Monday, March 10, 2008

കുക്കുംബര്‍ ടൗണ്‍

നേരം പരപരാ വെളുത്ത്‌ ഒരു ആറുമണി ആയിവരുന്നു. ചാഴൂരിലെ പൂവന്‍കോഴികള്‍ ഒന്ന് കൂവിയെന്ന് വരുത്തി ഡ്യൂട്ടി അവസാനിപ്പിച്ച്‌ അയല്‍വക്കത്തെ പറമ്പിനെ ലക്ഷ്യമാക്കി പാഞ്ഞു;"സാവ്‌ധാന്‍..." പിടക്കോഴികള്‍ പിന്നലെ കൂകിപ്പറന്നു.ആരും നോക്കാനില്ലാതെ കോഴിക്കുഞ്ഞുങ്ങള്‍ തെണ്ടിത്തിരിഞ്ഞ്‌ നടന്ന് കാക്കയ്ക്കും പരുന്തിനും ഭക്ഷ്യമേള നടത്തി.ആകെക്കൂടെ ഒരു കലപില.( ചാഴൂരിലെ കോഴികള്‍ എപ്പോഴും ഫുഡ്‌ ഹണ്ടിംഗ്‌ നടത്തുന്നത്‌ അയല്‍വക്കത്തെ പറമ്പുകളിലാണ്‌. കോഴിക്കൂട്‌ തുറന്ന് കോഴികളെ അഴിച്ച്‌ വിടുന്ന ചാഴൂരിലെ ഒരു ശരാശരി വീട്ടമ്മ, ഒരു ചെറുമന്ദഹാസത്തോടെ ആ പാച്ചില്‍ കണ്ടുനില്‍ക്കും. പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍ ചട്ടനെ ദൈവം ചതിക്കും എന്നാണല്ലോ. അധികം വൈകാതെ തന്നെ മറ്റൊരു കോഴിപ്പട്ടാളം സ്വന്തം പറമ്പ്‌ വെട്ടിപ്പിടിക്കുന്നത്‌ കാണുന്ന ഇതേ ശ.ശ വീട്ടമ്മ, ഒരു നെടുവീര്‍പ്പിടും ).

പാക്കരന്‍, പതിവുപോലെ ചാഴൂര്‍ തെക്കേ ആലിന്റെ സൈഡിലുള്ള സി.സി.സി ( ചാഴൂര്‍ ക്രിക്കറ്റ്‌ ക്ലബ്ബ്‌ ) വക ഓല ഷെഡില്‍ നിന്ന് മൂരിനിവര്‍ന്നു. ഉറക്കം കളഞ്ഞ കോഴിപ്പടയെ മനസ്സാ പ്രാകിക്കൊണ്ട്‌ ഓലപ്പഴുതിലൂടെ മുഖത്തേക്കടിച്ച ഉദയസൂര്യകിരണങ്ങളെ തെല്ലിട ഉള്ളിലേക്കാവാഹിച്ച്‌ വലിഞ്ഞുനടന്നു... ഷാപ്പിലേക്ക്‌. ഗ്രൗണ്ടിലെ ആ ഓല ഷെഡ്‌ പാക്കരന്‍സ്‌ ഹട്ട്‌ എന്ന പേരില്‍ അറിയപ്പെട്ട്‌ തുടങ്ങിയിട്ട്‌ അധികമായില്ല. അടങ്കല്‍ തുകയില്‍ ഗണ്യമായ കുറവു വരുത്തി അമ്മ വതരിപ്പിച്ച പുതിയ ബജറ്റ്‌ പ്രകാരം ഞായറാഴ്ച്ച ഉള്ള കോഴിക്കറി നഷ്ടപ്പെട്ടതില്‍ പ്രതിഷേധിച്ച്‌ നിസ്സഹകരണ സമരം നടത്തുകയാണ്‌ പാക്കരന്‍. എന്നെങ്കിലും അമ്മ വന്നു വിളിച്ച്‌ വീട്ടിലേയ്ക്ക്‌ കൊണ്ടുപോകുന്നതും കാത്തിരിക്കുന്ന അഭ്യസ്ഥവിദ്യനായ ചാഴൂരിന്റെ ഈ സ്വന്തം തലതിരിഞ്ഞവന്‍, ചാഴൂര്‍ തെക്കേ ആലിനെ സമീപിച്ചപ്പോള്‍ ഒരു കാഴ്ച കണ്ട്‌ ഞെട്ടി. അതാ ഒരു തലതിരിഞ്ഞവന്‍ !!! പാക്കരന്‌ വിശ്വാസമായില്ല. പാക്കരന്‍ സ്വയം പിച്ചി നോക്കി. കണ്ണുകള്‍ അഞ്ചാറുതവണ തിരുമ്മി നോക്കി. കവിളത്ത്‌ സ്വയം അടിച്ചു. സ്വപ്നമാണോ... എന്റെ പഴയന്നൂര്‍ ഭഗവതി, എന്താണ്‌ ഞാനീ കാണുന്നത്‌ !!! ശെരിക്കും ഒരു തലതിരിഞ്ഞവന്‍... അവന്റെ തല പിന്നിലോട്ട്‌ തിരിഞ്ഞിരിക്കുന്നു. നാണക്കേടായി. ചാഴൂരിന്റെ ആസ്ഥാന തലതിരിഞ്ഞവന്‍ പദവി ഇതാ നഷ്ടപ്പെടാന്‍ പോകുന്നു. അവന്‍, ആ തലതിരിഞ്ഞവന്‍, മുന്നിലോട്ട്‌ തിരിഞ്ഞ്‌ പിന്നില്‍ അന്തംവിട്ട്‌ നില്‍ക്കുന്ന പാക്കരനെ നോക്കി ചിരിച്ചു. ആ ചിരി കണ്ടതും പാക്കരന്റെ ഫ്യൂസ്‌ അടിച്ചുപോയി. ചാഴൂര്‍ തെക്കേ ആലിന്റെ ചുവട്ടിലുള്ള പുല്‍ക്കൊടികളെ ഉമ്മവച്ചുകൊണ്ട്‌ പാക്കരന്‍ ചലനമറ്റുകിടന്നു.

