Sunday, November 09, 2008

തന്തക്ക്‌ പിറന്നവന്‍...

ഏകദേശം ഏഴ്‌ മാസങ്ങള്‍ക്ക്‌ ശേഷം പ്രവാസത്തിന്‌ രണ്ടാഴ്ച വിശ്രമം കൊടുത്ത്‌ ചാഴൂരില്‍ അവതരിച്ചിരുന്ന സമയം. ആദ്യത്തെ രണ്ട്‌ ദിവസം ചുമ്മ അങ്ങോട്ടും ഇങ്ങോട്ടും കറങ്ങിയടിച്ച്‌ നടന്ന് സമയം കളഞ്ഞു. മദ്യവിരുദ്ധ സമിതിക്കാരുടെ പ്രവര്‍ത്തനങ്ങളെ മുക്തകണ്ഡം പുകഴ്ത്തിക്കൊണ്ട്‌ ഞങ്ങല്‍ ചാഴൂരിലെ പാടത്തും പറമ്പിലും അമ്പലക്കുളത്തിലേയ്ക്ക്‌ ചാഞ്ഞ്‌ നില്‍ക്കുന്ന ഐനി മരത്തിലുമൊക്കെ ഇരുന്ന് വെള്ളമടിച്ചു. അമ്പലക്കുളത്തില്‍ ചൂണ്ട ഇട്ട്‌ കിട്ടിയ കരിപ്പിടി എന്ന മീനിനെ നാടന്‍ സ്റ്റെയിലില്‍ ചുട്ട്‌ കഴിച്ച്‌ വയറിളക്കം പിടിച്ച്‌ ആലപ്പാട്‌ സര്‍ക്കാര്‍ വക ആശുപത്രിയിലെ ഇഞ്ചകഷന്‍ ആസ്വദിച്ചു. ഓരോ ദിവസവും ചാഴൂരില്‍ പുതിയ പുതിയ വഴികള്‍ ഉണ്ടായിക്കൊണ്ടേയിരുന്നു; വെള്ളമടിച്ച്‌ ബോധമില്ലാതായാല്‍ പിന്നെ മുന്നില്‍ കാണുന്നതെല്ലാം വഴിയായിരുന്നല്ലോ. മൂന്നാമത്തെ ദിവസം, തൃപ്രയാര്‍ ഡ്രീം ലാന്‍ഡില്‍ നിന്നും പോളക്കുളത്ത്‌ ബാറിലൂടെ ചാഴൂര്‍ ഷാപ്പിലെത്തി, ഷാപ്പടക്കാറായപ്പൊ ഞാനും ആഷിയും കൂടെ ചാഴൂര്‍ തെക്കേ ആല്‍ താണ്ടി, വടക്കേ ആലിന്റെ ചുവട്ടിലെ അമ്പലത്തിലേയ്ക്കുള്ള വഴിയിലൂടെ വീട്ടിലേയ്ക്ക്‌ നീന്തുകയായിരുന്നു. ആഷിയുടെ അരയില്‍ ഒരു കുപ്പി ബിയര്‍ ഉണ്ടായിരുന്നു. കള്ളു കുടിച്ച്‌ വീര്‍ത്ത വയറില്‍ ആ കുപ്പ്പ്പി ഒളിപ്പിച്ചു വയ്ക്കാനുള്ള അവന്റെ ശ്രമം നല്ല ഒരു തമാശയായി ഞങ്ങള്‍ ആസ്വദിച്ചു. സമയം ഏതാണ്ട്‌ പത്തര. പെട്ടെന്ന് ആഷി എന്നെ കൈപിടിച്ച്‌ പിന്നിലേയ്ക്ക്‌ വലിച്ചു. കാര്യമറിയാതെ ഞാന്‍ ചുറ്റിനും നോക്കി. തൊട്ട്‌ മുന്നില്‍ അതാ ക്രൂരമായ നോട്ടത്തോടെ ഞങ്ങളെ നോക്കി നില്‍ക്കുന്നു... ചാര്‍ളി.

