"വില്ലാളി വീരന്‍...വീരമണികണ്ഠന്‍
പാണ്ടിമലയാളമടക്കിവാഴും
ദിവ്യമായ പൊന്നുപതിനെട്ടാം പടികേറി വാഴും
ഹരിഹരസുതനാനന്തചിത്തനയ്യനയ്യപ്പ സ്വാമിയേയ്...വിശന്നിട്ടു വയ്യ!!!"...
പതിനെട്ട് തൊണ്ടകളില്‍ നിന്നും "ശരണമയ്യപ്പ" എന്നും ഒരു തൊണ്ടയില്‍ നിന്നും "വിശന്നിട്ടു വയ്യ" എന്നും ശബ്ദമുയര്‍ന്നു. പതിനെട്ട് തൊണ്ടകളില്‍ നിന്നും ഉയര്‍ന്ന ശബ്ദത്തേയും അമ്പലത്തില്‍ പൊട്ടിയ ഇരുപത്തി ഒന്ന് കതിനകളുടെ ശബ്ദത്തേയും കടത്തി വെട്ടിക്കൊണ്ട് ആ ദീന രോദനം കരുവന്തല അമ്പലത്തിന്റെ നടയില്‍ മാറ്റൊലി കൊണ്ടു. ശരണം വിളിച്ച ഗുരുസ്വാമി ആ അവതാള സ്വാമിയെ രൂക്ഷമായി നോക്കി. ഹരിഹരന്‍ നായര്‍ സ്വാമികള്‍ അസമയത്ത് നാവില്‍ വിളയാടിയ വികടസരസ്വതിയെ മനസ്സില്‍ പ്രാകിക്കോണ്ട് ഉച്ചത്തില്‍ വിളിച്ചു... "ശരണമയ്യപ്പാ".
മണ്ഡലകാലത്ത് നാല്‍പ്പത്തൊന്ന് ദിവസം വ്രതമെടുത്ത് മലയ്ക്ക് പോയിരുന്ന മുല്ലശ്ശേരി ബന്ധുക്കളുടെ കൂടെ ആ കൊല്ലവും ഞാന്‍ കൂടിയിരുന്നു. കഴിഞ്ഞ കൊല്ലം ചെയ്ത സല്‍പ്രവൃത്തികളുടെ എണ്ണം എടുത്തപ്പോള്‍ ആ കൊല്ലവും പോകാതിരിക്കാന്‍ തോന്നിയില്ല എന്നതാണ് സത്യം. ശബരിമലയില്‍ പുലിയുണ്ടോ എന്ന ചോദ്യത്തെ പറ്റി നടക്കുന്ന തര്‍ക്കങ്ങളില്‍ വലിയ താല്‍പ്പര്യം ഉണ്ടായിരുന്നില്ലെങ്കിലും അതിന്റെ റിസല്‍റ്റ് എന്താവും എന്നു ഒരു ചെറിയ ആകാംക്ഷ മനസ്സില്‍ ഉണ്ടായിരുന്നു. നമ്മളെ കൂടെ ബാധിക്കുന്ന ഒരു കാര്യമാണല്ലോ. ആ വിഷയത്തിലെ തര്‍ക്കം അങ്ങനെ അനന്തമായി നീളുന്നത് കണ്ടപ്പോള്‍ സ്വല്‍പ്പം കഠിനമായി തന്നെ വ്രതമെടുത്ത് "ഇനി ഇപ്പൊ പുലി ഉണ്ടെങ്കില്‍ തന്നെ, നിന്നെ പിടിക്കില്ലെടാ" എന്ന് ഇടക്കിടെ മനസ്സിനെ ധൈര്യപ്പെടുത്തിയാണ് ആ കൊല്ലം ഞാന്‍ ഈ പരിപാടിക്ക് ഇറങ്ങിയത്. ഉറക്കത്തിന് വേണ്ടി മാറ്റി വച്ചിരുന്ന രാത്രി ഒന്‍പതര മുതല്‍ രാവിലെ ഏഴ് വരേയുള്ള നാമമാത്രമായ സമയത്തില്‍ നിന്നും ഇത്തവണ അര മണിക്കൂര്‍ കട്ട് ചെയ്ത് അതി രാവിലെ തന്നെ എഴുന്നേറ്റ് കുളിച്ച് അമ്പലത്തില്‍ പോകുമായിരുന്നു. ഇത്ര