Monday, February 09, 2009

നിങ്ങളെന്നെ സോഷ്യലിസ്റ്റാക്കി

ഞായറാഴ്ച്ച പതിവുപോലെ സൂര്യന്‍ ഉദിച്ചു. തുറന്നിട്ട ജനലിലൂടെ ഇളം വെയില്‍ മുറിയില്‍ വന്ന് നിറഞ്ഞപ്പോള്‍ പുതപ്പെടുത്ത്‌ തലമൂടി ഒന്നുകൂടെ ഉറങ്ങാനുള്ള ശ്രമം നടത്തുകയായിരുന്നു. പറ്റുന്നില്ല... എണീക്കുക തന്നെ. പതുക്കെ എണീറ്റ്‌ കട്ടിലില്‍ ഇരുന്ന് മുണ്ട്‌ തപ്പിക്കണ്ടുപിടിച്ചു. ചായകിട്ടാന്‍ അടിയിലേയ്ക്‌ പോണം, അവടെ ചെന്നാല്‍ കുളിച്ച്‌ അമ്പലത്തില്‍ പോകാന്‍ പറയും. വെറുതേ രാവിലേ തന്നെ പറ്റില്ല എന്ന് പറയണ്ട എന്ന് വച്ച്‌ പതുക്കെ പുറത്തേക്കുള്ള വാതില്‍ തുറന്ന് ബാല്‍ക്കണിയില്‍ നിന്നു. ആഹഹ... പ്രശാന്തസുന്ദരമായ പ്രകൃതി. വടക്കേപ്പുറത്തെ കോലോത്തെ കുളത്തില്‍ നിറയെ ലേഡീസ്‌. വീടിന്റെ നേരെ മുന്നിലെ ഹാജുറു ഇത്തയുടെ കാര്‍പോര്‍ച്ചില്‍ കുറേ പിള്ളേര്‍. ഒരുത്തന്‍ ആസനം എന്റെ നേരെ തിരിച്ചിരുന്ന് അധമനെ പുറത്താക്കുന്നു. അധമക്കഷ്ണങ്ങളെ ഇടക്കിടേ മണ്ണിട്ട്‌ മൂടുന്നുമുണ്ട്‌. ഭാഗ്യവാന്‍, അതും ആസ്വദിക്കാന്‍ അവന്‌ പറ്റുന്നു. തലേന്ന് രാത്രി ബിയറിന്റെ കൂടെ അടിച്ച്‌ കേറ്റിയ ബീഫ്‌ ചില്ലിയെ പറ്റി ഓര്‍ത്തപ്പോള്‍ എനിക്ക്‌ കക്കൂസില്‍ പോകാന്‍ പേടി തോന്നി. തിത്തിരുമ്മയുടെ വീട്ടിലെ പശു കിടന്ന് അമറുന്നു. ഔസേപ്പേട്ടന്റെ വീട്ടില്‍ പള്ളിയില്‍ പോകാനുള്ള ബഹളം. ആരൊക്കെയോ ചീത്തപറയുന്നു. കുറേ പിള്ളേര്‍ അവടേയുമുണ്ട്‌. ചുരുക്കത്തില്‍ ഈ ഭാഗം മുഴുവനിപ്പൊ പിള്ളേരാണ്‌. കൊല്ലാകൊല്ലം ഗള്‍ഫീന്ന് ഒരുമാസത്തേയ്ക്ക്‌ നാട്ടില്‍ വരുന്ന അയലോക്കത്തെ ഇക്കാസിനോട്‌ എനിക്ക്‌ ബഹുമാനം തോന്നി. ഇഫക്ടീവ്‌ യുടിലൈസേഷന്‍ ഓഫ്‌ ടൈം.

