Monday, September 01, 2008

ചെറുപ്പക്കാരനും ചെറുപ്പക്കാരിയും

മിസ്റ്റര്‍ ചെറുപ്പക്കാരന്‍ - പൂര്‍വ്വാശ്രമം

മധ്യകേരളത്തിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ ഒരു മകരമാസത്തിലെ കറുത്തവാവിന്റെ അന്ന് മിസ്റ്റര്‍ ചെറുപ്പക്കാരന്‍ ഭൂജാതനായി. ചെറുപ്പക്കാരന്‍ പിറന്നു വീണപാടെ ഒരു പല്ലി വാല്‌ മുറിച്ച്‌ നിലത്തിടുകയും ഒറ്റക്കാലന്‍ കാക്ക പ്രസവിക്കുകയും തൊഴുത്തിലെ പുള്ളിപ്പശു മുട്ടയിടുകയും ചെയ്തു. കാക്ക പറക്കുന്നതിനിടയിലായിരുന്നു മിസ്റ്റര്‍ ചെറുപ്പക്കാരന്റെ ജനനം. ലോകത്തിലെ ആദ്യത്തെ പറന്നുള്ള പ്രസവത്തിലെ കുട്ടി നിലത്ത്‌ വീണ്‌ ചമ്മന്തിയായി വീരചരമം പ്രാപിച്ചു. മുട്ടയിട്ട്‌ ശീലമില്ലാത്ത പുള്ളിപ്പശു നിന്നനില്‍പ്പില്‍ മുട്ടയിട്ടതുകൊണ്ട്‌ മുട്ട നിലത്ത്‌ വീണ്‌ പൊട്ടിപ്പോയി. ആ മഹത്തായ ദിവസം ഉണ്ടായ മഹത്തായ സംഭവങ്ങള്‍: ഒന്ന്, മിസ്റ്റര്‍ ചെറുപ്പക്കാരന്‍ ഭൂമിക്കൊരു ഭാരമായിമാറി. രണ്ട്‌, ലോകത്തെ ആദ്യത്തെ പറന്നുള്ള പ്രസവം ഒരു കാക്ക നിര്‍വ്വഹിച്ചു. മൂന്ന്, ലോകത്ത്‌ ആദ്യമായി ഒരു പശു മുട്ടയിട്ടു.

ഭക്ഷണം കഴിച്ചുകഴിഞ്ഞ്‌ കിട്ടുന്ന സമയമെല്ലാം മിസ്റ്റര്‍ ചെറുപ്പക്കാരന്‍ കരഞ്ഞുകൊണ്ടിരുന്നു. കരച്ചില്‍ നില്‍ക്കാന്‍ ചെറുപ്പക്കാരന്‍ വീണ്ടും ഭക്ഷണം "കഴിപ്പിക്കപ്പെട്ടു". അങ്ങനെ കരഞ്ഞും ഭക്ഷണം കഴിച്ചും ചെറുപ്പക്കാരന്‍ ഒരു പരുവമായി. ചെറുപ്പക്കാരന്‍ കമിഴ്‌ന്ന് കിടന്നത്‌ വലിയ ഒരു സംഭവമായി വീട്ടുകാര്‍ ആഘോഷിച്ചു. കമിഴ്‌ന്ന് കിടക്കാനുള്ള ചെറുപ്പക്കാരന്റെ ഒരു ശ്രമം കട്ടിലിന്റെ മുകളില്‍ നിന്നും താഴെ നിലത്തവസാനിച്ചത്‌ ആ ആഘോഷത്തിന്റെ മാറ്റുകുറച്ചു. നെറ്റിയില്‍ രണ്ടും ഇടത്തേ പുരികത്തിന്മേല്‍ ഒന്നും സ്റ്റിച്ചുകള്‍ സമ്മാനിക്കപ്പെട്ട ആ ആഘോഷം ഭാവിയില്‍ ചെറുപ്പക്കാരന്റെ എസ്‌.എസ്‌.എല്‍.സി ബുക്കില്‍ തിരിച്ചറിയാനുള്ള അടയാളമായി സ്ഥാനം പിടിച്ചു. എഴുന്നേറ്റ്‌ നടക്കാന്‍ തുടങ്ങിയ ചെറുപ്പക്കാരന്‍ കണ്ണില്‍ കണ്ടതെല്ലാം വലിച്ച്‌ നിലത്തിട്ടു. ടേബിള്‍ ഫാന്‍, റേഡിയോ മുതലായവ വീടിന്റെ ഉത്തരത്തിലേയ്ക്ക്‌ ചേക്കേറി. മണ്ണപ്പം ചുട്ടുകളിച്ചും മണ്ണില്‍ വീടുണ്ടാക്കി കളിച്ചും ചെറുപ്പക്കാരന്റെ കാലുമുതല്‍ ചന്തി വരെ ചൊറി പിടിച്ചു. ചെമ്മീന്‍ വളവും യൂറിയയും ഇട്ട തെങ്ങിന്‍ തടത്തിലെ വെള്ളത്തില്‍ കളിച്ച്‌ ചെറുപ്പക്കാരന്‌ വളംകടി സ്ഥിരം സംഭവമായി. രാത്രിയായാല്‍ ഈ ചൊറി മാന്തി മാന്തി ചെറുപ്പക്കാരന്റെ അമ്മയ്ക്‌ ഉറക്കം പോയി... ചെറുപ്പക്കാരന്‍ സുഖമായി കിടന്നുറങ്ങി. എന്തിനും ഏതിനും പഞ്ചസാര മേമ്പൊടി ചേര്‍ത്തിരുന്ന ചെറുപ്പക്കാരന്‍ മാസാമാസം കൃമികടിക്കുള്ള ഗുളിക അകത്താക്കി. ശോധന കുറവായിരുന്ന ചെറുപ്പക്കാരന്‍ കക്കൂസില്‍ പോകാന്‍ പുകയിലത്തിരിയെ ആശ്രയിച്ചു. അംഗനവാടിയില്‍ പോകാന്‍ കൂട്ടാക്കാഞ്ഞ ചെറുപ്പക്കാരന്‍ അഞ്ച്‌ വയസ്സുവരെ മുല കുടിക്കുകയും കിടക്കയില്‍ മൂത്രമൊഴിക്കുകയും ചെയ്തു. വീടിനടുത്തുള്ള കുളത്തിലെ കുളിപ്പടവില്‍ രണ്ടുതവണ മുങ്ങിമരിക്കാന്‍ ശ്രമിച്ച മിസ്റ്റര്‍ ചെറുപ്പക്കാരന്‍ തുണി അലക്കാന്‍ വന്ന സ്ത്രീകള്‍ കണ്ടതുകൊണ്ട്‌ രക്ഷിക്കപ്പെട്ടു. അഞ്ചാം വയസ്സില്‍ അമ്മ മരിച്ചതോടെ അച്ഛനും ചെറുപ്പക്കാരനും അനിയത്തിയും മുത്തശ്ശനും ഉള്ളതെല്ലാം വിറ്റുപെറുക്കി നാടുവിട്ട്‌ മറ്റൊരിടത്ത്‌ സ്ഥിരതാമസമാക്കി.