മഹത്തായ ഒരു ത്യാഗം സ്വാതന്ത്ര്യ സമര ഭടന്മാര്‍ പോലും ചെയ്തു കാണില്ല എന്ന ഉത്തമ വിശ്വാസം ഉള്ളതിനാല്‍ അല്‍പ്പം കോണ്‍ഫിഡന്റ് ആയാണ് ഇത്തവണത്തെ കെട്ട് നിറയ്ക്കല്‍ പ്രോഗ്രാമിന് അവതരിച്ചത്. എങ്കിലും, നാല്‍പ്പത്തൊന്ന് ദിവസം വ്രതമെടുത്തിട്ടും താടിയും മീശയും ഒന്നും കാര്യമായി വളരാത്തതില്‍ എനിക്ക് സാരമായ കുണ്ഠിതം ഉണ്ടായിരുന്നു (ഒരു വെയ്റ്റ് കുറവ്... ഒരാഴ്ച്ച മുന്‍പ് വ്രതം തുടങ്ങിയ രാമദാസ് സ്വാമികള്‍ നാട്ടുകാരെ കാണിക്കാനായി ഒരു മാസം മുന്‍പേ ഷേവിംഗ് നിര്‍ത്തിയതാണെന്ന് കെട്ട് നിറയ്ക്കിടയില്‍ ആരോ കുശുകുശുത്തപ്പോഴാണ് ഒരു സമാധാനം ആയത്. പരദൂഷണം ചെയ്യാന്‍ അമ്പലനടയെന്നോ ബാറെന്നോ വ്യത്യാസം ഉണ്ടോ...) ആഫ്റ്റര്‍ ആള്‍, ഈ കാടുപിടിച്ച് കിടക്കുന്ന താടിയും വായയുടെ ഫില്‍റ്റര്‍ ആയി ആക്ട് ചെയ്യുന്ന മീശയും ആണല്ലോ ഇപ്പോഴത്തെ സ്വാമിമാരുടെ ഒരു ട്രേഡ് മാര്‍ക്ക്.
ഇത്തവണ കൂട്ടത്തില്‍ ഉള്ള ഹരി സ്വാമി ഒരു ഭൂലോക മടിയന്‍ ആണ്. ഇദ്ദേഹത്തെ ആരും ഹരി എന്നോ ഹരിഹരന്‍ എന്നോ വിളിക്കുന്നത് മൂപ്പരാള്‍ക്ക് ഇഷ്ടമല്ല. ഹരിഹരന്‍ നായര്‍ എന്ന് തന്നെ വിളിക്കണം. വല്ല്യേ അഭിമാനിയാണ്. ദുബായ്, ബഹറിന്‍, നേപ്പാള്‍ എന്നീ വിദേശങ്ങളിലും ബോംബേ, വെങ്കിടങ്ങ്, മുല്ലശ്ശേരി എന്നീ ഭാരത മണ്ണിലും ഒരു വ്യവസായ പ്രമുഖന്‍ ആകാനുള്ള ശ്രമങ്ങളില്‍ നാല്‍പ്പത് സെന്റ് പറമ്പ്, ഒരു ഇന്‍ഡ്-സുസുകി മോട്ടോര്‍ സൈക്കിള്‍, സ്ത്രീധനമായി കിട്ടിയ ഇരുപത് പവന്‍ സ്വര്‍ണ്ണം എന്നിവ ഗുരുവായൂര്‍ അമ്പലത്തിന്റെ ഭണ്ഡാരത്തില്‍ ഇട്ട പോലെ മുല്ലശ്ശേരി സഹകരണ ബാങ്കില്‍ പണയമായി നിക്ഷേപിച്ചവനും, കാലക്ഷേപത്തിനായി ഇപ്പോള്‍ മുല്ലശ്ശേരിയിലെ ഏതോ ഒരു സ്റ്റുഡിയോയില്‍ ഫോട്ടോഗ്രാഫര്‍ ആയി വെയില്‍ കൊണ്ട് നടക്കുകയും ചെയ്യുന്നവനുമാകുന്നു ഈ മഹാനുഭാവന്‍. "സമയദോഷം" എന്ന ഒരു വാക്കില്‍ എല്ലാ തകര്‍ച്ചകളേയും ഒതുക്കി ആര്‍ക്കും അങ്ങനെ പിടികൊടുക്കാതെ നടക്കുന്ന ഇദ്ദേഹത്തിന്റെ മടി ഒന്നുകൊണ്ട് മാത്രമാണ് ആ കുടുംബം പൊളിഞ്ഞതെന്ന് കെട്ടുനിറക്കിടയിലെ ഭക്തി നിര്‍ഭരമായ സംസാരത്തില്‍ നിന്നും ഞാന്‍ മനസ്സിലാക്കി. ഈ പുതിയ അവതാരത്തിന്റെ ഭാവി പരിപാടികളില്‍ ഇന്ററസ്റ്റഡ് ആയ മറ്റു സ്വാമിമാരുടെ കൂടെ ഞാനും കൂടി. ഏതായാലും ഹരിസ്വാമിയെ കുറ്റം പറയാന്‍ വയ്യ. ആറുമണിക്ക് തുടങ്ങിയ കെട്ട് നിറയ്ക്കല്‍ എട്ടര വരെ നീണ്ടപ്പോള്‍ എല്ലാവരുടേയും വയര്‍ കരിഞ്ഞിരുന്നു. ബാക്കി എല്ലാവരും മനസ്സില്‍ പറഞ്ഞപ്പോള്‍ ഹരി സ്വാമി ഉറക്കെ പറഞ്ഞു എന്ന് മാത്രം.
എന്തിലും ഏതിലും പരാതി പറച്ചില്‍ ഇദ്ദേഹത്തിന്റെ ഒരു സ്വഭാവമായിരുന്നു. കെട്ടുനിറ കഴിഞ്ഞപ്പോള്‍ കിട്ടിയ പായസത്തിലെ ഒരു ചെറിയ കല്ലും പൊട്ടിയ കതിനകളില്‍ ഒന്നിന്റെ ശബ്ദക്കുറവും അമ്പലക്കുളത്തിന്റെ പടവുകളിലെ വഴുക്കലും എന്നു വേണ്ട, കിട്ടിയ സമയം കൊണ്ട് ഗുരുസ്വാമിയെ വരെ കുറ്റം പറഞ്ഞു കളഞ്ഞു ഈ സ്വാമികള്‍. നമ്മുടെ ഈ യാത്ര ഇന്ററസ്റ്റിംഗ് ആകും എന്ന് ഏതാണ്ട് ഉറപ്പയതോടെ എല്ലാവരും ഒരു പിക്നിക്ക് മൂഡിലേയ്ക്ക് എത്തി. കൊടുങ്ങല്ലൂര്‍, ചോറ്റാനിക്കര, ഏറ്റുമാനൂര്‍ തുടങ്ങിയ അമ്പലങ്ങളില്‍ ഒക്കെ കയറി തൊഴുതെന്നു വരുത്തി, ഉറങ്ങിയും ബാക്കി സമയങ്ങളില്‍ വായയ്ക്ക് എന്തെങ്കിലും പണി കൊടുത്തുകൊണ്ടും ഞങ്ങള്‍ എരുമേലിയില്‍ എത്തി. പതിവുപോലെ പേട്ട തുള്ളി മേലാകെ ചായം ആയി കുളിക്കാനിറങ്ങിയ ഞങ്ങള്‍ ഹരിസ്വാമിയെ കാണാതെ അമ്പരന്നു. കാര്യമായ തിരച്ചിലിനൊടുവില്‍ എരുമേലി അമ്പലത്തിന്റെ മുന്‍പിലുള്ള സ്റ്റുഡിയോയില്‍ ഒരു പുലിയുടെ പ്രതിമയ്ക്ക് സൈഡില്‍ പത്മാസനത്തില്‍ ഇരുന്ന് ഫോട്ടോ എടുക്കുകയായിരുന്ന ആ ദിവ്യനെ കണ്ടെത്തി. ഇക്കണക്കിന് പോയാല്‍ പുലിയെ നേരിട്ട് കാണണ്ടിവരുമല്ലോ സ്വാമീ എന്ന് പറഞ്ഞു ഗുരുസ്വാമി തലയില്‍ കൈവച്ച് നിന്നു. പല പോസുകളില്‍ ഉള്ള ഏഴോളം ഫോട്ടൊകള്‍ തോള്‍സഞ്ചിയിലേയ്ക്ക് തിരുകുന്നതിനിടെ ഹരിസ്വാമികള്‍ റിപ്ലൈഡ്: "ആദ്യമായി പോകുന്നതല്ലേ. നാട്ടുകാരെ കാണിച്ചേക്കാം. അല്ലെങ്കില്‍ അവന്മാര്‍ വിശ്വസിക്കില്ല".