സിനിമയിലെ നായകന്‍സ്‌ കയ്യില്‍ ഒരു കപ്പ്‌ കാപ്പിയുമായി വന്ന് നിന്ന് കാണിക്കുന്ന പോലെ ഞാനും കയ്യും കാലുമൊക്കെ ഒന്ന് നിവര്‍ത്തി, വളഞ്ഞ്‌ തിരിഞ്ഞ്‌ മൂരിനിവര്‍ന്നു. ഇടക്ക്‌ കണ്ണൊന്ന് കുളത്തിലേയ്ക്ക്‌ പാളിയെങ്കിലും പ്രത്യയശാസ്ത്രപരമായ സാമൂഹിക സദാചാരബോധം ഒരു ബുള്‍ഡോസറായി എന്നെ ഇടിച്ച്‌ നിരത്തി (ബുള്‍ഡോസര്‍ എന്ന ഇരട്ടപ്പേരുള്ള പങ്കജം എന്ന സ്ത്രീ കടവില്‍ നില്‍പ്പുണ്ടായിരുന്നു. ഞാനെങ്ങാനും നോക്കുന്നത്‌ കണ്ടാല്‍ പിശാച്‌ നാട്ടില്‍ പാടി നടക്കും. ഇപ്പൊ ഉള്ള ചീത്തപ്പേര്‌ തന്നെ ധാരാളം). സാക്ഷാല്‍ അന്തോണീസ്‌ പുണ്യാളന്‍ നേരിട്ട്‌ മാമോദീസയും അന്ത്യകൂദാശയുമൊക്കെ നടത്തിയ പാരമ്പര്യം അവകാശപ്പെടുന്ന കുടുംബത്തിലെ മെലിഞ്ഞുണങ്ങിയ പശു ഞങ്ങളുടെ വേലി പൊളിക്കുന്നത്‌ കണ്ട ഞാന്‍ അടിയിലേക്കോടി. "അമ്മേ... ആ പശു നമ്മുടെ വേലി പൊളിക്കുന്നു", ഫോര്‍ അമ്മാസ്‌ ഇന്‍ഫൊര്‍മേഷന്‍ ഞാന്‍ വിളംബരം ചെയ്തു. അനക്കമൊന്നും കേള്‍ക്കാനില്ല. അമ്മ കേട്ടില്ലേ എന്ന് സംശയിച്ച്‌ നിക്കുമ്പൊ മാതാശ്രീ ഒരു ചിരി ഫിറ്റ്‌ ചെയ്ത്‌ നടന്ന് വന്നു. "അവരുടെ പശു, അവരുടെ വേലി... പൊളിക്യേ കെട്ട്വേ എന്താന്ന്ച്ചാ ആയിക്കോട്ടേ. നമ്മടെ പറമ്പില്‍ക്ക്‌ കേറ്യാ ഓടിച്ചോ". ബെസ്റ്റ്‌ ബെസ്റ്റ്‌. അയലോക്കക്കാരായാ ഇങ്ങനെ വേണം.

പശു അവരുടെ തന്നെ തെങ്ങിന്‍ തൈ കടിച്ച്‌ തിന്നുന്നതും നോക്കി ഞാന്‍ പല്ലുതേച്ചു. പിന്നാമ്പുറത്തെ ഉയരം കുറഞ്ഞ മാവിലെ മാങ്ങകള്‍ നോക്കി നിന്നപ്പൊ ആഷിയുടെ പറമ്പിലെ കായ്ച്ച്‌ നിക്കാറുള്ള മാവുകള്‍ ഓര്‍മ്മവന്നു. ഉപ്പും മുളകും വെളിച്ചെണ്ണയില്‍ ചാലിച്ച്‌ മൂവാണ്ടന്മാങ്ങ തിന്ന് നടന്ന വണ്ടര്‍ഫുള്‍ ഇയേഴ്‌സ്‌. മോട്ടോര്‍ ഷെഡിന്‌ മുകളിലിരുന്നുള്ള ചീട്ടുകളിയിലും മോട്ടോര്‍ ഷെഡിനുള്ളിലിരുന്നുള്ള വെള്ളമടിയിലും ആ മാങ്ങകള്‍ ഞങ്ങളുടെ മോട്ടിവേഷന്‍ ഫാക്ടര്‍ (ടച്ചിങ്ങ്‌സ്‌)ആയിരുന്നല്ലൊ. ഗതകാല സ്മരണകള്‍ അയവിറക്കിയതിന്റെ കൂട്ടത്തില്‍ കുറച്ച്‌ കോള്‍ഗേറ്റ്‌ ആക്ടീവ്‌ സാള്‍ട്‌ കൂടെ വയറ്റിലേക്ക്‌ പോയി, പണ്ടാറം. വായകഴുകി ഒരു ഗ്ലാസ്‌ ചായയുമെടുത്ത്‌ പേപ്പര്‍ എടുക്കാന്‍ വീടിന്റെ ഉമ്മറത്തേക്ക്‌ ചെന്നപ്പൊ, പുലിയും വേലായുധേട്ടനും കൂടെ അടക്കം പറയുന്നു. ഒളിച്ച്‌ നിന്ന് കേള്‍ക്കുന്നത്‌ സാംസ്കാരിക മൂല്യച്യുതിയാണെന്നറിയാമെങ്കിലും ചില സമയങ്ങളില്‍ ഞാന്‍ വെറും തറയായി മാറാറുണ്ട്‌. ജനലിന്‌ പുറകില്‍ പതുങ്ങിനിന്ന് ഒരുചെവി പുറത്തേക്ക്‌ വച്ചു. ച്ഛായ്‌... ബോറന്‍ ടോപിക്‌; റിയല്‍ എസ്റ്റേറ്റ്‌. അപ്പൊ, വേലായുധേട്ടന്‍ പെയ്റ്റ്‌ പണി നിര്‍ത്തി റിയല്‍ എസ്റ്റേറ്റ്‌ മാഫിയയില്‍ ചേര്‍ന്നിരിക്കുന്നു. ഒരു നായര്‍ ഫ്യൂഡല്‍ പ്രഭുവായ അച്ഛനെ ജന്മിത്വത്തിന്റെ കരാളഹസ്തങ്ങള്‍ ബന്ധനസ്ഥനാക്കുന്നത്‌ ഞാന്‍ അവജ്ഞയോടെ നോക്കി നിന്നു.

അമ്മാവന്റെ പണിതീരാത്ത വീടിന്റെ വടക്ക്‌ വശത്തായി അറുപത്‌ സെന്റ്‌ കണ്ണായ സ്ഥലം കൊടുക്കാനുണ്ട്‌ പോലും. വില അറിയില്ല എന്ന വേലായുധേട്ടന്റെ അവകാശവാദം പൊള്ളയാണെന്ന് ഏത്‌ പോലീസുകാരനും മനസ്സിലാവും... പക്ഷെ പുലിക്ക്‌ മനസ്സിലായില്ല എന്ന് തോന്നുന്നു; ഇപ്പൊ പോലീസുകാരനല്ലാത്തൊണ്ടാവും. ചുരുക്കത്തില്‍ ആ സ്ഥലം അച്ഛന്റെ തലയിലോ അമ്മാവന്റെ തലയിലോ കെട്ടിവയ്ക്കാനാണ്‌ വേലായുധേട്ടന്റെ ശ്രമം. കുറച്ച്‌ കഴിഞ്ഞ്‌ വേലായുധേട്ടന്‍ പോയി. ഞാന്‍ ചായയും കുടിച്ച്‌ പേപ്പര്‍ വായിച്ചിരിക്കുമ്പൊ പുലി ഒന്ന് മുരടനക്കി; സംഭവം വ്യക്തം... എന്തോ ഡയലോഗ്‌ വരുന്നുണ്ട്‌. "ഞാന്‍ ആലോചിച്ചപ്പൊ കുറച്ച്‌ പൈസ ചിലവായാലും സാരമില്ല, നല്ല സ്ഥലമാണ്‌. ഇപ്പൊ വാങ്ങി ഇട്ടാല്‍ ഒരു ഒന്നൊന്നരക്കൊല്ലം കഴിയുമ്പൊ നല്ല വെല കിട്ടും. നിനക്ക്‌ ഒന്ന് നോക്കിക്കൂടെ?". അത്‌ ശരി...അപ്പൊ എന്റെ നെഞ്ചത്തോട്ടാണ്‌ മഴു. കൊള്ളാം, ഇവടെ പണി പോകുമോ സാലറി കുറയ്ക്കുമോ എന്നൊക്കെ ആലോചിച്ച്‌ മനുഷ്യന്റെ ഊപ്പട്‌ എളകി ഇരിക്കുമ്പൊഴാണ്‌ ഒരു കച്ചവടം. പിന്നെ പുലിയുടെ വക ഒരു ക്ലാസ്സ്‌ ആയിരുന്നു. ഇപ്പോഴത്തെ വില, സ്ഥലത്തിന്റെ ആദായം (കൂമ്പ്‌ കരിഞ്ഞ കുറേ തെങ്ങുകള്‍ ഞാന്‍ അവടെ കണ്ടിട്ടുണ്ട്‌, വെട്ടി വിറ്റാപ്പോലും വെട്ട്‌ കൂലി കിട്ടത്ത സൈസ്‌), ഭാവിയിലെ കച്ചവട സാധ്യതകള്‍ തുടങ്ങി കേരള സര്‍ക്കാര്‍ വക അടിസ്ഥാന വില വരെയുള്ള കാര്യങ്ങളുടെ ഒരു സാമാന്യ രൂപം എന്റെ മുന്നില്‍ നിറഞ്ഞൊഴുകി. സംഭവങ്ങള്‍ എനിക്കൊന്നും മനസ്സിലായില്ലെങ്കിലും അവസാനം പറഞ്ഞ ലക്ഷങ്ങള്‍ ലാഭം എന്ന വാക്ക്‌ എന്റെ ചെവി വഴി തലയില്‍ കയറി അങ്ങനെ തങ്ങി നിന്നു. ആര്‍ത്തിയുടെ കാര്യത്തില്‍ ഞാന്‍ ഒട്ടും പിറകിലല്ല. എന്നാ പിന്നെ, ഒന്നര വര്‍ഷം കൊണ്ട്‌ ഒരു വമ്പന്‍ ലാഭം ഉണ്ടാക്കിയേക്കാം എന്ന് ഞാനും വിചാരിച്ചു.