നാട്ടിലെ അറിയപ്പെടുന്ന ഗാന്ധിയനായിരുന്നു കുഞ്ഞവറാന്‍ കുട്ടി. ലോപിച്ച്‌ ലോപിച്ച്‌ ആ പേര്‌ കുഞ്ഞറാങ്കുട്ടി എന്നായി മാറി. കുഞ്ഞറാങ്കുട്ടിക്ക്‌ ഒരു ദിവസം വഴിവക്കില്‍ നിന്നും കിട്ടിയതാണ്‌ ചാര്‍ളിയെ. പിറന്നുവീണ പാടെ അമ്മ ഉപേക്ഷിച്ച കുഞ്ഞ്‌. ആ കരച്ചില്‍ കേട്ട കുഞ്ഞറാങ്കുട്ടിക്ക്‌ അവനെ അവടെ ഉപേക്ഷിച്ച്‌ പോകാന്‍ തോന്നിയില്ല. കുഞ്ഞറാങ്കുട്ടി അവനെ വീട്ടിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി. സ്വന്തം മകനേയെന്നപോലെയാണ്‌ അവനെ വളര്‍ത്തിയത്‌. കൈ വളരുന്നോ കാല്‍ വളരുന്നോ എന്ന് നോക്കി ഓമനിച്ച്‌ വളര്‍ത്തി. തികഞ്ഞ ഗാന്ധിയനായ കുഞ്ഞറാങ്കുട്ടിയുടെ പ്രതീക്ഷകളെ അസ്ഥാനത്താക്കി ചാര്‍ളി ഒരു തികഞ്ഞ സാമൂഹ്യവിരുദ്ധനായി മാറുകയായിരുന്നു. അഹിംസ എന്ന ഒരു വാക്ക്‌ ചാര്‍ളിയുടെ നിഘണ്ടുവിലുണ്ടായിരുന്നില്ല. നിഘണ്ടുതന്നെ ഉണ്ടായിരുന്നോ എന്ന് സംശയം. എന്തിനേയും ഉപദ്രവിക്കല്‍ ചാര്‍ളിക്ക്‌ ഒരു വിനോദമായിരുന്നു. വാല്‍സല്യപൂര്‍വ്വം തന്നെ തലോടിയ എല്‍സി (കുഞ്ഞറാങ്കുട്ടിയുടെ ഒറിജിനല്‍ മകള്‍) യുടെ വലതുകൈ കടിച്ച്‌ മുറിച്ചാണ്‌ ചാര്‍ളി വിധ്വംസക പ്രവര്‍ത്തികള്‍ക്ക്‌ തുടക്കം കുറിച്ചത്‌. കുഞ്ഞറാങ്കുട്ടി അന്ന് ചിരിച്ചു... തന്റെ സ്നേഹം മറ്റാര്‍ക്കും വീതം വച്ച്‌ പോകുന്നത്‌ ചാര്‍ളിക്ക്‌ ഇഷ്ടമല്ലാത്തതുകൊണ്ടാണ്‌ അവന്‍ അങ്ങനെ ചെയ്തതെന്ന് അഭിമാനപുരസ്സരം നാട്ടുകാര്‍ക്ക്‌ എക്സ്‌പ്ലേയ്‌ന്‍ ചെയ്തുകൊടുത്തു. ചാര്‍ളി വളര്‍ന്നു. കുഞ്ഞറാങ്കുട്ടി വളര്‍ത്തിയിരുന്ന സമാധാനത്തിനെ മാടപ്രാവുകള്‍ ചാര്‍ളിയുടെ കൊടും ക്രൂരതകള്‍ക്കിരയായി. സിലോണില്‍ നിന്നും കൊണ്ടുവന്ന മുന്തിയ ഇനം കോഴികള്‍ യമലോകം പൂകി. ചാര്‍ളിയുടെ വിക്രിയകള്‍ അയല്‍വക്കത്തേയ്ക്കും വ്യാപിച്ചു. കുഞ്ഞറാങ്കുട്ടി ശാസിച്ചുനോക്കി... തല്ലി നോക്കി. ചാര്‍ലി പിന്നേയും വികൃതി കാട്ടി. പിന്നെ പിന്നെ ചാര്‍ളി വീട്ടിലേയ്ക്ക്‌ വരാതായി. വഴിയില്‍ വച്ച്‌ കുഞ്ഞറാങ്കുട്ടിയെ കണ്ടാല്‍ ഒളിച്ച്‌ നടന്ന് തുടങ്ങി.

പതിയെ പതിയെ ചാര്‍ളി ചാഴൂരുകാരുടെ പേടിസ്വപ്നമായി മാറി. നേരം ഇരുട്ടിയാല്‍ ചാര്‍ളിയുടെ വിഹാരകേന്ദ്രങ്ങളിലൂടെ ആരും പോകാതായി. പോയവര്‍ക്കെല്ലാം ധന നഷ്ടം, മാനഹാനി മുതലായവായിരുന്നു ഫലം. ചെറുപ്പക്കാരനായിരുന്ന ചാര്‍ളി തനി സ്വഭാവം കാണിക്കാന്‍ തുടങ്ങി. കണ്ണില്‍കണ്ട പെണ്ണുങ്ങളെയെല്ലാം ചാര്‍ളി കമന്റടിച്ചു. പകല്‍ സമയത്തുപോലും കണ്ട വീട്ടിലേയ്ക്കെല്ലാം ഏത്തി നോക്കാന്‍ തുടങ്ങി. ചാര്‍ലിയെ ഇഷ്ടപ്പെടുന്നവരും ഉണ്ടായിരുന്നു. പപ്പടക്കാരന്‍ ജോസേട്ടന്റെ വീട്ടിലെ ലിസ, ചെത്തുകാരന്‍ പീതാംബരന്റെ വീട്ടിലെ ഗൌരി, ഊരും പേരുമില്ലാതെ ചാഴൂരില്‍ തെണ്ടി നടന്നിരുന്ന കാര്‍ത്തു... ഇങ്ങനെ പോകുന്നു ആ ലിസ്റ്റ്‌. ചാര്‍ലിയുടെ ശിങ്കിടിയായിരുന്നു ആണ്ടവന്‍. വാര്‍ക്കപണിക്ക്‌ വന്നിരുന്ന തമിഴന്മാരുടെ കൂട്ടത്തില്‍ ചാഴൂരില്‍ എത്തിപ്പെട്ടവനാണ്‌ ആണ്ടവന്‍. അപ്പനും അമ്മയും എവടെയെന്ന് അവനറിയില്ലായിരുന്നു. അതില്‍ അവന്‌ ദുഖവും ഉണ്ടായിരുന്നില്ല. ചാര്‍ളിയുടെ സകല തെണ്ടിത്തരത്തിനും ആണ്ടവന്‍ കൂട്ടുനിന്നു. ചാര്‍ളിയെ വീട്ടിലേക്ക്‌ കൂട്ടിക്കൊണ്ട്‌ പോകാന്‍ വന്ന കുഞ്ഞറാങ്കുട്ടിയുടെ മേല്‍ ചാടി വീണ ആണ്ടവനെ നാട്ടുകാര്‍ ചേര്‍ന്നാണ്‌ പിന്തിരിപ്പിച്ചത്‌. കൊല്ലുന്ന രാജാവിന്‌ തിന്നുന്ന മന്ത്രി എന്ന പഴഞ്ചൊല്ലു പോലെയായിരുന്നു ചാര്‍ളിയും ആണ്ടവനും.