വലിയാനവട്ടം, ചെറിയാനവട്ടം, കരിയിലാന്തോട്, കാളകെട്ടി, അഴുത, കല്ലിടുംകുന്ന് മുതലായ സ്ഥലങ്ങളെ പറ്റി ഗുരുസ്വാമി ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. മനുഷ്യന്മാരെ പേടിപ്പിക്കാന്‍ ഓരോ പേരിടുന്നതേ... ഞാന്‍ മനസ്സില്‍ ഓര്‍ത്തു. വലിയാനവട്ടം, ചെറിയാനവട്ടം എന്നീ സ്ഥലങ്ങളില്‍കൂടെ നടക്കുമ്പോള്‍ എപ്പഴാണാവോ ആന വന്ന് ചവുട്ടി മരത്തില്‍ തേമ്പുന്നത് എന്നു ആലോചിച്ച് ടെന്‍ഷന്‍ ആയിരുന്നു. കരിയിലാന്തോട് എന്നറിയപ്പെടുന്ന സ്ഥലം ഭീകരമായ ഒരു കാടാണ്. പകല്‍ സമയത്തും ഭയങ്കര ഇരുട്ട്. മംഗളം, മനോരമ വാരികകളില്‍ കോട്ടയം പുഷ്പനാഥും കൂട്ടരും എഴുതി പടച്ചു വിടുന്ന ഹൊറര്‍ നോവലുകളിലെ ഒരു യക്ഷി മൂഡ് അവിടെ തളം കെട്ടി നിന്നിരുന്നു. ചീവീടുകളുടേയും വവ്വാലുകളുടേയും സംസ്ഥാന സമ്മേളനം നടക്കുന്ന പോലെ ആകെ കലപില. കാളകെട്ടി അല്‍പ്പം കൂടെ തുറസ്സായ സ്ഥലമാണ്. സ്വാമി അയ്യപ്പന്‍ മഹിഷിയെ ഭൂമിയില്‍ നിന്നും സ്കൂട്ടാക്കുന്നത് കാണാന്‍ പരമശിവന്‍ വന്നപ്പോള്‍ നന്ദിയെ കെട്ടിയ സ്ഥലമാണത്രേ കാളകെട്ടി. എരുമേലിയില്‍ നിന്നും നടന്ന് തുടങ്ങിയതില്‍ പിന്നെ മനസ്സമാധാനം എന്നൊന്ന് ഉണ്ടായിട്ടില്ല. ആള്‍പ്പെരുമാറ്റം വളരെ കുറവാണ്. ഇനി കാട്ടില്‍ ഒരു ജങ്‌ക്‍ഷന്‍ ഉള്ളത് അഴുതയിലാണെന്നും അവിടേക്ക് അധികം ദൂരം ഇല്ലെന്നും ഗുരു സ്വാമി പറഞ്ഞപ്പോള്‍ ഏറ്റവും പുറകിലായി നടക്കുന്ന ഹരിസ്വാമികള്‍ ഒരു ആത്മഗതം അല്‍പ്പം ഉറക്കെയായി പറത്തിവിട്ടു... "നടന്ന് നടന്ന് കാല് തേഞ്ഞു. അഴുതയില്‍ ചെരിപ്പ് കിട്ടുന്ന കടയുണ്ടാകുമോ എന്തോ".