സീന്‍ മാറി. സ്ഥലമുടമയുടെ വീട്‌. ഉമ്മറത്ത്‌ കസേരയില്‍ ഞങ്ങള്‍ മൂന്നുപേരും ഇരുന്ന് ചായ കുടിക്കുന്നു (ഒരു പൊസ്സിബിള്‍ കസ്റ്റമര്‍ ആയാണ്‌ അയാള്‍ ഞങ്ങളെ കണ്ടത്‌. നല്ല സല്‍ക്കാരം). സ്ഥലം വില്‍ക്കാന്‍ പ്രത്യേകിച്ച്‌ കാരണമൊന്നുമില്ല എന്നാണ്‌ അയാളുടെ പക്ഷം. നോക്കി നടത്താന്‍ പറ്റുന്നില്ല പോലും. നോക്കി നടത്താന്‍ ഇതെന്താ പോത്തോ പശുവോ മറ്റോ ആണോ സാര്‍ എന്ന കുനിഷ്ട്‌ ചോദ്യം എന്റെ നാവില്‍ വിളയാടി, പറഞ്ഞില്ല.ചുമ്മാ നമ്പര്‍... വേണമെങ്കില്‍ വാങ്ങിക്കോ, എന്റെ ഔദാര്യമായി കണ്ടാമതി എന്ന സ്റ്റെയില്‍. ആവശ്യം അയാളുടേതാണെങ്കില്‍ നമ്മള്‍ വിലപേശും എന്നോര്‍ത്താവാം അയാള്‍ ഈ റൂട്ട്‌ എടുത്തത്‌. അവസാനം വിലവിവരപ്പട്ടിക നിരത്തി. ആകെ അറുപത്‌ സെന്റ്‌. അറുപത്‌ സെന്റിലായി മാസം മുന്നൂറ്‌ തേങ്ങയോളം തരുന്ന അമ്പതോളം തെങ്ങുകള്‍ ( എന്ന് വച്ചാല്‍, കൂമ്പില്ലാത്തതടക്കമുള്ള എല്ലാ തെങ്ങുകളും മാസം ആറ്‌ തേങ്ങവച്ച്‌ തന്നുകൊണ്ടിരിക്കും എന്ന് അര്‍ത്ഥം. ഹേലോ മിസ്റ്റര്‍ ഫ്രാഡ്‌, ഡിഗ്രി ഇല്ലെന്നേയുള്ളു. ഐ ആം എ പ്രി-ഡിഗ്രി മാത്തമാറ്റിക്സ്‌ ഗൈ. ആ തെങ്ങുകള്‍ മാസം ആറ്‌ പോയിട്ട്‌ ആറുമാസത്തില്‍ മൂന്ന് തേങ്ങ പോലും തരില്ല. നോണ്‍സെന്‍സ്‌). മൊത്തത്തില്‍ എടുക്കുകയാണെങ്കില്‍ സെന്റിന്‌ എഴുപതിനായിരം വച്ച്‌ "തരാം" (ഔദാര്യം). മുറിച്ച്‌ കൊടുക്കുമ്പൊ മിനിമം ഇരുപത്‌ സെന്റെങ്കിലും എടുക്കണം (അയാള്‍ മുപ്പതായി കൊടുക്കാനാണ്‌ വിചാരിച്ചിരുന്നത്‌. പിന്നെ ഞങ്ങളായ കാരണം ഇരുപത്‌ ആക്കി "തരാം". എടാ ഭൂലോക ഫ്രാഡേ, നിന്നെ എന്റെ കയ്യില്‍ കിട്ടുമെടാ), സെന്റിന്‌ എഴുപത്തി അയ്യായിരം വച്ച്‌. ഹിതെന്ത്‌ കണക്ക്‌ തമ്പുരാനേ... ഈ അയ്യായിരം രൂപ വച്ച്‌ സെന്റിന്‌ കൂടിയത്‌ "മുറിക്കാനാണോടാ നായേ" എന്ന് മനസ്സില്‍ പറഞ്ഞു. ഞാന്‍ കണക്ക്‌ കൂട്ടി. എഴുപത്തഞ്ചേ ഗുണം ഇരുപത്‌ പ്ലസ്‌ രെജിസ്റ്റ്രേഷന്‍ പ്ലസ്‌ കൈക്കൂലി. എന്റെ കണക്ക്‌ കൂട്ടല്‍ എവടേം എത്തിയില്ല. അവസാനം മൊബെയില്‍ ഫോണിലെ കാല്‍ക്കുലേറ്റര്‍ എടുത്ത്‌ പണി കൊടുത്തു. വെറും പതിനഞ്ച്‌ പതിനാറ്‌ ലക്ഷം മതി ഈ മെട്രോ സിറ്റിയില്‍ ഇരുപത്‌ സെന്റ്‌ സ്ഥലം വാങ്ങാന്‍!!! ഫിക്സഡ്‌ ഡെപോസിറ്റ്‌ ആയി ഒരു രണ്ട്‌ ലക്ഷം, സാലറി അക്കൌണ്ടിലെ ഒന്നര, എല്‍.ഐ.സി കണകുണാ വകയില്‍ ഒരു രണ്ട്‌ ലക്ഷം. ഇതാണ്‌ എന്റെ സമ്പാദ്യം (പിന്നെ കുറേ ദുശ്ശീലങ്ങളും). ഞാന്‍ തീരുമാനിച്ചു.