പാക്കരന്‍ കണ്ണ്‍ തുറന്നു... പാക്കരന്‍ ഒരു ബഞ്ചില്‍ കിടക്കുകയാണ്‌, ചുറ്റിലും ആളുകള്‍. മുകളില്‍ ഓല കെട്ടി മേഞ്ഞ ഒരു മേല്‍ക്കൂര. ആളുകള്‍ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്‌, പാക്കരന്‌ ഒന്നും ക്ലിയര്‍ ആകുന്നില്ല. ആകെ കൂടെ ഒരു മരിക്കാന്‍ പോകുന്ന പ്രതീതി. പാക്കരന്‍ ഓര്‍മ്മകളില്‍ അപഥസഞ്ചാരം നടത്തവേ ശ്രീ ശ്രീ അരവിന്ദന്‍ ( ബഹു. ബഹു. ചാഴൂര്‍ ഷാപ്പ്‌ ചീഫ്‌ അക്കൗണ്ടന്റ്‌ ) ഒരു കുപ്പി കള്ളെടുത്ത്‌ പാക്കരന്‌ നേരെ നീട്ടി. അത്‌ മടമടാന്ന് കുടിക്കവേ പാക്കരന്റെ ഓര്‍മ്മകള്‍ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റില്‍ നിന്നും കളറിലേക്ക്‌ ഒരു ട്രാന്‍സിഷന്‍ നടത്തി. പഴയ മലയാളം സിനിമയില്‍ നായകന്‍ ഓര്‍മ്മകള്‍ അയവിറക്കുമ്പോള്‍ നായകന്റെ നെറ്റിയില്‍ നിന്നും സ്റ്റാര്‍ട്‌ ചെയ്ത്‌ വലുതായി വലുതായി അന്തരീക്ഷത്തില്‍ ലയിക്കുന്ന ആ വളയങ്ങള്‍ പാക്കരന്റെ നെറ്റിയില്‍ നിന്നും സ്റ്റാര്‍ട്‌ ചെയ്ത്‌ ഷാപ്പിന്റെ മേല്‍ക്കൂരയും കടന്ന് അപ്രത്യക്ഷമായി. താന്‍ ഷാപ്പിലാണെന്നും തന്നെ ആരൊക്കെയോ ചേര്‍ന്ന് ഇവടെ കൊണ്ട്‌ കിടത്തിയതാണെന്നും മനസ്സിലായ പാക്കരന്‍ ചാടി എഴുന്നേറ്റു.