അഴുതയിലെ പ്രത്യേകത എന്താണെന്നു വച്ചാല്‍, അടിഭാഗം നിറയെ ഉരുളന്‍ കല്ലുകള്‍ ആണ്. അഴുതാ നദിയില്‍ നടന്ന് നീങ്ങുക എന്നത് കാര്യമായി ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. എപ്പോഴാണ് ഉരുണ്ട കല്ലില്‍ ചവുട്ടി വെള്ളത്തിലേക്ക് കമിഴ്‌ന്ന് വീഴുന്നതെന്ന് അറിയില്ല. നീന്തല്‍ കാര്യമായി വശമില്ലാതിരുന്ന ഞാന്‍ എപ്പോഴും മാക്സിമം അരഭാഗം വരെ വെള്ളം ആകുന്നതു വരേയേ ഇറങ്ങൂ. എന്നിട്ടു കിട്ടുന്ന പുണ്യം ഒക്കെ മതി. അഴുതയില്‍ കുളിച്ച് കയറുന്ന നേരം നദിയില്‍ മുങ്ങി ആദ്യം കയ്യില്‍ തടയുന്ന കല്ല് എടുക്കണം. ആ കല്ല് മടിശ്ശീലയില്‍ കെട്ടി വച്ച് കല്ലിടും കുന്നില്‍ ചെന്ന് എറിയണം. മുങ്ങലും കല്ലെടുക്കലും കല്ലെറിയുന്നതും നമുക്ക് പ്രശ്നമല്ല. പക്ഷെ, മടിയില്‍ കെട്ടി വച്ച് കല്ലിടും കുന്ന് വരെ നടക്കുക എന്നത് ഭയാനകമായ ഒരു അവസ്ഥ തന്നെയാണ്. ഒരു കൈ കൊണ്ട് ഇരുമുടിക്കെട്ടും മറുകൈ കൊണ്ട് അരയില്‍ കെട്ടിയ ഈ കല്ലും താങ്ങി വേണം നടക്കാന്‍. കല്ലിന്റെ സൈസ് ഇവടെ ഒരു പ്രധാന ഫാക്‍ടര്‍ ആണ് എന്ന് എടുത്ത് പറയണ്ട കാര്യമില്ലല്ലൊ. അത്ര വലിയ പാപമൊന്നും നമ്മള്‍ ചെയ്തിട്ടില്ല എന്ന് ഉത്തമ ബോധ്യമുള്ള നമ്മള്‍ ഇവടെ ഒരു ചെറിയ ട്രിക്ക് എടുക്കും. കുളിക്കലും മദിക്കലും ഒക്കെ കഴിഞ്ഞാല്‍ പതുക്കെ കാലുകൊണ്ട് ഒരു ചെറിയ കല്ല് തപ്പി വിരലുകള്‍ക്കിടയില്‍ അഡ്‌ജസ്റ്റ് ചെയ്ത് വയ്ക്കും. ഗുരു സ്വാമി നോക്കി നില്‍ക്കുന്നത് കൊണ്ട് മുങ്ങിക്കിടന്ന് തപ്പാന്‍ പറ്റില്ല. മുങ്ങണം, കല്ലെടുക്കണം, അപ്പൊ തന്നെ പൊങ്ങണം... ഇതാണ് ഗുരുസ്വാമിയുടെ ഡിമാന്റ്. ആകെ കൂടെ ഒരു രണ്ട് സെക്കന്റ് കിട്ടും. കല്ല് തപ്പി എന്ന് ഗുരുസ്വാമിക്ക് തോന്നിയാല്‍ കഴിഞ്ഞു. പിന്നെ മൂപ്പരാള്‍ക്ക് തോന്നിയ കല്ലെടുപ്പിക്കും. അപ്പൊ പിന്നെ ഇതേ വഴിയുള്ളൂ. ഒറ്റ മുങ്ങല്‍... കൈകള്‍ കാലിന്റെ മേലേക്കൂടെ താഴേയ്ക്ക് ഇറക്കി നേരെ വിരലുകള്‍ക്കിടയിലേയ്ക്ക്. നമ്മള്‍ വിദഗ്ദമായി സെറ്റ്‌അപ്പ് ചെയ്തു വച്ച ആ ഉരുളന്‍ കല്ല് വിരലുകള്‍ക്കിടയില്‍ നിന്നും എടുത്ത് ഒറ്റ പൊങ്ങല്‍. നമ്മളും ഹാപ്പി, ഗുരുസ്വാമിയും ഹാപ്പി.