സ്കൂളില്‍ ചേര്‍ത്തതോടെ ചെറുപ്പക്കാരന്‍ വീണ്ടും കരച്ചില്‍ ആരംഭിച്ചു. ഉമ്മ കൊടുത്തും ചോക്ക്‌ കൊടുത്തും അടി കൊടുത്തും ടീച്ചര്‍ പരമാധി ശ്രമിച്ചിട്ടും ചെറുപ്പക്കാരന്‍ കരച്ചില്‍ നിര്‍ത്തിയില്ല. അവസാനം ടീച്ചര്‍ മുലകുടിപ്പിച്ച്‌ കരച്ചില്‍ നിര്‍ത്തി. ഒന്നാം ക്ലാസ്സ്‌ മുഴുവനും ഒന്ന് വീതം മൂന്ന് നേരം ചെറുപ്പക്കാരന്‍ കരഞ്ഞു. ടീച്ചര്‍ ആ കരച്ചില്‍ ഒന്നുവീതം മൂന്നു നേരം വച്ച്‌ അവസാനിപ്പികുകയും ചെയ്തു. ചെറുപ്പക്കാരന്‍ രണ്ടാം ക്ലാസ്സിലേയ്ക്കായിട്ടും ഇടക്കിടെ ഒന്നാം ക്ലാസ്സിലേയ്ക്ക്‌ വന്നുകൊണ്ടേയിരുന്നു. നിവൃത്തിയില്ലാതെ ടീച്ചര്‍ സ്ഥലം മാറ്റം വാങ്ങി പോയി. അതോടെ ചെറുപ്പക്കാരന്‍ കരച്ചില്‍ മതിയാക്കി. പഠിക്കാന്‍ ബഹുമിടുക്കനായിരുന്ന ചെറുപ്പക്കാരന്‍ കലാകായികസാമൂഹ്യ രംഗങ്ങളില്‍ തികഞ്ഞ പരാജയമായിരുന്നു. അതുകൊണ്ട്‌ തന്നെ, കിട്ടിയ അവസരങ്ങളിലെല്ലാം ഈ വക സംരംഭങ്ങളെ തള്ളിപ്പറയുകയും ചെയ്തു. എസ്‌.എസ്‌.എല്‍.സി പരീക്ഷയില്‍ നാലാം റാങ്ക്‌ കരസ്ഥമാക്കിയ മിസ്റ്റര്‍ ചെറുപ്പക്കാരന്‍, ടൌണിലെ പ്രസിദ്ധമായ കോളേജില്‍ പ്രി-ഡിഗ്രിക്ക്‌ ചേര്‍ന്നു. പ്രി-ഡിഗ്രി ഫാസ്റ്റ്‌ ഇയര്‍ ആയപ്പോള്‍ ആദ്യമായി ബീഡി വലിക്കുകയും അടുത്ത വര്‍ഷത്തോടെ മദ്യപാനത്തില്‍ ഹരിശ്രീ കുറിക്കുകയും ചെയ്തു. ആദ്യവര്‍ഷത്തെ പരീക്ഷയില്‍ തന്നെ തോറ്റ്‌ തുന്നം പാടിയ നായകന്‍ രണ്ടാം വര്‍ഷം ഫിനിക്സ്‌ പക്ഷിയെ പോലെ ഉയിര്‍ത്തെഴുന്നേല്‍ക്കുകയും എല്ലാം കൂടെ ഡിസ്റ്റിങ്ങ്ഷന്‍ അടിച്ചെടുക്കുകയും ചെയ്യുകയുണ്ടായി. പിന്നാലെ നടന്നിരുന്ന ഒരു തരുണീമണിയെ ഒരു നോട്ടം കൊണ്ട്‌ പോലും അനുഗ്രഹിക്കാഞ്ഞ ചെറുപ്പക്കാരന്‍, കണ്ണില്‍ കണ്ട പെണ്‍പ്പിള്ളാരുടെയെല്ലാം പിന്നാലെ വാലാട്ടി നടന്നു. എന്‍ട്രന്‍സ്‌ പരീക്ഷയില്‍ ഒന്നാമതെത്തിയ ചെറുപ്പക്കാരന്‍, പ്രസിദ്ധമായ എഞ്ചിനീയറിംഗ്‌ കോളേജില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്‌ പഠിക്കാന്‍ ചേര്‍ന്നു. ഏതാണ്ട്‌ അഞ്ച്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം എഞ്ചിനീയറായി പുറത്തിറങ്ങിയ മിസ്റ്റര്‍ ചെറുപ്പക്കരനെ ഒരു ഐ.ടി കമ്പനി റാഞ്ചിക്കൊണ്ടുപോയി. ഇത്രയും കാലം കൊണ്ട്‌ മദ്യപാനം, പുകവലി മുതലായ ബുദ്ധിജീവി മേഖലകളില്‍ മിസ്റ്റര്‍ ചെറുപ്പക്കാരന്‍ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. ഓരോ വലിക്കും കുടിക്കും ശേഷം മിസ്റ്റര്‍ ചെറുപ്പക്കാരന്‍ അമ്മൂമ്മ പഠിപ്പിച്ചു തന്ന സമര്‍പ്പണമന്ത്രം ഈണത്തില്‍ ചൊല്ലി.

"കായേന വാചാ മനസേന്ത്രിയൈ വാ,
ബുദ്ധ്യാത്മനാ വാ, പ്രകൃതേസ്വഭാവാദ്‌,
കാരോമിയദ്യത്‌ സകലം പരസ്മൈ,
നാരായണേദി സമര്‍പ്പയാമി"

(ശരീരം കൊണ്ടോ വാക്കുകൊണ്ടോ മനസ്സുകൊണ്ടോ ഇന്ദ്ര്രിയങ്ങള്‍ കൊണ്ടോ (വായകോണ്ടോ കൈകള്‍ കൊണ്ടോ), അറിഞ്ഞോ അറിയാതെയോ ചെയ്ത (വെള്ളമടിച്ചതോ ബീഡി വലിച്ചതോ) എല്ലാമെല്ലാം ജീവപ്രപഞ്ചത്തിന്റെ പരിപാലകനായ സാക്ഷാന്‍ നാരായണന്‍ അവര്‍കള്‍ക്ക്‌ സമര്‍പ്പിച്ചു കൊള്ളുന്നു... എന്ന് സാരം. വോഡ്‌കയും ബീഡിപ്പുകയും ചെറുപ്പക്കാരന്‌, കുറ്റി ബീഡിയും ഒഴിഞ്ഞ ഗ്ലാസ്സും നാരായണന്‌. ശിവ ശിവ)

