ഇംഗ്ലീഷിലെ "ഗുഡ് ഫ്രൈഡേ" മലയാളത്തില്‍ എങ്ങനെ "ദുഃഖ വെള്ളി" ആയി എന്നത് എത്ര ആലോചിച്ചിട്ടും എനിക്ക് ഒരു എത്തും പിടിയും കിട്ടാത്ത കാര്യമായിരുന്നു. ഈയുള്ളവന്റെ അപാരമായ അറിവുവച്ച് നോക്കിയാല്‍ "നല്ല വെള്ളി" എന്നാണ് പറയേണ്ടത്. ഇംഗ്ലീഷ് എന്നത് എനിക്കറിയാവുന്ന ഭാഷകളില്‍ (ആകെ മൂന്ന് വിരലുകള്‍ മതി ഒക്കെ കൂടെ എണ്ണാന്‍ ) ഒന്നായതുകൊണ്ടും ആ ഭാഷയില്‍ അപാരമായ പാണ്ഡിത്യം ഉണ്ടെന്ന് നടിക്കുന്നതുകൊണ്ടും വിവരമുള്ള ആരോടെങ്കിലും ചോദിച്ച് സംശയനിവാരണം വരുത്തുന്നത് ഒരു അപമാനമായി കരുതി, മേല്‍പ്പടി സംശയം മനസ്സിലിട്ട് നടക്കുകയായിരുന്നു. ഒരു മനുഷ്യന്റെ എല്ലാ വിധ സംശയങ്ങള്‍ക്കുമുള്ള ഉത്തരം അവന്റെ ഉള്ളില്‍ തന്നെ ഉണ്ടെന്നും, സ്വന്തം ശ്രമഫലമായി അതു മറനീക്കി പുറത്ത് വരുമെന്നും "ദി ട്രൂത്ത്" സിനിമയില്‍ തിലകന്‍ പറയുന്നുമുണ്ട്.
2008 മാര്‍ച്ച് 21... ഈ വര്‍ഷത്തെ ഒരേ ഒരു ഗുഡ് ഫ്രൈഡേ... അഥവാ, വണ്‍ ഏന്റ് ഓണ്‍ലി വണ്‍ ദുഃഖ വെള്ളി. പുലര്‍ച്ച 5 മണിക്ക് ത്രിശ്ശൂര്‍ സ്റ്റേഷനില്‍ വന്ന് നിന്ന അമൃത എക്സ്‌പ്രസ്സില്‍ നിന്നും ചാടിയിറങ്ങിയ എന്റെ പാദാരവിന്ദങ്ങള്‍ അവിടെ കെട്ടിക്കിടന്ന മഴവെള്ളത്തില്‍ കുതിര്‍ന്നു. വെള്ളത്തില്‍ ചവുട്ടി വഴുക്കി വീഴാന്‍ പോയ എന്നെ പിടിച്ച് നിര്‍ത്തിയ അപ്പൂപ്പന്‍ ഒരു ആത്മഗതം വായുവിലേയ്ക്ക് പറത്തി... "കൊച്ചുപിള്ളേരൊക്കെ ഇങ്ങനെ വീഴാന്‍ പോയാല്‍ ഞങ്ങള്‍ വയസ്സന്മാരൊക്കെ എങ്ങനെ വീഴണം". ആറുമണിക്കുള്ള ആനവണ്ടിയില്‍ കയറി, കുണ്ടോളിക്കടവ് കോള്‍ പാടത്ത് വേനല്‍ മഴ മൂലം സംഭവിച്ച നാശനഷ്ടങ്ങളുടെ കണക്കെടുത്ത്, പാലക്കല്‍-അമ്മാടം-കുണ്ടോളിക്കടവ്-ആലപ്പാട് വഴി മധുരമനോജ്ഞ ചാഴൂരില്‍ അവതരിച്ചത് ദാസേട്ടന്റെ കടയുടെ മുന്നിലുള്ള ചളിക്കെട്ടിലേക്കായിരുന്നു. ചളിയില്‍ പുതഞ്ഞ കാല്‍ വലിച്ചെടുത്ത്, ആരെങ്കിലും കണ്ടോ എന്ന് ചുറ്റിനും ഒന്ന് നോക്കി ഇല്ലെന്ന് ഉറപ്പാക്കി പുലിമടയിലേയ്ക്ക് നടക്കുമ്പോള്‍ അറിയാതെ മനസ്സിലോര്‍ത്തു... "നല്ല ദിവസം". ചെന്നുകയറിയതേ പുലിയുടെ മുന്നിലേയ്ക്കായിരുന്നു. ഷേവ് ചെയ്യാത്ത മുഖവും ചപ്പറപറാ കിടക്കുന്ന തലമുടിയുമൊക്കെയായുള്ള എന്റെ വരവ് കണ്ട് പുലി ഉള്ളിലേക്ക് നോക്കി വിളിച്ചു പറഞ്ഞു... "ഔസേപ്പേട്ടന്‍ വരുന്നുണ്ട്. കുറച്ച് എണ്ണയെടുത്ത് തലയില്‍ പൊത്തിക്കൊടുക്ക്. പോയി കുളിക്കട്ടെ". (ഔസേപ്പേട്ടന്‍ നാട്ടിലെ ഒരു ഭ്രാന്തനാണ്. പുള്ളിക്ക് കുളിക്കുക എന്ന് വച്ചാല്‍ മരിക്കുന്നതിനേക്കാള്‍ വിഷമമാണ്. ജഡ പിടിച്ച തലയില്‍ ഒരു ചെറിയ ഭാണ്ഡക്കെട്ടുമേന്തി, അമ്പലക്കുളത്തില്‍ അയ്യപ്പന്മാര്‍ ഉപേക്ഷിക്കുന്ന കറുത്ത മുണ്ടുടുത്ത് കക്ഷത്തില്‍ കീറിപ്പറിഞ്ഞ കുടയും തിരുകി ബീഡി വലിച്ച് നടക്കുന്ന ഇയാളോടാണ് പുലി എന്നെ കമ്പയര്‍ ചെയ്തിരിക്കുന്നത്. "ഹെല്ലോ മിസ്റ്റര്‍ ഓള്‍ഡ് മാന്‍, വാട് യു നോ അബൌട്ട് മി" എന്ന് മനസ്സില്‍ പറഞ്ഞ് ഞാന്‍ അകത്തേക്ക് സ്കൂട്ടായി). മുകളിലെ റൂമില്‍ കയറി ഡ്രസ്സ് മാറി കിടക്കയിലേക്ക് വീഴുമ്പോള്‍ അടിയില്‍ അമ്മയുടെ ശബ്‌ദം കേട്ടു... "രാവിലേ തന്നെ അടിച്ചുവാരി തുടച്ച് കഴിഞ്ഞതേ ഉള്ളു. അപ്പോഴേക്കും നിലത്തൊക്കെ ആരാ ചളി തേച്ചുവച്ചത് ?". കനത്ത നിശബ്ദതയായിരുന്നു ഉത്തരം ( കോണ്‍സ്പിരസി ഓഫ് സൈലന്‍സ് ).
പത്തുമണിയായിക്കാണും... അടിയില്‍ നിന്നും ഒരു ഗര്‍ജ്ജനം കേട്ടു. "അവന്‍ ഇതുവരെ എണീറ്റില്ലേ ? പത്തരയാകുമ്പൊ കാറുവരും". ഈശ്വരാ... രാവിലെ തന്നെ ഒരു ചായകുടി തരായീന്നാ തോന്നണെ ( പെണ്ണുകാണാന്‍ പോകണം ). എഴുന്നേറ്റു എന്ന് പുലിയെ അറിയിക്കാന്‍ പാട്ട് വച്ചു. ഇല്ലെങ്കില്‍ പുലി ഇങ്ങോട്ട് കയറിവരും, അത് ശെരിയാവില്ല. ഇന്ന് എവടെയാണാവോ പോകേണ്ടതെന്ന ടെന്‍ഷനില്‍ പെട്ടെന്നുതന്നെ എഴുന്നേറ്റ് പല്ലുതേച്ചു. (സാധാരണ ഞാന്‍ നാട്ടില്‍ എത്തിയാല്‍ ചാഴൂരിനോട് ചേര്‍ന്ന് കിടക്കുന്ന അന്തിക്കാട്, താന്ന്യം, ചേര്‍പ്പ് മുതലായ പഞ്ചായത്തുകളിലെ പെണ്‍പിള്ളേരെല്ലാം എവടേക്കെങ്കിലും വിരുന്നുപോകും... അല്ലെങ്കില്‍ ഞാന്‍ പെണ്ണുകാണാന്‍ ചെല്ലുമെന്ന് അവര്‍ക്കറിയാം. ഒരിക്കല്‍ പോയ വീട്ടിലേക്ക് വീണ്ടും കയറിച്ചെല്ലാന്‍ ഇടവരുത്തരുതേ എന്നതുമാത്രമാണ് എന്റെ പ്രാര്‍ത്ഥന). കുളിയൊക്കെ കഴിഞ്ഞ് താഴേക്ക് ചെന്ന് ഡൈനിംഗ് ടേബിളിനുമുന്നില്‍ കസേരവലിച്ചിട്ടിരുന്ന് ചായക്ക് വെയിറ്റ് ചെയ്തിരിക്കുമ്പോള്‍ ഉമ്മറത്തെ ചാരുകസേരയില്‍ നിന്നും എഴുന്നേറ്റ് പുലി എത്തി. അടുത്തതായി ഇന്നു കാണാന്‍ പോകേണ്ട പെണ്‍കുട്ടിയെ പറ്റിയുള്ള വിവരണമാണ്... "ഒന്‍പതര പൊരുത്തം. പ്ലസ് ടൂ കഴിഞ്ഞ് കമ്പ്യൂട്ടര്‍ ഡിപ്ലോമ ഫൈനല്‍ ഇയര്‍. അച്ചന്‍, അമ്മ, ചേട്ടന്‍, പിന്നെ ഇതും. ചാലക്കുടിയാണ് സ്ഥലം. പതിനൊന്നര ആകുമ്പോ എത്താം എന്ന് അവരോട് പറഞ്ഞിട്ടുണ്ട്. കാര്‍ ഇപ്പൊ എത്തും". കഴിഞ്ഞു. പുലി പോയി ഡ്രസ്സ് അയണ്‍ ചെയ്യാന്‍ തുടങ്ങി. അതൊരു സൂചനയാണ്, പെട്ടെന്ന് ചായകുടിച്ച് റെഡിയാവണം. മനസ്സില്ലാമനസ്സോടെ എന്നപോലെ തലകുലുക്കിയ ഞാന്‍ പെട്ടെന്ന് തന്നെ ചായകുടിച്ച് ഓടിപ്പോയി അയണ്‍ ചെയ്ത് വച്ചിരിക്കുന്ന പുലിയുടെ ഒരു ഷര്‍ട്ടും മുണ്ടും വലിച്ചുകയറ്റി റെഡിയായി. ( ആവശ്യം എന്റെ കൂടെയാണല്ലോ... ചുമരുണ്ടെങ്കിലേ ചിത്രമെഴുതാന്‍ പറ്റു. ഈ കാര്യത്തില്‍ ചുമരേത് ചിത്രമേത് എന്ന് ചോദിക്കരുത്, ഫൌള്‍ ആകും )
സമയം പതിനൊന്നര... ലൊക്കേഷന്‍ വധൂഗൃഹം. പതിവു പരിപാടികളൊക്കെ കഴിഞ്ഞു. ലഡു കഴിച്ചതോര്‍ക്കാതെ ചായയില്‍ സ്വല്‍പ്പം കൂടെ പഞ്ചസാര ആകാമായിരുന്നു എന്നു തമാശ പറയാന്‍ നോക്കി ഞാന്‍ ചമ്മി. 1998 ല്‍ പുലി വലപ്പാട് എ.എസ്.ഐ ആയിരുന്ന കാലത്തെ പറ്റി വാഗ്‌ധോരണി ഉയര്‍ന്നപ്പോള്‍ പെണ്‍കുട്ടിയോട് രണ്ട് ഡയലോഗ് അടിക്കാനായി പുറത്തേയ്ക്ക് വിളിച്ചാലോ എന്ന് ആലോചിച്ചിരിക്കവേ ആ കിളിനാദം ഉയര്‍ന്നു... "എനിക്ക് കുറച്ച് സംസാരിക്കാനുണ്ട്". ഈശ്വരാ, കടുവയെ പിടിക്കുന്ന കിടുവയോ ? കളിക്കുമ്പോള്‍ മൂര്‍ഖനോട് തന്നെ വേണം എന്ന ആറാംതമ്പുരാന്‍ ഫിലിം ഡയലോഗ് കടമെടുത്ത് ഞാന്‍ പതുക്കെ (നമ്രശിരസ്കനായി)പുറത്തേക്കിറങ്ങി... കൂടെ ആ പെണ്‍കുട്ടിയും. മുറ്റത്ത് നില്‍ക്കുന്ന മാവിന്റെ താഴ്‌ന്ന് കിടക്കുന്ന ചില്ലയില്‍ ചാരി ഇരിന്ന് ഞാന്‍ ഡയലോഗ് തുടങ്ങി. വൈകാതെ ചോദ്യശരങ്ങള്‍ എന്നെ തേടി വന്നുതുടങ്ങി. ചോദ്യോത്തരവേള പകുതി ആയപ്പോഴേക്കും പിക്‍ചര്‍ ക്ലിയര്‍ ആയിത്തുടങ്ങി. മഹാത്മാ ഗാന്ധി ആണ് റോള്‍ മോഡല്‍. മത്സ്യമാംസാദികള്‍ വര്‍ജ്ജ്യം. തിങ്കളാഴ്ച്ചകളിലും മുപ്പെട്ടുവ്യാഴവും ഒരിക്കല്‍. അഞ്ചുമണിക്കെഴുന്നേറ്റ് കുളിയും തേവാരപൂജയും കഴിഞ്ഞു അമ്പലത്തില്‍ പോയി വന്നിട്ടേ കട്ടന്‍ ചായ പോലും കുടിക്കൂ. സന്ധ്യയ്ക്ക് വിളക്ക് കൊളുത്തിവച്ച് അരമണിക്കൂര്‍ നാമജപം, പൂജാമുറിയില്‍. അദ്ധ്യാത്മരാമായണ പാരായണം ഇടവേളകളില്‍.... മദ്യപാനം, പുകവലി, പുകയില പ്രോഡക്‍ട് കണ്‍സംപ്ഷന്‍ ഇത്യാദികള്‍ മഹാപാപം. ( ഞാന്‍ സാഷ്ടാംഗം വീണു. മകളേ, സര്‍വ്വമംഗളാനി ഭവന്തു, ദീര്‍ഘസുമംഗലീ ഭവ. നിനക്ക് നല്ല ഒരു ഭാവിയുണ്ട്. അതു തകര്‍ക്കാന്‍ ഞാന്‍ കാരണമാകുന്നില്ല. ശ്രീകാര്യം അകത്തളം ബാറില്‍ സീസണ്‍ ടിക്കറ്റ് എടുത്ത് വച്ചിരിക്കുന്ന അടിയന് നിങ്ങളെ പെണ്ണുകാണാന്‍ പോലും യോഗ്യതയില്ല.) തൊഴുതുവണങ്ങി ഞാന്‍ പിന്‍മാറി. മാവിന്‍ചുവട്ടില്‍ നിന്നും നീങ്ങിയതും അതിന്റെ മുകളിലിരുന്ന ഒരു കാക്ക കാഷ്ടിച്ചതും ഒരുമിച്ചായിരുന്നു. കറുത്ത ഷര്‍ട്ടിലെ വെള്ള വരകള്‍ക്കിടയില്‍ ഒരു വര കൂടെ ഉണ്ടാക്കി ആ പ്രസാദം പുറത്തേക്കൂടെ ഒലിച്ചിറങ്ങി. ഒരുകണക്കിന് കഴുകി വെടിപ്പാക്കിയ നനഞ്ഞ ഷര്‍ട്ട് ഇട്ട് തിരിച്ച് പോകാന്‍ കാറില്‍ കയറുമ്പോള്‍ ഗുഡ് ഫ്രൈഡേ എങ്ങനെ ദുഃഖ വെള്ളിയായെന്ന് എനിക്ക് മനസ്സിലായി. അകന്നുപോക്കുന്ന കാറിലിരുന്ന് ഉമ്മറത്തിണ്ണയില്‍ ഇരിക്കുന്ന ആ മഹിളാരത്നത്തെ നോക്കി ഞാന്‍ മനസ്സില്‍ വിളിച്ചു പറഞ്ഞു... "കാത്തിരുന്നോടീ... നിന്നെ കെട്ടാന്‍ മാര്‍പാപ്പ വരും" !!!
Subscribe to:
Post Comments (Atom)
15 comments:
കണ്ണില്‍ കൊള്ളാനുള്ളത് പുരികത്തില്‍ കൊണ്ടു എന്ന് ആശ്വാസം. അങ്ങനെ ഒരു ദുഃഖ വെള്ളി കൂടെ...
:)
ഹ ഹ. കൊള്ളാം. നല്ല വിവരണം.
:)
ഹഹഹ... കലക്കി. ഇന്‍സ്റ്റന്റ് ഫേവറിറ്റ്സില്‍ കയറ്റി വികടനെ. നല്ല ഉഗ്രന്‍ ഫ്ലോ. സീസണ്‍ ടിക്കെറ്റെടുത്ത് വച്ചടിക്കുന്നന്‍ ലൈന്‍ കലക്കി.