അഴുതയിലേയ്ക്ക് കുളിക്കാന്‍ ഇറങ്ങുന്നതിന് മുന്‍പേ ഹരിഹരന്‍ സ്വാമി പ്രഖ്യാപിച്ചു... "ഏറ്റവും ചെറിയ കല്ലേ ഞാന്‍ എടുക്കൂ. നിങ്ങള്‍ കണ്ടോ എന്റെ ബുദ്ധി". കന്നിസ്വാമി ആയതിന്റെ ഒരു അഹങ്കാരവും ഇല്ല. മണ്ടന്‍ തന്നെ, ഇതൊക്കെ കേട്ടാല്‍ ഗുരുസ്വാമി വിടുമോ... പുള്ളി ഇയാളുടെ പിന്നാലെ കൂടി. അങ്ങനെ കുളിയൊക്കെ കഴിഞ്ഞ് ഓരോരുത്തര്‍ ആയി കല്ലെടുത്ത് തുടങ്ങി. എല്ലാവരും ഒരു അഡ്‌ജസ്റ്റ്മെന്റിലാണ് കല്ലെടുക്കുന്നത്. കൂട്ടത്തിലെ മൂത്തവനായ ശ്രീധരസ്വാമികള്‍ സാമാന്യം തരക്കേടില്ലാത്ത ഒരു കല്ല് തന്നെ മുങ്ങി എടുത്തു. എല്ലാവരുടേയ്യും കണ്ണുകള്‍ ഹരിസ്വാമികളിലാണ്. കന്നിക്കെട്ടുകാരനായതുകൊണ്ട് നമ്മുടെ ഈ ട്രിക്ക് മൂപ്പര്‍ക്ക് നല്ല വശമില്ല. മൂപ്പര്‍ക്ക് ആരും പറഞ്ഞ് കൊടുത്തുമില്ല. അങ്ങനെ ഏകദേശം എല്ലാവരും കല്ലെടുത്ത് കഴിഞ്ഞു. ഗുരുസ്വാമിയുടെ കണ്ണുകള്‍ ഒന്ന് പാളിയ സമയം നോക്കി മൂപ്പര് മുങ്ങി... പൊങ്ങി. പൊങ്ങിയപാടെ മൂപ്പര്‍ ഒന്നുകൂടെ മുങ്ങാന്‍ ഒരു ശ്രമം നടത്തി. ഹരിസ്വാമികളുടെ പിന്നില്‍ തന്നെ നിന്നിരുന്ന ശ്രീധരസ്വാമികള്‍ ചാടിക്കയറി മൂപ്പരെ പിടിച്ച് പൊക്കി. പൊക്കി നോക്കിയപ്പോള്‍ മൂപ്പരുടെ രണ്ട് കയ്യിലും ഓരോ കല്ല്!!! അതിബുദ്ധി കാണിച്ചതാണ്... ഒരെണ്ണം വലുതായാല്‍ അത് കളഞ്ഞ് ചെറുത് എടുക്കാമെന്ന് വിചാരിച്ച പുള്ളിക്ക് കയ്യില്‍ കിട്ടിയത് രണ്ടും വലിയ കല്ല്. അതിലെ ഒരെണ്ണം കളയാന്‍ പോലും പുള്ളിക്ക് സമയം കിട്ടിയില്ല... ടൈമിംഗ് പോരാ. വീണ്ടും മുങ്ങാനുള്ള ശ്രമം ശ്രീധരസ്വാമികള്‍ ഇല്ലാതാക്കുകയും ചെയ്തു. മൂപ്പരുടെ രണ്ട് കയ്യും മുകളിലേയ്ക്ക് ഉയര്‍ത്തിപ്പിടിച്ച് ശ്രീധരസ്വാമികള്‍ ഉറക്കെ വിളിച്ചു... "ഹരിഹരന്‍ നായര്‍ സ്വാമിയേയ്...". മറ്റു പതിനെട്ട് തൊണ്ടകള്‍ അതേറ്റുപിടിച്ചു "ശരണമയ്യപ്പാ". അഴുതയില്‍ നിന്നും കല്ലിടുംകുന്നിലേയ്ക്കുള്ള ഏതാണ്ട് പന്ത്രണ്ട് കിലോമീറ്ററോളം ദൂരം രണ്ട് കല്ലും അരയെയില്‍ കെട്ടി പാടുപെട്ട് നടന്ന്, അവസാനം കല്ലിടും കുന്നില്‍ കല്ലെറിഞ്ഞ് കല്‍കൂമ്പാരത്തില്‍ നിന്നും ഇറങ്ങി വന്ന ഹരിസ്വാമിയോട് ഗുരുസ്വാമി പറഞ്ഞു... "ഗുരുസ്വാമിയെ ഹരിസ്വാമി ചതിച്ചാല്‍, ഹരിസ്വാമിയെ അയ്യപ്പസ്വാമി ചതിക്കും".