രാത്രി ഒന്‍പത്‌ ഒന്‍പതര ആയാല്‍ പിന്നെ അമ്പലത്തിലേക്കുള്ള വഴിയുടെ ഇരുളടഞ്ഞ നിഗൂഡതയായിരുന്നു ചാര്‍ലിയുടെ കേന്ദ്രം. പലപ്പോഴും ഗൌരിയോ കാര്‍ത്തുവോ ഒപ്പം കാണും. ജോസേട്ടന്‍ പപ്പടവും കൊണ്ട്‌ ജില്ല വിട്ട്‌ പോകുന്ന ദിവസങ്ങളില്‍ ലിസിയായിരിക്കും കൂടെ. ചാര്‍ളിയുടെ ഈ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ കൂച്ചുവിലങ്ങിടാന്‍ ഈ പറഞ്ഞ പെണ്‍കൊടികളുടെ വീട്ടുകാര്‍ കിണഞ്ഞ്‌ ശ്രമിച്ചെങ്കിലും നടന്നില്ല. ചാര്‍ളി വീട്ടില്‍ കയറി വരും എന്നായപ്പോള്‍ എല്ലാവരും സുല്ലിട്ടു. അങ്ങനെയിരിക്കലെ ഗൌരി ഗര്‍ഭിണിയായെന്ന് നാട്ടില്‍ വാര്‍ത്ത പരന്നു. പീതാംബരന്‍ നാണക്കേട്‌ മൂലം വീട്ടില്‍ നിന്നും പുറത്തിറങ്ങാതെയായി. ഗൌരിക്കാവട്ടെ ഒരു കൂസലുമില്ല. ചാര്‍ളിയുടെ സ്വൈര്യവിഹാരം ജനം അംഗീകരിച്ച മട്ടായി. ഇത്തരത്തില്‍ ചാര്‍ളി അഴിഞ്ഞാടുന്ന സമയത്താണ്‌ ഞാനും ആഷിയും കൂടെ അവന്റെ മുന്നില്‍ പോയി പെട്ടത്‌. നാട്ടില്‍ ഇല്ലാതിരുന്നപ്പോഴും ഞാന്‍ ചാര്‍ളിയെ പറ്റി കേട്ടിരുന്നു. നേരിട്ട്‌ കാണുന്നത്‌ ആദ്യമായിട്ടാണ്‌. ശാരീരികമായ ഒരു മല്‍പ്പിടുത്തത്തിന്‌ പറ്റിയ ഒരു ശരീരമോ അതിനുള്ള തന്റേടമോ എനിക്കില്ലായിരുന്നു. ആഷിയാവട്ടെ വരുന്നിടത്ത്‌ വച്ച്‌ കാണാം എന്ന മട്ടിലാണ്‌ നില്‍പ്പ്‌. ചാര്‍ളിയെ ഞാന്‍ അടിമുടി നോക്കി. രാപകലില്ലാത്ത അധ്വാനം കൊണ്ടോ എന്തോ... മെലിഞ്ഞ ഒരു രൂപം. കണ്ണുകളില്‍ എപ്പോഴും രൌദ്രത. ഭൂമിയെ കാല്‍ക്കീഴുല്‍ ഞരിച്ചുകൊണ്ടുള്ള നടപ്പ്‌. ഇവനെ ആളുകള്‍ പേടിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.

ചാര്‍ളി ഒരു ചുവട്‌ മുന്നിലേയ്ക്ക്‌ വച്ചു. ഏയ്ഞ്ചല്‍ കാര്‍ത്തു പിന്നില്‍ നില്‍പ്പുണ്ട്‌. ഞാനും ആഷിയും രണ്ടടി പുറകോട്ട്‌ വച്ചു. രണ്ടും കല്‍പ്പിച്ച്‌ തന്നെയായിരുന്നു എന്റെ നില്‍പ്പ്‌. ഇന്ന് ആണ്ടവനെ കൂടെ കാണാനില്ല, അല്ലെങ്കില്‍ പരിക്ക്‌ കൂടിയേനെ. ചുറ്റിനും നിശബ്ദത. പെട്ടെന്നായിരുന്നു അതു സംഭവിച്ചത്‌... സാകൂതം ഞങ്ങളെ വീക്ഷിച്ചുകൊണ്ട്‌ നിന്ന് ചാര്‍ളി എന്റെ നേരെ കുതിച്ചു. തിരിഞ്ഞോടാന്‍ ശ്രമിച്ച ഞാന്‍ കല്ലില്‍ തട്ടി താഴേ വീണു. ആര്‍ത്തട്ടഹസിച്ചുകൊണ്ട്‌ എന്റെ മേലെയ്ക്ക്‌ കുതിച്ച ചാര്‍ലിയുടെ തലയില്‍ അരയിലെ ബിയര്‍ കുപ്പ്പ്പി എടുത്ത്‌ ആഷി ഒറ്റ അടിയായിരുന്നു. ബിയര്‍ കുപ്പി പൊട്ടി... ഒപ്പം ചാര്‍ലിയുടെ തലയും. ചാര്‍ലിയുടെ തലപൊട്ടി കട്ടച്ചോര പുറത്ത്‌ ചാടി. ബിയറും ചോരയും കൂടി മിക്സ്‌ ആയിക്കാണും. ഒരു കരച്ചിലോടെ ചാര്‍ലി അന്ത്യശ്വാസം വലിച്ചു. നിലത്ത്‌ തളം കേട്ടിനിന്ന ബിയറില്‍ അവന്റെ നാവ്‌ മുങ്ങിക്കിടന്നു. അവസാനമായി ഒരു തുള്ളി വെള്ളം കുടിക്കാന്‍ പറ്റാതെ ബിയര്‍ കുടിച്ച്‌ ചാര്‍ളി എന്ന ചെറ്റയുടെ ജീവിതം ആ ക്ഷേത്ര നടയ്ക്കുമുന്നില്‍ എന്നെന്നേക്കുമായി അവസാനിച്ചു. ആഷിയുടെ ആദ്യത്തെ കൊലപാതകമായിരുന്നു അത്‌.