"അച്ഛാ, ഞാന്‍ സോഷ്യലിസ്റ്റാവാന്‍ തീരുമാനിച്ചു"
"ഏ?"
"നമുക്കിപ്പൊ ആകെ എത്ര ഭൂമിയുണ്ട്‌?"
"ഒരു അറുപതോളം കാണും"
"നമ്മള്‍ ആകെ നാലുപേരല്ലേയുള്ളു? ഈ ഇരുപതും കൂടെ വാങ്ങിയാല്‍ എണ്‍പത്‌ സെന്റാവും"
"അതിനെന്താടാ?"
"അപ്പൊ, നമ്മുടെ നാട്ടിലെ പാവങ്ങള്‍ എവടെ ഭൂമി വാങ്ങും? അവരുടെ കുട്ടികള്‍ കടത്തിണ്ണയില്‍ കിടക്കേണ്ടിവരില്ലേ ?"
"എന്ത്‌ ?"
"ഈ ഇരുപത്‌ സെന്റില്‍ അവരാരെങ്കിലും ഒരു കുടില്‍ കെട്ടിക്കോടെ അച്ഛാ"
"പോടാ"
"അതായതച്ഛാ... അടുത്ത വീട്ടിലെ പുല്ല്‌ കണ്ട്‌ പശുവിനെ വാങ്ങാമോ?"
"ഇവടെയാരാ പശൂനെ വാങ്ങണെ?, ഇത്‌ വേണ്ടെങ്കില്‍ വേണ്ട. കയ്യില്‍ കാശില്ലെങ്കില്‍ അത്‌ പറ"