പാക്കരന്‍ ഉവാച : എവടെ അവന്‍ ?
ശ്രീ ശ്രീ ഉവാച : എവന്‍ ?

ചോദ്യത്തിന്‌ ഉത്തരമായി ഒരു മറുചോദ്യം കിട്ടിയത്‌ പാക്കരനെ സ്വല്‍പ്പം ഒന്നു ദേഷ്യം പിടിപ്പിച്ചു. എങ്കിലും, ആ ദേഷ്യം ഒരു പാടു പറ്റുകള്‍ തീര്‍ക്കാനുള്ള ശ്രീ ശ്രീ യോട്‌ കാണിക്കാന്‍ പറ്റാത്തതിനാല്‍ അല്‍പ്പസമയം മൗനം ഭജിച്ചു. അവസാനം രണ്ടും കല്‍പ്പിച്ച്‌ ചോദിച്ചു.. " ആ ആലിന്റെ ചുവട്ടിലുണ്ടായിരുന്ന തലതിരിഞ്ഞവന്‍... അവന്‍ എവടെപ്പോയി ?". കോണ്‍ഗ്രസ്സിലേക്ക്‌ മടങ്ങി വന്ന കരുണാകരനോട്‌ മുരളീധരനെ പറ്റി ചോദിക്കുന്നതുപോലെ തോന്നി ചാഴൂരിലെ ജനസാമാന്യത്തിന്‌. അവര്‍ ചിരിച്ച്‌ വശായി. ചിരി അടക്കാന്‍ പാടുപെട്ട്‌ കൊണ്ട്‌ ശ്രീ ശ്രീ ഇപ്രകാരം അരുള്‍ ചെയ്തു... "വത്സാ പാക്കരാ, ചാഴൂരിലെ ഏറ്റവും വലിയ തലതിരിഞ്ഞവനായ നീയല്ലേ ആ ആലിന്റെ ചുവട്ടില്‍ ബോധം കെട്ട്‌ കിടന്നിരുന്നത്‌ ? ഇന്നലെ കുടിച്ച്‌ കൂട്ടിയതിന്റെ ശിക്ഷ എന്നല്ലാതെ എന്തു പറയാന്‍. നീയെവിടെയാണെന്നു നിനക്കറിയില്ലെങ്കില്‍ നീ എന്നോട്‌ ചോദിക്ക്‌ നീയെവിടെയാണെന്ന്. ഇനി, ഞാന്‍ എവിടെയാണെന്ന് നിനക്കറിയില്ലെങ്കില്‍ നീ എന്നോട്‌ ചോദിക്ക്‌ ഞാന്‍ എവിടെയാണെന്ന്. അപ്പോള്‍ ഞാന്‍ പറഞ്ഞു തരാം, നീ എവിടെയാണെന്നും ഞാന്‍ എവിടെയാണെന്നും... എഴുന്നേറ്റ്‌ പോഡാ" സിനിമാ ഡയലോഗ്‌ മാറ്റിപ്പറഞ്ഞ്‌ രാവിലത്തെ കസ്റ്റമേഴ്‌സിന്റെ കയ്യടി വാങ്ങിയ ശ്രീ ശ്രീ, ഐശ്വര്യമായി പറ്റുപുസ്തകത്തില്‍ കോറിവരച്ചു... "പാക്കരന്‍ - 20 രൂ 00 പൈ". എല്ലാം ഒരു സ്വപ്നം എന്ന് കരുതി പാക്കരന്‍ സമാധാനിച്ചു. സ്‌പിരിറ്റ്‌ കലര്‍ത്തി വരുന്ന "സ്‌പീഡ്‌", "ഓവര്‍ സ്‌പീഡ്‌" ഇത്യാദി ബ്രാന്‍ഡഡ്‌ കള്ള്‌ ( ആഗോളവല്‍ക്കരണത്തെ പാക്കരന്‍ കണ്ണടച്ച്‌ എതിര്‍ക്കുന്നതു തന്നെ ഇത്തരം "ബ്രാന്‍ഡീകരണം" മൂലമാണ്‌. നല്ല കള്ള്‌ കുടിക്കാന്‍ ഇഷ്‌ടപ്പെടുന്നവര്‍ അതുകിട്ടാതെ ബ്രാന്‍ഡിയിലേക്ക്‌ ആകൃഷ്‌ടരാകുന്ന പ്രതിഭാസമാണ്‌ പാക്കരന്റെ ഭാഷയില്‍ ബ്രാന്‍ഡീകരണം ) കുടിച്ചതിന്റെ ആഫ്‌റ്റര്‍ ഇഫക്‍ട്‌ ആയി കരുതി ഒരു വളിച്ച ചിരിയും ചിരിച്ച്‌ പതിയേ അമ്പലക്കുളത്തിലേയ്ക്ക്‌ നടന്നു. ഒന്ന് മുങ്ങിക്കുളിച്ചാല്‍ പോകാവുന്നതേ ഉള്ളു ഈ മായാവലയം എന്നോര്‍ത്ത്‌ പാക്കരന്‍ ഊറിച്ചിരിച്ചു.