പിറ്റേന്ന് രാവിലെ മാധവന്‍ നായരുടെ ചായക്കടയില്‍ ചായ കുടിക്കാന്‍ വന്ന ചാഴൂരുകാര്‍ കണ്ടത്‌ അടഞ്ഞ്‌ കിടക്കുന്ന രെമ്യ തിയറ്ററിന്റെ ഗേയ്റ്റില്‍ നാലുകാലും മുകളിലേക്കാക്കി കെട്ടിത്തൂക്കി ഇട്ടിരുന്ന ചാര്‍ളിയുടെ ശവശരീരമായിരുന്നു. ഒരാഴ്ച്ചയ്ക്കുള്ളില്‍ ആണ്ടവനെ നാട്ടുകാര്‍ ചാഴൂര്‍ സെന്ററിലിട്ട്‌ തല്ലിക്കൊന്നു. ചാര്‍ളി മരിച്ച്‌ മൂന്നാം ദിവസം ഗൌരി പ്രസവിച്ചു... ആണ്‍കുഞ്ഞ്‌. നാലാം ദിവസം ഗൌരിയേയും കാര്‍ത്തുവിനേയും ലിസയേയും പഞ്ചായത്ത്‌ വക പട്ടി പിടുത്താക്കാര്‍ പിടിച്ചോണ്ട്‌ പോയി വിഷം കുത്തി വച്ച്‌ കൊന്ന് കത്തിച്ചു കളഞ്ഞു. ചാര്‍ലിയുടേയും ഗൌരിയുടേയും കുഞ്ഞ്‌ അനാഥനായി ചാഴൂരില്‍ നടന്ന് മോങ്ങി. അതു കണ്ട കുഞ്ഞറാങ്കുട്ടി അവനെ വാരിയെടുത്ത്‌ നെഞ്ചോട്‌ ചേര്‍ത്ത്‌ വീട്ടിലേയ്ക്ക്‌ നടക്കുമ്പോള്‍ ഒരു തുള്ളി കണ്ണുനീര്‍ ആ നയനങ്ങളില്‍ തങ്ങിനില്‍പ്പുണ്ടായിരുന്നു. രണ്ട്‌ ദിവസം പ്രായമായ ആ നായക്കുട്ടിക്ക്‌ പാലു കൊടുത്തുകൊണ്ടിരുന്ന കുഞ്ഞറാങ്കുട്ടിയുടെ കയ്യില്‍ തന്നെ അവന്‍ ഒരു കടി പാസാക്കി. ഒട്ടും അമാന്തിക്കാതെ കുഞ്ഞറാങ്കുട്ടി അവന്‌ പേരിട്ടു... "നായിന്റെ മോന്‍". ചാഴൂര്‍ കാത്തിരിക്കുന്നു... ചാര്‍ളി രണ്ടാമനു വേണ്ടി.