Subscribe to:
Post Comments (Atom)
9 comments:
"ഗുരുസ്വാമിയെ ഹരിസ്വാമി ചതിച്ചാല്‍, ഹരിസ്വാമിയെ അയ്യപ്പസ്വാമി ചതിക്കും". ഒരിക്കല്‍ കൂടെ ആ പതിനെട്ടു പടികളില്‍ കാല്‍ വക്കാനാനുള്ള പുണ്യം തേടി യാത്ര തിരിക്കുമ്പോള്‍ ഒരു ശബരിമല യാത്രയുടെ മങ്ങാത്ത ഓര്‍മ്മകള്‍. ബ്ലോഗ് സ്വാമികള്‍ക്കെല്ലാം വികടസ്വാമിയുടെ "അരവണപ്പായസം ഓണ്‍-ലൈന്‍"
ഇതിന് നാളികേരം ഞാന്‍ തന്നെ ഉടക്കാം...
ഠേ....!
ഹാസ്യരൂപേണയെങ്കിലും ശബരിമലയാത്രയും വിവരണവും ഭംഗിയായി അവതരിപ്പിച്ചു... അരവണപ്പായസം കിട്ടി.. സന്തോഷം....
സ്വാമി ശരണം
:)
അത് കലക്കി :)
കുറെ നാളായിട്ട് കാണാനില്ലയിരുന്നല്ലോ?
ഹരിഹരന്‍ നായര്‍ സ്വാമിയേ.. ശരണമയ്യപ്പാ..ഈ പോസ്റ്റ് മണ്ഡലകാലത്ത് തന്നെ പോസ്റ്റിയത് കലക്കി.
വികടസ്വാമിയെ..സംഗതി ശബരിമല യാത്രയാണെങ്കിലും, വായിച്ച് ചിരിച്ചുപോയി. നായര് പിടിച്ച് കല്ല്.
(അരവണപ്പായസ്സം ഓണ്‍ലൈനോ.. അമ്പോ അഴിമതി ഇവിടെയുംതുടങ്ങിയോ)
എന്റെ അഭിപ്രായത്തില്‍ ഹരിസ്വാമിയാണ് കുരുത്വം ഉള്ളവന്‍.. ഉള്ളകാര്യം മനസ്സില്ലിട്ടു കൊണ്ടല്ലല്ലൊ നടക്കുന്നത്, അത് അപ്പോള്‍ത്തന്നെ വിളിച്ചു പറയുന്നു, അതല്ലെ വേണ്ടത്, പലരും ചെയ്യാന്‍ മടിക്കുന്നതൊ അല്ലെങ്കില്‍ മറ്റുള്ളവര്‍ എന്തു കരുതുമെന്ന് വിചാരിച്ചിരിക്കും. ഇവിടെ ഹരിസ്വാമി മാതൃകയാണ് (ഒരു കാര്യത്തിലൊഴിച്ച് കല്ലെടുക്കല്‍ സംഭവം..!) വിശപ്പിന്റെ കാര്യവും ചെരുപ്പിന്റെ കാര്യവും നോക്കിയാല്‍ മതി...
ഹരിഹര സുധനേ ശരണമയ്യപ്പാ...സ്വാമി അടിയനെ കാത്തുകൊള്ളണെ..ഞാനും പോകുന്നുണ്ട് മലക്ക്...!
വികടവികടാനന്ദസ്വാമിയേയ്....തകര്‍ത്തൂൂടാാപ്പാ....
വികടസ്വാമീ...കലക്കീട്ടാ....
ഹാഹാ...രസിച്ചു വായിച്ചു, വിവരണങ്ങള്‍.
എന്നാലും നായരെ ക്കൊണ്ടു തന്നെ പുലിവാലു പിടിപ്പിച്ചല്ലോ.:)
http://keralaactors.blogspot.com/
Suhasini: Picture Gallery
Suhasini is the niece of renowned Indian actor Kamal Haasan, and the daughter of another popular actor Chaaru Haasan. In 1988, she married acclaimed filmmaker Mani Ratnam. They have a 15-year old son.
http://keralaactors.blogspot.com/
Thanxs for this beautiful information ...this is really very beautiful site..love to see your blog....!
Post a Comment