പ്രത്യേകിച്ചൊന്നും സംഭവിക്കാതെ ചാഴൂരില്‍ അന്നും സന്ധ്യമയങ്ങി. ഒന്നും സംഭവിച്ചില്ല എന്ന് പറയാന്‍ പറ്റില്ല... ഷാപ്പിലെ പറ്റു പുസ്തകത്തില്‍ ശ്രീ ശ്രീ വീണ്ടും പാക്കരന്റെ പേരിനു നേരെ അഞ്ച്‌ പ്ലസ്സുകളും അഞ്ച്‌ സംഖ്യകളും ഇട്ടു. ചീട്ട്‌ കളി, നാടക റിഹേഴ്‌സല്‍ മുതലായ ഉപജീവനമാര്‍ഗ്ഗത്തിലൂടെ പാക്കരന്‍ സമ്പന്നനാകുകയും ചെയ്തു. രാത്രി പത്ത്‌ മണിയോടെ അങ്കത്തട്ടില്‍ നിന്നും വാളും പരിചയുമായി പാക്കരന്‍ ചാടിയിറങ്ങി ( പത്ത്‌ മണിയോടെ ചാഴൂര്‍ ഷാപ്പില്‍ കള്ള്‌ വിതരണം നില്‍ക്കും. ഇനിയും കള്ള്‌ കൊടുത്താല്‍ എക്സൈസ്സുകാര്‍ പൊക്കും എന്നതാണ്‌ കാരണം; അല്ലാതെ കുടിക്കാന്‍ ആളില്ലാഞ്ഞിട്ടല്ല ). പാക്കരന്‍ യാത്രയായി... പാക്കരന്‍സ്‌ ഹട്ടിലേയ്ക്ക്‌. ചെന്നു കയറിയപാടെ, പാക്കരന്‍ കിടന്നു... ഇരുന്നു... വീണ്ടും കിടന്നു;വീണ്ടും ഇരുന്നു. ആകെ ഒരു അസ്വസ്ഥത. ചിന്താമഗ്നനായി ഓലപാളിയില്‍ ചടഞ്ഞിരുന്ന പാക്കരന്‍, ആരോ പുറത്ത്‌ മുരടനക്കുന്ന ശബ്ദം കേട്ടു. ഇതാരപ്പാ പതിവില്ലാത്ത ഒരു ഫോര്‍മാലിറ്റി കാണിക്കുന്നതെന്നോത്ത്‌ പാക്കരന്‍ ചെന്ന് ഓലപാളികൊണ്ടുള്ള വാതില്‍ തുറന്നു. അതാ അവന്‍... തലതിരിഞ്ഞവന്‍. പിന്നിലോട്ട്‌ തിരിഞ്ഞ്‌ വാതിലിനഭിമുഖമായാണ്‌ നില്‍പ്പ്‌ !!! പാക്കരന്റെ ഉള്ളില്‍ നിന്നും ഒരു കിളി പറന്നു പോയി തെക്കേ ആലിന്റെ വടക്കോട്ടുള്ള ചില്ലയില്‍ പോയി ഇരുന്ന് ശബ്ദമുണ്ടാക്കി. കാലനെ വിളിച്ചു വരുത്തുന്ന, ആരെയും തെല്ലൊന്ന് ഭയപ്പെടുത്തുന്ന നെടുളാന്‍ എന്ന് അറിയപ്പെടുന്ന പക്ഷിയുടെ ശബ്ദമായിരുന്നു അതിന്‌. അന്തിക്കാട്‌ സ്റ്റേഷന്‍ അതിര്‍ത്തിയിലെ കൊലകൊമ്പന്മാരെ ഒക്കെ ഇടിച്ചൊതുക്കിയ, പഴുവില്‍ ലക്ഷം വീട്‌ കോളനിയില്‍ രണ്ട്‌ പോലീസുകാരുമായി ചെന്നു കയറി കഞ്ചാവു കച്ചവടം അവസാനിപ്പിച്ച, അവണേങ്ങാട്‌ അമ്പലത്തിന്റെ പിന്നിലെ പാടത്തെ ചീട്ട്‌ കളി പിടിക്കാന്‍ ധൈര്യം കാണിച്ച എസ്‌. ഐ ബേബിയെ പോലും പേടിച്ചിട്ടില്ലാത്ത പാക്കരന്‍, വീണ്ടും പുല്‍ക്കൊടികളെ ഉമ്മ വച്ചു.