16 comments:

Malayalee said...

ലോകമെമ്പാടുമുള്ള 1000കണക്കിന്‌ മലയാളീകളെ കണ്ടെടുക്കുക

നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നമുക്ക് ഒന്നായി ചേര്‍ന്ന് ഒറ്റ സമൂഹമായി ഒരു കുടക്കീഴില്‍ അണിചേര്‍ന്നിടാം. നിങ്ങളുടെ ചിന്തകളും വികാരങ്ങളും പരസ്പരം പങ്കു വയ്ക്കാന്‍ ആഗ്രഹിക്കുന്നുവോ ? ദയവായി ഇവിടെ ക്ലിക് ചെയ്യുക http://www.keralitejunction.com

ഇതിന്‌ ഒപ്പമായി മലയാളീകളുടെ കൂട്ടായ്മയും ഇവിടെ വീക്ഷിക്കാം http://www.keralitejunction.com

നതാഷ said...

"നാലാം ദിവസം ഗൌരിയേയും കാര്‍ത്തുവിനേയും ലിസയേയും പഞ്ചായത്ത്‌ വക പട്ടി പിടുത്താക്കാര്‍ പിടിച്ചോണ്ട്‌ പോയി വിഷം കുത്തി വച്ച്‌ കൊന്ന് കത്തിച്ചു കളഞ്ഞു."

അമ്പമ്പോ.....

വരവൂരാൻ said...

മനോഹരമായ രചന, വിവരണം,
അത്യുഗ്രനായിരിക്കുന്നു

ആശംസകൾ

ചാണക്യന്‍ said...

:)

ഉപാസന || Upasana said...

എഴുത്തിന് ഒരു ആകര്‍ഷണമൊക്കെയുണ്ട്.
റിപ്പോര്‍ട്ടഡ് സ്പീച്ച് ഇല്ലാത്തത് കൊണ്ടോ ഒരു വിവരണം പോലെ പറയുന്നത് കൊണ്ടോ എന്തോ “വളരെ നന്നായി” എന്ന് പറയാന്‍ പറ്റുന്നില്ല.
:-)
ഉപാസന

keralainside.net said...

This post is being listed please categorize this post
www.keralainside.net

പ്രയാസി said...

നല്ല തലക്കെട്ട്..:)

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

ഒരു കല്ലുവരട്ടെ... വികടനൊരു കല്ലിട്ടേക്കാം... എന്തായാലും അവന്‍ ചാര്‍ലീടെമകന്‍ പ്ലാനിങ്ങിലുണ്ടാവുംന്നു കരുതുണൂ...

lakshmy said...

അമ്പട ചാർളി. നീയെന്നെയിട്ടൊന്നു വട്ടം കറക്കി. പിന്നെയല്ലെ മനസ്സിലായെ നീ ചാർളിയാന്ന്.

കൊള്ളാം. നന്നായിരിക്കുന്നു

::: VM ::: said...

കരളലിയിപ്പിച്ചു! ;)

ആ വേഡ് വെരി ഒന്നെടുത്തു കളയാമോ? ഇല്ലേല്‍ ഇനി ഈ ബ്ലോഗില്‍ കമന്റില്ല!

nardnahc hsemus said...

എല്ലാ ‘കുരുക്കുകളില്‍’ നിന്നും ഊരിപ്പോന്ന ചാര്‍ളിയെ സമ്മതിക്കണം!

ajeesh vasudev said...

ചാര്‍ളി യെയും കൂട്ടുകാരികളെയും ക്ലൈമാക്സില്‍ മനസിലായി....അപ്പൊ പിന്നെ ഈ ഞാനും ആഷിയും ആരാ??? :)

ഇസാദ് said...

അക്രമ പെട !

കുറുപ്പിന്‍റെ കണക്കു പുസ്തകം said...

അണ്ണാ അടിപൊളി സാധനം, ആശംസകള്‍, ഒത്തിരി ഇഷ്ടമായി

അബ്‌കാരി said...

എന്റമ്മേ കിക്കിടിലന്‍
!!!!!

gopan m nair said...

" oru jaathi vittishta ! " :):):)