എനിക്ക്‌ മനസ്സിലായി. കയ്യില്‍ കാശില്ലാത്തവരാണ്‌ സോഷ്യലിസ്റ്റുകളും സ്ഥിതിസമത്വവാദികളും ആകുന്നത്‌. അവന്‌ കൊല്ലാനും ചാവാനും മടി പാടില്ല. കയ്യില്‍ കാശുള്ളവന്‍ ഫ്യൂഡലിസ്റ്റൊ ബൂര്‍ഷ്വയോ ആയേ പറ്റു, അല്ലെങ്കില്‍ ആളുകള്‍ കളിയാക്കും. അവനാണെങ്കില്‍ കൊല്ലാനും കൊല്ലിക്കാനും മടിപാടില്ല. മൂന്ന് കൊല്ലം മുന്‍പ്‌ കയ്യില്‍ പത്ത്‌ പൈസ ഇല്ലാതെ തെണ്ടിത്തിരിഞ്ഞ്‌ നടന്ന സ്ഥലത്തെ ഡിഫി നേതാവിന്റെ ചുവന്ന മഹിന്ദ്ര സ്കോര്‍പ്പിയോ, ഞങ്ങള്‍ ഇറങ്ങാന്‍ നേരം ആ വീടിന്റെ മുന്നില്‍ വന്ന് നിന്നു. കഷ്ടപ്പെടുന്ന പാവങ്ങള്‍ക്ക്‌ വീതിച്ച്‌ നല്‍ക്കാന്‍ ആ അറുപത്‌ സെന്റ്‌ കമ്മ്യൂണിസം കൊണ്ട്‌ പോകും എന്ന് എനിക്കുറപ്പായിരുന്നു. കാരണം, അതൊരു സങ്കരവര്‍ഗ്ഗ "ഇസം" ആണല്ലോ. വിപ്ലവം വിജയിക്കുന്നതുവരേയേ ഇസം ആവശ്യമുള്ളു. അതു കഴിഞ്ഞാല്‍ ഏത്‌ ഇസവും ഒരു ഭാരമാവും.

വീട്ടില്‍ വന്ന് ഈ കഥയെഴുതാന്‍ ലാപ്‌ടോപ്പ്‌ ഓണ്‍ ചെയ്തപ്പോ ഞാന്‍ അറിയാതെ ഒരു ബൂര്‍ഷ്വയായി. ലാപ്‌ടോപ്പ്‌ ബൂര്‍ഷ്വ. അറുപത്‌ സെന്റ്‌ വാങ്ങിക്കൊണ്ട്‌ പോയ ആ അടിസ്ഥാനവര്‍ഗ്ഗസമരത്തൊഴിലാളിയോട്‌ എനിക്ക്‌ അസൂയയും സ്വയം ഒരു പുച്ഛവും തോന്നി. പതിനഞ്ച്‌ ലക്ഷം കയ്യിലില്ലാത്ത ലാപ്‌ടോപ്പ്‌ ബൂര്‍ഷ്വാ... പ്ഥൂ!!!

(വര്‍ഗ്ഗസമരത്തൊഴിലാളികള്‍ ക്ഷമിക്കുക, ഞരമ്പുകളില്‍ ചോരയല്ല, ഫ്യൂഡലിസമാണ്‌. അറിയാതെ, അസൂയകൊണ്ട്‌ എഴുതിപ്പോയി. എന്നെ വെട്ടി നിരത്തരുത്‌)

3 comments:

വികടന്‍ said...

അസൂയ...വെറും അസൂയ.

ഇടിവാള്‍ said...

കാശൊള്ളോന്‍ കത്തോലിക്ക.. ഇല്ലാത്തോന്‍ തൊലിക്ക... ?? ;)

ത്രേള്ളൂ കേസ്

ഇടിവാള്‍

അബ്‌കാരി said...

hihi super style