ഓര്‍മ്മ വരുമ്പോള്‍ പാക്കരന്‍ നിലത്ത്‌ കിടക്കുകയാണ്‌. തലതിരിഞ്ഞവന്‍ കസേരയില്‍ ഇരിക്കുന്നു, അഥവാ, കസേര തിരിച്ചിട്ട്‌ ഇരിക്കുന്നു. നീണ്ട മുടി, കറുത്ത ഗ്ലാസ്‌, കറുത്ത ഗൗണ്‍. അയാള്‍ വീണ്ടും ചിരിച്ചു. അപ്പൊ ഇയാള്‍ ഉപദ്രവിക്കാന്‍ വന്നതല്ല, പാക്കരന്‍ സ്വല്‍പ്പം ഒരു ആശ്വാസമായി. പറന്നുപോയ കിളി തിരിച്ച്‌ വന്ന് പാക്കരന്റെ തൊണ്ടയില്‍ കയറി. പാക്കരന്‍ ദയനീയ സ്വരത്തില്‍ ചോദിച്ചു... "ആരാ ?". സാവകാശം കണ്ണട ഊരിമാറ്റി അയാള്‍ പറഞ്ഞു... "പാക്കരാ, എനിക്ക്‌ സ്വന്തമായി ഒരു പേരില്ല. ഞാന്‍ അങ്ങു ദൂരെ കുക്കുംബര്‍ ടൗണിലെ പാക്കരന്‍... അഥവാ, കുക്കുംബര്‍ ടൗണിലെ നീ". "കുക്കുംബര്‍ ടൗണ്‍ ? അതേത്‌ രാജ്യത്ത്‌... ഞാന്‍ കേട്ടിട്ടില്ലല്ലൊ. " ആശ്ചര്യം അടക്കിപ്പിടിച്ച്‌ പാക്കരന്‍ സംസാരം തുടങ്ങി. തലതിരിഞ്ഞവന്‍ പതിയെ എഴുന്നേറ്റ്‌ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്താന്‍ തുടങ്ങി, എന്തോ ചിന്തിച്ചുകൊണ്ട്‌. ( ആ ഉലാത്തല്‍ പാക്കരന്‌ "ക്ഷ" പിടിച്ചു. പാക്കരന്റെ മുന്നോട്ട്‌ നടക്കല്‍ ഇയാള്‍ക്ക്‌ പിന്നോട്ട്‌ നടക്കലാണ്‌. ഇയാള്‍ മുന്നിലോട്ട്‌ നടക്കുമ്പോള്‍ പിന്നിലോട്ട്‌ നടക്കുന്നതുപോലെ തോന്നും. ചുരുക്കം പറഞ്ഞാല്‍, ഈ തലതിരിഞ്ഞവനെ ഇങ്ങനെ ഭാവനയില്‍ കാണാം... മുന്നിലോട്ട്‌ നടക്കുമ്പോള്‍ പിന്നിലേക്ക്‌ പോകുകയും, പിന്നിലേക്ക്‌ നടക്കുമ്പോള്‍ മുന്നിലേക്ക്‌ പോകുകയും ചെയ്യുന്ന ഒരു ജീവി !!! ) ഉലാത്തല്‍ നിര്‍ത്തി അയാള്‍ പറഞ്ഞു. "പാക്കരാ, പറഞ്ഞാല്‍ നീ വിശ്വസിക്കില്ല. അതുകൊണ്ട്‌, നിന്നെ ഞാന്‍ അങ്ങോട്ട്‌ കൊണ്ടുപോകാം. എന്റെ നാട്ടിലേയ്ക്ക്‌." അയാള്‍ പാക്കരന്റെ കൈപിടിച്ചു. പാക്കരനും തലതിരിഞ്ഞവനും പതിയേ വായുവിലേയ്ക്കുയര്‍ന്നു. എന്നിട്ട്‌ ഒറ്റ പാച്ചിലായിരുന്നു. ചാഴൂര്‍ പഞ്ചായത്ത്‌ വക ഷോപ്പിംഗ്‌ കോംപ്ലക്സിനു മുകളിലൂടെ, ഷാപ്പും കടന്ന് ചാഴൂര്‍ എല്‍.പി സ്കൂളിന്റെ പിന്നിലെ ആരും ഉപയോഗിക്കാത്ത ആ പൊട്ടക്കിണറിന്റെ ഉള്ളിലേയ്ക്ക്‌ അയാള്‍ പാക്കരനേയും കൊണ്ട്‌ ഊളിയിട്ടു. പാക്കരന്‍ ഒന്ന് ഞെട്ടി. കള്ള്‌ കുടിച്ച്‌ ഇടക്ക്‌ ഞാന്‍ വാളുവക്കാറുള്ള ഈ കിണറാണോ ഈശ്വരാ ഇവരുടെ നാട്ടിലേക്കുള്ള വഴി !!?