ഐ.ടി കമ്പനിയിലെ ട്രെയിനിംഗ്‌ പ്രോഗ്രാമിന്റെ ആദ്യ ദിവസം ട്രെയിനിംഗ്‌ കഴിഞ്ഞ്‌ പുറത്തിറങ്ങിയ ചെറുപ്പക്കാരന്‍ ആ തരുണീമണിയെ കണ്ട്‌ അന്തം വിട്ട്‌ പകച്ചുനിന്നു. പണ്ട്‌ പ്രി-ഡിഗ്രി ക്ക്‌ പഠിക്കുമ്പോള്‍ അയാളുടെ പിന്നാലെ നടന്നിരുന്ന മിസ്‌. ചെറുപ്പക്കാരി ആയിരുന്നു അത്‌.

(അടുത്ത ലക്കം: മിസ്‌. ചെറുപ്പക്കാരി - പൂര്‍വ്വാശ്രമം)

4 comments:

വികടന്‍ said...

ചെറുപ്പക്കാരന്റെയും ചെറുപ്പക്കാരിയുടേയും ജനനവും മരണവും...
( നയന്‍ താര, അസിന്‍ മുതലായ സാംസ്കാരിക നായികമാരുടെ സെന്റര്‍ സ്പ്രെഡ്‌ ആവശ്യപ്പെട്ട മാന്യ വായനക്കാരുടെ ശ്രദ്ധയ്ക്ക്‌: കോപ്പി റൈറ്റ്‌ ഉള്ള പടം കിട്ടാത്തതിനാല്‍ ആഗോള ഫോട്ടോഗ്രാഫി മാഫിയയെ പേടിച്ച്‌ ഈ ലക്കം സെന്റര്‍ സ്പ്രെഡ്‌ ബ്ലാങ്ക്‌ ആക്കി ഇടുന്നു. സദയം ക്ഷമിക്കൂ. )

The Common Man | പ്രാരാബ്ധം said...

വികടാ...

മിസ്സ്ഡ് യൂ!!

Malayalee said...

ലോകമെമ്പാടുമുള്ള 1000കണക്കിന്‌ മലയാളീകളെ കണ്ടെടുക്കുക

നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നമുക്ക് ഒന്നായി ചേര്‍ന്ന് ഒറ്റ സമൂഹമായി ഒരു കുടക്കീഴില്‍ അണിചേര്‍ന്നിടാം. നിങ്ങളുടെ ചിന്തകളും വികാരങ്ങളും പരസ്പരം പങ്കു വയ്ക്കാന്‍ ആഗ്രഹിക്കുന്നുവോ ? ദയവായി ഇവിടെ ക്ലിക് ചെയ്യുക http://www.keralitejunction.com

ഇതിന്‌ ഒപ്പമായി മലയാളീകളുടെ കൂട്ടായ്മയും ഇവിടെ വീക്ഷിക്കാം http://www.keralitejunction.com

Highrange said...

ഈ ബ്ലോഗ് ലോകത്ത് ഞാന്‍ വായിച്ച് പരിചയപ്പെട്ടവരില്‍ താങ്കളുടെ എഴുത്ത് വേറിട്ട് നില്‍ക്കുന്നുണ്ട്. ആദ്യം മുതലുള്ള പോസ്റ്റുകളിലൂടെ കടന്നു പോരുമ്പോള്‍ തന്നിലെ പ്രതിഭയെ കണ്ടെത്തി അതിനെ മിനുക്കി മിനുക്കി ഏറ്റവും തിളക്കമുള്ളതാക്കിയ ഒരേ ഒരാള്‍ താങ്കളാണെന്ന് തോന്നുന്നു. എഴുതിയെഴുതി തെളിഞ്ഞു എന്ന് സാരം. താങ്കളുടെ സര്‍ഗ്ഗാത്മകത ഇനിയും കൂടുതല്‍ ശോഭിക്കട്ടെ.....
ആശംസകളോടെ,
ബിനോള്‍ ഫിലിപ്പ്.