്കില്ല. ഈ കാലത്തില്‍ ഇതില്‍ വിശ്വസിക്കുന്നവരോ എന്ന് ചോദിക്കാന്‍ വരട്ടെ. അന്തക്കാലത്തില്‍ ഭൂമി ഒരുണ്ടതാണെന്ന് വിശ്വസിക്കാനും പലരും മടിച്ചിരുന്നു. ഏല്ലാം മായ തന്നെ. (ഈ മായ ആരാണെന്ന് ചോദിക്കല്ലേ, പറയില്ല)
നന്നായി ജാതകന്‍.. നല്ല പോസ്റ്റു ...
ക്ഷമിക്കണം വികടന്‍, തമാശയാണെന്ന് മുന്‍കൂര്‍ ജാമ്യം എടുത്തിരുന്നു, എന്നാലും പറഞ്ഞത് ആരെയും വേദനിപ്പിക്കാനല്ലെന്നു ഒന്നുകൂടി പറയട്ടെ.
ജാതകം വിവാഹാവശ്യത്തിനു മാത്രമല്ല എന്നത് അംഗീകരിക്കുന്നു. എന്റെ ജാതകം ഇനി എഴുതപ്പെടാന്‍ ഇടയില്ല എന്ന അര്‍ത്ഥതില് മാത്രമാണ് ഞാന്‍ അത് പറഞ്ഞത്.
ഇതിന്റെ ദോഷവശം (ജാതകത്തില്‍ എഴുതിയത് മാറ്റാന്‍ പ്രത്യേക പൂജയും മറ്റും) എന്തെന്നതില്‍ എന്റെ അഭിപ്രായം ഞാന്‍ പറഞ്ഞല്ലോ. ഒരു വ്യക്തിക്ക് ജാതകത്തില്‍ വിശ്വാസമുണ്ടെങ്കില്‍ ആയിക്കോട്ടെ, പക്ഷെ അതിന്റെ പേരില്‍ ഇല്ലാത്ത പൊല്ലാപ്പുകള്‍ വലിച്ചു തലയില്‍ ഇടുന്നതിനെ ആണ് എനിക്ക് താത്പര്യം ഇല്ലാത്തത്. അതിലേക്കായി തന്നെയാണ് പ്രശ്നം വെക്കലും മറ്റും പറഞ്ഞത് (യന്ത്രങ്ങളുടെ കാര്യം തൂലികാജാലകം പറഞ്ഞതിനാല്‍ ഞാനത് പറഞ്ഞില്ല എന്നേയുള്ളു).
പേഴ്സണലായി തന്നെ ഞാനും പറയട്ടെ, എന്റെ വിധി നേരത്തെ കാണാനാവും എന്നത് ഞാന്‍ വിശ്വസിക്കുന്നില്ല. പക്ഷെ അങ്ങിനെ ഒരാള്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ അതിനെ ചോദ്യം ചെയ്യാനും ഞാനില്ല, അതിന് പ്രതിവിധി ആന്വേഷിച്ചു അയാള്‍ സ്വപ്രയത്നം ഒഴിച്ചുള്ള ബാക്കി കാര്യങ്ങളില്‍ സമയവും സമാധാനവും പാഴാക്കിക്കളയുന്നതുവരെ.
അപ്പൂട്ടാ... ശുഭമസ്തു. :)
വികടാ, ജാതകന്‍ രസിച്ചു വായിച്ചു.
എന്റെ ജാതകത്തില്‍ 41 വയസ്സ് വരേയേ എഴുതിയിട്ടുള്ളൂ അതിനു ശേഴം ചിന്ത്യം എന്നാ. അപ്പോ ഒരു നാലു നാലരകൊല്ലം കൂടി രസിച്ചാ ജീവിക്ക്യാ അല്ലാണ്ടെന്താ പിന്നെ ചിന്ത്യം..
എന്റെ 68നു ശേശ്ഷം ചിന്ത്യം ആണ്
എന്റെ 68നു ശേശ്ഷം ചിന്ത്യം ആണ്
മിസ്റ്റര്‍ വികടന്‍, വളരെ നന്നായി എഴുതിയിരിക്കുന്നു. രസത്തോടെ വായിച്ചു. ആ അവസാന പാരഗ്രാഫ് കലക്കി. അടിപൊളി.
എന്റെ കാര്യം പിന്നെ ജനിച്ച കാലം തൊട്ടേ ചിന്ത്യാ. അച്ഛനും അമ്മക്കും ചിന്ത്യം :)
നന്നാറ്റി എഴുതിയിരിയ്ക്കുന്നു.
“എണ്‍പത്തിരണ്ട് വയസ്സും ശിഷ്ടവും നില്‍ക്കും രവിദശയുടെ അടിയിലായി "ശേഷം ചിന്ത്യം, ശുഭമസ്തു" എന്നെഴുതിയിരിക്കുന്നതെന്താണെന്ന് ചോദിച്ചപ്പ്പ്പോള്‍ ദൂരേക്ക് നോക്കി അമ്മൂമ്മ പറഞ്ഞു "അപ്പൊ മോന് അമ്മൂമ്മയെ കാണാം"”
ഈ ഭാഗം ശരിയ്ക്കു ടച്ചിങ്ങ് അയി
Post a Comment