( തലതിരിഞ്ഞവന്റെ കൂടെ തലതിരിഞ്ഞവരുടെ നാട്ടിലേയ്ക്ക്‌ പാക്കരന്‍ യാത്രയായി. തലതിരിയാത്തവര്‍ അടുത്ത എപ്പിസോഡ്‌ വായിക്കൂ )

5 comments:

വികടന്‍ said...

എന്നെ തല്ലരുത്‌... അറിയാതെ എഴുതിപ്പോയതാ. ഇതും കൂടെ... പ്ലീസ്‌സ്‌സ്‌.

ഇസാദ്‌ said...

ഒന്നു മാറിക്കേ .. ഒരു തേങ്ങ ഒടച്ചോട്ടേ ..

ഠേ ....ഠേ

രണ്ടെണ്ണം ഒടച്ചു. തൃപ്തിയായി ...

ഇനി വായിച്ചിട്ട് കമന്റടിക്കാം.

2 ദിവസമായി വികടന്റെ എല്ലാ പോസ്റ്റും വായിച്ചോണ്ടിരിക്കുവാ ... നല്ല രസംണ്ട്.

ഇസാദ്‌ said...

ഹ ഹ വികടാ .. കൊള്ളാം. മുഷിയാതെ വായിച്ചു.

:)
പക്ഷേ വികടന്റെ മറ്റു പോസ്റ്റുകള്‍ക്കെന്നപോലെ നൂറുമാര്‍ക്കു കൊടുക്കാമോ എന്നു ചോദിച്ചാ എനിക്കുത്തരമില്ല.

അടുത്ത ലക്കം പോരട്ടെ. ആകാംക്ഷ ആകാംക്ഷ ..

അഗ്രജന്‍ said...

തല്ലും വികടാ, സത്യായിട്ടും തല്ലും :)

ഇത് വികടനല്ല, വികടന്‍റെ തല തിരിഞ്ഞവനാ...

G.manu said...

വികടാ..

ശും..ഠോ... പാക്കരന്റെ പഴയവിശേഷത്തിലെ ഈ വാക്കുകള്‍ ഓര്‍ത്തു ചിരിക്കാത്ത ആഴ്ചകള്‍ കുറവാണ്...

ഇടവേള കുറയ്ക്കൂ....അടുത്ത വിശേഷം പറയൂ...