വികടാ കലക്കി. എന്തായാലും ആ പെണ്‍കുട്ടി ഇതെല്ലാം നേരത്തെ തന്നെ അറിയിച്ചതു നന്നായി. ഇല്ലെങ്കില്‍ ഒരുകാലത്ത് സീസണ്‍ ടിക്കറ്റെടുത്ത് കയറിക്കൊണ്ടിരുന്ന ബാറിനു മുന്നിലിരുന്ന് വികടന്‍ 'മദ്യമേ വിഷമേ വിഷമദ്യമേ' എന്ന് മുദ്രാവാക്യം വിളിക്കുന്നത് ഞങ്ങള്‍ക്ക് കാണേണ്ടിവന്നിരുന്നേനേ :-)
സാധാരണ ഞാന്‍ നാട്ടില്‍ എത്തിയാല്‍ ............. അല്ലെങ്കില്‍ ഞാന്‍ പെണ്ണുകാണാന്‍ ചെല്ലുമെന്ന് അവര്‍ക്കറിയാം.
പിന്നെ അവസാനത്തേ ആ ആശീര്‍വാദോം ... എന്റെ വികടാ എന്നാ അടി പൊളി പോസ്റ്റ്..
മനസ്സറിഞ്ഞു ചിരിച്ചു പല സ്ഥലങ്ങളിലും
:)
എഡോ, ഇത്രേം ഗ്യാപ്പിടാതെ. എടക്കെടക്ക് കാച്ച്!
അപ്പോ, പെണ്ണുകാണല്‍ എത്രാം മാസത്തിലേക്ക് കടന്ന്? എത്രെണ്ണം ഇതുവരെയായി? മെഗാഹിറ്റാവ്വ്വോ?
കൊള്ളാം, രസിച്ചു. ഞാന്‍ പെണ്ണു കെട്ടിയത് ഒരു ദു:ഖവെള്ളിയാഴ്ചയായിരുന്നു, sorry GOOD FRIDAY :)
കൊള്ളാം, രസിച്ചു. ഞാന്‍ പെണ്ണു കെട്ടിയത് ഒരു ദു:ഖവെള്ളിയാഴ്ചയായിരുന്നു, sorry GOOD FRIDAY :)
വൌ! തകര്‍ത്തു വികടാ. കുറച്ചു നാളായിഒരു ബ്ലോഗു പോസ്റ്റ് വായിച്ച് ആത്മാര്‍ത്ഥമായൊന്നു ചിരിച്ചിട്ട്!
ഉഗ്രന്‍!
ചാത്തനേറ്:സീരീസാക്കാനുള്ളതു കാണുമല്ലോ, ഓരോന്നായി പോരട്ടേ..
"കാത്തിരുന്നോടീ... നിന്നെ കെട്ടാന്‍ മാര്‍പാപ്പ വരും" !!!
കെട്ടാന്‍ എന്നതിനേക്കാളും കെട്ടിക്കാന്‍ എന്നു പറയുന്നതായിരുന്നു യുക്തി...
മാര്‍പാപ്പക്ക് മലയാളം എഴുതാനും വായിക്കാനും അറിയാത്തത് ആ കൊച്ചിന്റെ ഭാഗ്യം... ഇത് വായിച്ച് ആ പാവം ഒരു കുരിശ്ശിന്റെ വഴി നമ്മുടെ നാട്ടിലേക്കെങ്ങാനും നടത്തിയേനെ.
അടുത്ത വര്‍ഷം ഈസ്റ്ററിന് ഒരു പെണ്ണ് കാണല്‍ നടത്തി നോക്കൂ... അല്ല ഇതിപ്പം മെഗാസീരിയലു പോലെ തുടരാനല്ലെ സീസണ്‍ ടിക്കറ്റ് എടുത്തു വച്ചിരിക്കുന്നത്...
സര്‍വ്വമഗളോഭവതു
നല്ല രസകരമായ വിവരണം...!
ടിക്കെറ്റെടുക്കാതെ ട്രെയിന്‍ യാത്രചെയ്തിട്ട് ആളുകള്‍ പറയാറുണ്ട് കള്ളട്രെയിന്‍ കയറിയാണ് വന്നെതെന്ന്. അതുപോലെ പേര് ദുഖവെള്ളിക്ക്..!
ഇവിടെ ആദ്യമായിട്ടാ.. അപ്പോ ചാഴൂരാണല്ലേ.. വിവരണം വായിച്ചപ്പോള്‍ ആ രംഗം ശരിയ്ക്കും മനസില്‍ വിരിഞ്ഞു.
കലക്കന്‍ പോസ്റ്റ്.. ഇനി സ്ഥിരമായി വായിച്ചോളാം..
Vikadalokathinu orrayiram asamsakal :)
Post a Comment